18 January 2026, Sunday

മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് നാളെ രാജകീയ വിടവാങ്ങല്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 25, 2025 9:18 pm

പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ കരുത്തിന്റെ പ്രതീകമായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് നാളെ രാജകീയമായ വിടവാങ്ങല്‍. ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും മികച്ച പോരാളി എന്ന ഖ്യാതിയോടെയാണ് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വിരമിക്കുന്നത്. ചണ്ഡീഗഡില്‍ നടക്കുന്ന ചടങ്ങുകളോടെയാണ് മിഗ് 21 പുതുതലമുറയ്ക്ക് വഴിമാറുന്നത്. ഫ്ലൈപാസ്റ്റ് ചടങ്ങില്‍ പാന്തേഴ്‌സ് എന്നറിയപ്പെടുന്ന 23 സ്ക്വാഡ്രണില്‍ ഉള്‍പ്പെട്ട ആറ് മിഗ് 21 വിമാനങ്ങള്‍ പങ്കെടുക്കും. സ്ക്വാഡ്രണ്‍ ലീഡര്‍ പ്രിയ ശര്‍മ്മ സംഘത്തെ നയിക്കും. ചടങ്ങില്‍ പങ്കെടുക്കുന്ന വിമാനങ്ങളെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മുഖ്യ അതിഥിയാകുന്ന ചടങ്ങില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി എന്നിവര്‍ പങ്കെടുക്കും. എ വൈ ടിപ്നിസ്, എസ് കൃഷ്ണസ്വാമി, എസ് പി ത്യാഗി, പി വി നായിക്, ബി എസ് ധനോവ, ആര്‍ കെ എസ് ഭദൗരിയ തുടങ്ങി ആറ് മുന്‍ വ്യോമസേനാ മേധാവികളും ചണ്ഡീഗഡില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. പുതിയ തലമുറ യുദ്ധവിമാനങ്ങളായ ജാഗ്വാര്‍, തേജസ് വിമാനങ്ങളും മിഗ് 21 വിമാനങ്ങളുടെ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമാകും.

1963ലാണ് മിഗ്-21 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. തുടര്‍ന്ന് 1980നുള്ളില്‍ ഇന്ത്യ വിവിധ മോഡലുകളിലായി 872 മിഗ് വിമാനങ്ങൾ വാങ്ങി. സോവിയറ്റ് യൂണിയനിലെ മിക്കോയാൻ‑ഗുരെവിച്ച് ഡിസൈൻ ബ്യൂറോ രൂപകല്പന ചെയ്ത സൂപ്പർസോണിക് ജെറ്റ് യുദ്ധ വിമാനവും ഇന്റർസെപ്റ്റർ വിമാനവുമാണ് മി​ഗ് 21. നാല് ഭൂഖണ്ഡങ്ങളിലായി ഏകദേശം 60 രാജ്യങ്ങൾ മിഗ്-21 പറത്തിയിട്ടുണ്ട്. വ്യോമയാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ട സൂപ്പർസോണിക് ജെറ്റ് വിമാനമാണിത്.

1971ലെ ഇന്ത്യ പാക് യുദ്ധത്തില്‍ നിര്‍ണായക പങ്കായിരുന്നു മിഗ് 21 വിമാനങ്ങള്‍ വഹിച്ചത്. 1971ലെ യുദ്ധത്തില്‍ പാകിസ്ഥാന്റെ കീഴടങ്ങലിന് പ്രധാന കാരണമായ ധാക്കയിലെ ഗവര്‍ണറുടെ വസതി ആക്രമണം നടത്തിയതും മിഗ്-21 വിമാനം ഉപയോഗിച്ചായിരുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധം, 2019ലെ ബലാക്കോട്ട് ആക്രമണം തുടങ്ങിയ ദൗത്യങ്ങളില്‍ നിര്‍ണായ പങ്കായിരുന്നു മിഗ് വിമാനങ്ങളുടേത്. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടെ പലതവണ അപകടങ്ങള്‍ക്ക് കാരണമായ മിഗ് 21 ന്റെ കാലപ്പഴക്കം ചര്‍ച്ചയായിരുന്നു.
ഉയര്‍ന്ന വേഗത, കൈകാര്യം ചെയ്യാനുള്ള എളുപ്പം എന്നിവയാണ് മിഗ് 21നെ വ്യോമസേനയുടെ പോര്‍മുഖമാക്കിയത്. നിരവധി പൈലറ്റുമാരെയും സാങ്കേതിക വിദഗ്ധരെയും പരിശീലിപ്പിച്ച മിഗ്-21 തദ്ദേശീയ വ്യോമയാന വ്യവസായത്തിന്റെ സാങ്കേതിക മുന്നേറ്റത്തിനും ഏറെ സഹായകരമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.