17 December 2025, Wednesday

കേരളത്തില്‍ കേന്ദ്രത്തിന്റെ കുടിയിറക്ക്

പ്രാക്തന ഗോത്രവര്‍ഗക്കാരെയും ദരിദ്രകര്‍ഷകരെയും ഇറക്കിവിടും
കെ രംഗനാഥ്
ന്യൂഡല്‍ഹി
July 15, 2025 10:24 pm

വന്യജീവി സംരക്ഷണത്തിന്റെ മറവില്‍ കേരളത്തിലെ വനമേഖലകളില്‍ ആയിരക്കണക്കിന് ആദിവാസികളെയും മലയോര കര്‍ഷകരെയും കുടിയിറക്കാന്‍ കേന്ദ്ര പദ്ധതി. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 67 ആദിവാസി ഉന്നതികളിലെ 12,000ല്‍പരം പ്രാക്തന ഗോത്രവര്‍ഗക്കാരെയാണ് അവരുടെ ജന്മഭൂമിയില്‍ നിന്ന് ആട്ടിപ്പായിക്കുക. ഇതിനു പുറമെ 43 വയനാടന്‍ ഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിന് ദരിദ്ര കര്‍ഷകരെയും ഇറക്കിവിടും.
ഇന്ത്യയൊട്ടാകെയുള്ള 438 ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള മനുഷ്യരേയും വന്യജീവികള്‍ക്കുവേണ്ടി കുടിയൊഴിപ്പിക്കും. കേന്ദ്ര വനം മന്ത്രാലയവും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി തയ്യാറാക്കിയ വനപരിപാലന കാര്യക്ഷമതാ പഠന റിപ്പോര്‍ട്ട് സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. ഡോ. ഗൗതം താലുക്ക്ദാര്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ 21 സംരക്ഷിത വനങ്ങളാണുള്ളത്. ഇവയെല്ലാം ദേശീയോദ്യാനങ്ങളുമാണ്. ഇതില്‍ ഇരവികുളം, മതികെട്ടാന്‍ചോല, ചിന്നാര്‍ എന്നിവയ്ക്ക് ചുറ്റും നൂറുകണക്കിന് ആദിവാസി കുടുംബങ്ങളും മലയോര കര്‍ഷകരുമാണ് കാട്ടുമൃഗങ്ങളോടു പടവെട്ടി ജീവിക്കുന്നത്.

വന്യജീവി സംരക്ഷണത്തിനും വനപരിപാലനത്തിനും മനുഷ്യവാസ കേന്ദ്രങ്ങള്‍ തടസമാവുന്നു എന്ന വിചിത്ര ന്യായീകരണമാണ് കേന്ദ്രത്തിന്റേത്. മനുഷ്യവാസ മേഖലകളിലെ കന്നുകാലികളുടെ സാന്നിധ്യമാണ് വന്യജീവി ആക്രമണങ്ങള്‍ക്കുള്ള മറ്റൊരു കാരണമായി കുടിയൊഴിപ്പിക്കല്‍ പദ്ധതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ജൈവവൈവിധ്യം തകര്‍ക്കുന്ന അധിനിവേശ സസ്യമായ മഞ്ഞക്കൊന്നയുടെ നശീകരണം, ആനത്താരകളുടെ സംരക്ഷണം എന്നിവയും മനുഷ്യരെ കുടിയൊഴിപ്പിക്കാനുള്ള കാരണങ്ങളായി പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ആദിവാസികളെയും മലയോര കര്‍ഷകരെയും വനത്തിനു പുറത്തേക്ക് പുനരധിവസിപ്പിക്കാനുള്ള കേന്ദ്ര നിര്‍ദേശം.

ഗോത്രവര്‍ഗ ഊരുകളിലെ മിക്ക കുടുംബങ്ങള്‍ക്കും കൈവശഭൂമിയില്‍ പട്ടയമില്ല. പട്ടയമുള്ള കുടുംബങ്ങള്‍ക്കുമാത്രം 15 ലക്ഷം രൂപ വീതം നല്‍കി കുടിയൊഴിപ്പിക്കണമെന്ന നിര്‍ദേശം നടപ്പായാല്‍ നൂറുകണക്കിനു കുടുംബങ്ങള്‍ തങ്ങള്‍ പൊന്നാക്കിയ മണ്ണില്‍ നിന്നും വെറുംകയ്യോടെ കണ്ണീരോടെ ഇറങ്ങിപ്പോകേണ്ട ദുരന്തമാണുണ്ടാവുക. ഇടുക്കി അണക്കെട്ട് പ്രദേശത്തിന് വനമേഖലയുമായുള്ള ബന്ധം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ആ മേഖലയിലെ 12 ഗ്രാമങ്ങളെ ഒഴിപ്പിച്ച് കോട്ടയം ഫോറസ്റ്റ് ഡിവിഷനുമായി ചേര്‍ത്ത് ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കണമെന്നും പദ്ധതിയില്‍ നിര്‍ദേശിക്കുന്നു. കുറിഞ്ഞിമല വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള 30% ഒഴിപ്പിക്കണം. നെയ്യാര്‍ വന്യജീവിസങ്കേതത്തിലെ 19 മനുഷ്യവാസ കേന്ദ്രങ്ങളും റോഡുകളും റബ്ബര്‍ പ്ലാന്റേഷനുകളും ഏറ്റെടുത്ത് വനമാക്കണം. തട്ടേക്കാട് പക്ഷിസങ്കേതത്തിനു ചുറ്റുമുള്ള 10.17 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഭൂമിയും വനത്തോട് ചേര്‍ക്കണം. ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ പെട്ടിമുടിയിലേക്കും കണ്ണന്‍ദേവന്‍ എസ്റ്റേറ്റിലേക്കുമുള്ള റോഡുകള്‍ വനത്തിനു പുറത്തു മാറ്റിസ്ഥാപിക്കണം. ചിന്നാര്‍ വന്യജീവി സങ്കേത്തിലെ നക്ഷത്ര ആമകളുടെയും ചാമ്പല്‍ മലയണ്ണാന്റെയും സംരക്ഷണത്തിന് ഈ പ്രദേശത്തിനു ചുറ്റുമുള്ള മനുഷ്യരെ മാറ്റിപാര്‍പ്പിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ധാരാളമുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിക്കുന്ന അടിയന്തര നടപടികളുണ്ടാകാം. കേന്ദ്രത്തിന്റെ മനുഷ്യദ്രോഹപരമായ ഈ പദ്ധതി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ഉള്‍വനങ്ങള്‍ പ്രതിഷേധജ്വാലയില്‍ കത്തിക്കാളുമെന്നു തീര്‍ച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.