
ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ കിഴക്കൻ തീരത്ത് കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. ബോട്ട് മുങ്ങിയ വിവരമറിഞ്ഞ് ഡൊമിനിക്കൻ റിപ്പബ്ലിക്ക് അയച്ച രക്ഷാപ്രവർത്തകരാണ് ഏഴ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളിയാഴ്ച അമേരിക്കയുടെ കീഴിലുള്ള പ്രദേശമായ പ്യൂർട്ടോ റിക്കോയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് മുങ്ങിയതെന്ന് ഡൊമിനിക്കൻ സിവിൽ ഡിഫൻസ് അറിയിച്ചു.
ഇന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയെന്നും ഇതോടെ മൂന്ന് ദിവസം നീണ്ട രക്ഷാപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും സിവിൽ ഡിഫൻസ് പ്രവിശ്യാ ഡയറക്ടർ ഫെർണാണ്ടോ കാസ്റ്റില്ലോ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു കുട്ടി ഉൾപ്പടെ രക്ഷാപ്രവർത്തകർ 17 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ബോട്ടിൽ 40നും 50നും ഇടയിൽ ആളുകൾ ഉണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ട ആളുകൾ പറയുന്നത്. വെള്ളിയാഴ്ച ബോട്ട് മുങ്ങിയ സമയത്ത് വെള്ളത്തിൽ ജീവനോടെ നിരവധി പേരുണ്ടായിരുന്നു എന്നും രക്ഷപ്പെട്ടവർ പറയുന്നു.
എന്നാൽ കൃത്യമായ യാത്രക്കാരുടെ എണ്ണം അധികൃതർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വലിയ അളവിൽ പടർന്നു കിടക്കുന്ന കടൽപ്പായൽ, ശക്തമായ വേലിയേറ്റം എന്നിവയുൾപ്പെടെയുള്ള ദുഷ്‌കരമായ സാഹചര്യങ്ങളാണ് തിരച്ചിൽ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നത്. മരം കൊണ്ടോ ഫൈബർഗ്ലാസ് കൊണ്ടോ നിർമ്മിക്കുന്ന, പ്രത്യേക സുരക്ഷയൊന്നുമില്ലാത്ത “യോള” ബോട്ടിലാണ് കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് പ്യൂർട്ടോ റിക്കോയിലേക്കുള്ള ഒരു വൺവേ യാത്രയ്ക്ക് 7,000 ഡോളർ വരെയാണ് ഇവർ കടത്തുന്ന ആളുകൾക്ക് നൽകേണ്ടി വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.