
മിൽമ (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ) യുടെ പേരിനോടും രൂപകൽപ്പനയോടും സാമ്യതയുള്ള ഉത്പന്നങ്ങളുടെ വിപണനത്തിൽ ഏർപ്പെട്ട സ്വകാര്യ ഡെയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് മിൽന എന്ന സ്ഥാപനത്തിന് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്.
മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാലും പാൽ ഉൽപന്നങ്ങളും വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും സ്ഥാപനത്തെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉൾപ്പെടെ അടയ്ക്കാൻ സ്ഥാപനത്തിന് നിർദ്ദേശം നൽകി.
മിൽമയ്ക്ക് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്നും മിൽമയുടെ ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികൾ ഉണ്ടായാൽ ഇനിയും കർശന നടപടി കൈക്കൊള്ളുമെന്നും മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു. കേരളത്തിലെ ക്ഷീരകർഷകരുടെ പ്രസ്ഥാനമായ മിൽമ വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തന്നെ വാങ്ങി ഉപയോഗിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.