28 December 2025, Sunday

Related news

November 17, 2025
November 5, 2025
November 4, 2025
October 11, 2025
September 25, 2025
September 15, 2025
September 6, 2025
August 23, 2025
August 19, 2025
August 19, 2025

മിൽമയ്ക്ക് വീണ്ടും ദേശീയ അംഗീകാരം

ഗോപാൽ രത്ന പുരസ്കാരം മിൽമ മലബാർ യൂണിയന്റെ രണ്ട് അംഗസംഘങ്ങൾക്ക്
Janayugom Webdesk
തിരുവനന്തപുരം
November 17, 2025 8:38 pm

ക്ഷീരമേഖലയിലെ മികച്ച സംഭാവനകൾക്കുള്ള പരമോന്നത ബഹുമതിയായ ദേശീയ ഗോപാൽ രത്ന പുരസ്കാരങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ മിൽമ മലബാർ മേഖലാ യൂണിയന്റെ അംഗസംഘങ്ങൾക്ക് ലഭിച്ചു. മികച്ച ക്ഷീര സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ കേരളത്തിന് ഇത് അഭിമാനകരമായ നേട്ടമാണ്.
വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തിനാണ് ഒന്നാം സ്ഥാനം. പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപതി ക്ഷീരോല്പാദക സഹകരണ സംഘം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം അഞ്ച് ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയും പുരസ്കാര തുകയായി ലഭിക്കും.
ക്ഷീരമേഖലയിലെ മികച്ച സംഭാവനകൾക്ക് രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയുടെ കീഴിൽ കേന്ദ്ര സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ദേശീയ ബഹുമതികളിൽ ഒന്നാണിത്. ഈ വർഷം ലഭിച്ച 2,081 അപേക്ഷകളിൽ നിന്നാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്. മുൻവർഷങ്ങളിലും മലബാർ മിൽമയുടെ അംഗ സംഘങ്ങൾക്ക് ദേശീയ ഗോപാൽ രത്ന പുരസ്കാരം ലഭിച്ചിരുന്നു. മലബാർ മേഖലാ യൂണിയന്റെ അംഗ സംഘങ്ങളായ വയനാട് ജില്ലയിലെ ദീപ്തിഗിരി ക്ഷീര സംഘത്തിന് 2021ൽ രണ്ടാം സ്ഥാനവും, മാനന്തവാടി, പുല്പള്ളി ക്ഷീര സംഘങ്ങൾക്ക് യഥാക്രമം 2022, 2023 വർഷങ്ങളിൽ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. കേരളത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെ ഈ മേഖലയിലെ ചിട്ടയായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
26ന് നടക്കുന്ന ദേശീയ ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിങ് (ലാലൻ സിങ്) പുരസ്കാരങ്ങൾ സമ്മാനിക്കും. സഹമന്ത്രിമാരായ പ്രൊഫ. എസ് പി സിങ് ബാഗേൽ, ജോർജ് കുര്യൻ എന്നിവർ സന്നിഹിതരാകും. പ്രതിദിനം 17,500 ലിറ്റർ പാൽ സംഭരിക്കുന്ന വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ഭാരവാഹികൾ ജയൻ പി പി (പ്രസിഡന്റ്), മാത്യു കെ ബി (സെക്രട്ടറി) എന്നിവരാണ്. പ്രതിദിനം 28,500 ലിറ്റർ പാൽ സംഭരിക്കുന്ന പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപതി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ഭാരവാഹികൾ ആനന്ദ് സി (പ്രസിഡന്റ്), ജയപ്രകാശ് (സെക്രട്ടറി) എന്നിവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.