
മിൽമ ഉല്പന്നങ്ങളുടെ വിപണി വർധിപ്പിക്കുന്നതിന്റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും ‘മിൽമ കൗ മിൽക്ക്’ ഒരു ലിറ്റർ ബോട്ടിൽ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ (ടിആർസിഎംപിയു) വിപണിയിലിറക്കി. ‘മിൽമ കൗ മിൽക്ക്’ ഒരു ലിറ്റർ ബോട്ടിലിന്റെ ഉദ്ഘാടനവും പ്രകാശനവും മൃഗസംരക്ഷണ‑ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. പാലിന്റെ തനത് ഗുണമേന്മയും സ്വാഭാവിക തനിമയും നിലനിർത്തുന്ന പ്രോട്ടീൻ സമ്പുഷ്ടമായ ‘മിൽമ കൗ മിൽക്ക്’ ഒരു ലിറ്റർ ബോട്ടിലിന് 70 രൂപയാണ് വില.
മിൽമ കൗ മിൽക്ക് ഒരു ലിറ്റർ ബോട്ടിൽ പദ്ധതി നടപ്പിലാക്കുന്നതോടു കൂടി പ്ലാസ്റ്റിക്ക് കവറുകളുടെ ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് വില്പന. തുടർന്ന് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കും വിതരണം വ്യാപിപ്പിക്കും. വൈവിധ്യമാർന്ന പദ്ധതികൾ നടപ്പിലാക്കിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം ചരിത്രത്തിലാദ്യമായി 39 കോടി രൂപയുടെ ലാഭം കൈവരിക്കാൻ ടിആർസിഎംപിയുവിന് കഴിഞ്ഞു. ഇതിന്റെ 83 ശതമാനവും ഇൻസെന്റീവ്, സബ്സിഡി, കാലിത്തീറ്റ സബ്സിഡി, പലിശ ഇളവ് തുടങ്ങിയവയിലൂടെ ക്ഷീരകർഷകർക്ക് നല്കി. കന്നുകാലികൾക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയുടെ ആദ്യഗഡുവായ 50 ലക്ഷം രൂപ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ക്ഷീരകർഷകരുടെ ചികിത്സാ ചെലവുകൾക്കായി രണ്ട് ലക്ഷം രൂപ വരെയും അപകടങ്ങളിൽ ഏഴ് ലക്ഷം രൂപ വരെയും നല്കുന്നുണ്ട്. കർഷകരുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ക്ഷേമബോർഡ് സ്കോളർഷിപ്പുകൾ, വിവാഹധനസഹായം എന്നിവയും നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ പാൽ ഉല്പാദന ക്ഷമതയിൽ കേരളത്തിലെ പശുക്കൾക്ക് രണ്ടാം സ്ഥാനമുണ്ട്. തൊണ്ണൂറ്റി അഞ്ച് ശതമാനം കർഷകരും ഉല്പാദന ക്ഷമത കൂടിയ സങ്കരയിനം പശുക്കളെയാണ് വളർത്തുന്നത്. ഉല്പാദനം കുറവാണെങ്കിലും വിപണിമൂല്യമുള്ള പാൽ ഉല്പാദിപ്പിക്കുന്ന തനത് ഇനങ്ങളേയും വെച്ചൂർ, കാസർകോട് കുള്ളൻ പോലെയുള്ള ഇനങ്ങളെയും കേരളത്തിൽ വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ മൃഗസംരക്ഷണ‑ക്ഷീര വികസന വകുപ്പ് നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മിൽമയുടെ മാർക്കറ്റിങ് രംഗത്തെ ഇടപെടൽ അഭിനന്ദനാർഹമാണെന്നും വിശ്വാസ്യതയാണ് മിൽമയുടെ മുഖമുദ്രയെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്തേക്കുള്ള വിദേശ പാൽ ഇറക്കുമതി അനുവദിക്കാൻ കഴിയില്ല. ഇത് സംസ്ഥാനത്തെ ക്ഷീരകർഷകരെ നേരിട്ട് ബാധിക്കുകയും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും ഇത് ആക്കം കൂട്ടും. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര ഉല്പന്നങ്ങളുമായി മത്സരിക്കാൻ കഴിയുന്നതും തദ്ദേശീയവുമായ പുതിയ ഉല്പങ്ങൾ വിപണിയിലെത്തിക്കേണ്ടതുണ്ട്. നൂതന ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന മിൽമ ഇക്കാര്യത്തിൽ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിആർസിഎംപിയു ചെയർമാൻ മണി വിശ്വനാഥ് സ്വാഗതം പറഞ്ഞു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ടിആർസിഎംപിയു ഭരണസമിതി അംഗങ്ങളായ കെ ആർ മോഹനൻ പിള്ള, ടി കെ വേണുഗോപാൽ, ആയാപറമ്പ് രാമചന്ദ്രൻ, ടി കെ പ്രതുലചന്ദ്രൻ, സിനില ഉണ്ണികൃഷ്ണൻ, ടിആർസിഎംപിയു മാനേജിങ് ഡയറക്ടർ മുഹമ്മദ് അൻസാരി സി എ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 2024–2025 വർഷത്തിൽ മികച്ച വില്പന കൈവരിച്ച മിൽമ ഏജന്റുമാർ, മൊത്ത വിതരണ ഏജന്റുമാർ, റി-ഡിസ്ട്രിബ്യൂട്ടർ, ആപ്കോസ്, പാർലർ എന്നിവരെ പാരിതോഷികം നൽകി ആദരിച്ചു.
തിരഞ്ഞെടുത്ത ക്ഷീര സംഘങ്ങളിൽ നിന്നും മിൽമ നേരിട്ട് സംഭരിക്കുന്ന ശുദ്ധമായ പശുവിൻ പാലിൽ നിന്നും ഉണ്ടാക്കുന്ന മിൽമ കൗ മിൽക്കിൽ 3.2 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖര പദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഉയർന്ന ഗുണമേൻമയുള്ള ഫുഡ്ഗ്രേഡ് പ്ലാസ്റ്റിക്ക് ബോട്ടിലാണ് പാക്കിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. ശീതികരിച്ച് സൂക്ഷിച്ചാൽ മൂന്നു ദിവസം വരെ മിൽമ കൗ മിൽക്ക് കേടു കൂടാതിരിക്കും. നവീന പാക്കിങ് സംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആവശ്യാനുസരണം സൂക്ഷിക്കാം, ഉപയോഗിക്കാം, എളുപ്പത്തിൽ കൈകാര്യം ചെയ്യാം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.