
കഴിഞ്ഞ കാലങ്ങളിലെ ദുരന്തഘട്ടങ്ങളിലെ സേവനത്തിനായി സൈന്യത്തിന് സംസ്ഥാന സർക്കാർ നൽകേണ്ട തുക മുണ്ടക്കൈ — ചൂരൽമല പുനരധിവാസത്തിനായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി. സൈന്യം നൽകിയ ബിൽ തുകയായ 120 കോടി രൂപ പുനരധിവാസത്തിനായി ചെലവഴിക്കാനാണ് ഡിവിഷൻ ബെഞ്ചിന്റെ അനുമതി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സർക്കാരിന് അനുമതി നൽകിയത്. മുണ്ടക്കൈ — ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യം ആഭ്യന്തര, ധന മന്ത്രാലയങ്ങൾ തമ്മിൽ ചർച്ച ചെയ്യുകയാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ സമ്മർദം ചെലുത്താമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ വിശദീകരിച്ചു. ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതി നിർമ്മാണം പുരോഗമിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മുതൽ വയനാട്ടിലെ കള്ളാടി വരെ നീളുന്ന നാല് വരി തുരങ്കപാതയ്ക്ക് ജൂൺ 17ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയെന്നും അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. തുരങ്കപാതയുടെ പദ്ധതി റിപ്പോർട്ട് അമിക്കസ് ക്യൂറി രഞ്ജിത് തമ്പാന് നൽകാൻ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഉരുൾപൊട്ടൽ മേഖലയിലെ അവശിഷ്ടങ്ങൾ നീക്കുന്നതിന്റെ ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിച്ചു. ഹർജി ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, പി എം മനോജ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.