12 January 2026, Monday

മിനിമം വേതന നിർണയം; മാനദണ്ഡം അപര്യാപ്തം

കാലഹരണപ്പെട്ട സൂത്രവാക്യമെന്ന് സാമ്പത്തിക വിദഗ്ധർ
Janayugom Webdesk
ന്യൂഡൽഹി
January 6, 2026 9:51 pm

കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വേതന കോഡ് കരട് ചട്ടങ്ങളിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം നിര്‍ണയത്തിനെതിരെ വ്യാപക വിമർശനം. വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങിയ അത്യാവശ്യ ഘടകങ്ങൾക്കായി വേതനത്തിന്റെ 25 % മാത്രം മാറ്റിവയ്ക്കാനുള്ള നിര്‍ദേശം നിലവിലെ ജീവിത സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലെന്ന് തൊഴിൽ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമപ്രകാരം ഒരു തൊഴിലാളി കുടുംബത്തെ മൂന്ന് ഉപഭോഗ യൂണിറ്റുകളായാണ് കണക്കാക്കുന്നത്. തൊഴിലാളിക്ക് ഒരു യൂണിറ്റും, ഭാര്യയ്ക്ക് 0.8 യൂണിറ്റും, രണ്ട് കുട്ടികൾക്ക് 0.6 വീതം യൂണിറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഒരു യൂണിറ്റിന് പ്രതിദിനം 2,700 കലോറി ആഹാരം ഉറപ്പാക്കണം, ഒരു കുടുംബത്തിന് പ്രതിവർഷം 66 മീറ്റർ വസ്ത്രം, വീട്ടുവാടകയായി ഭക്ഷണത്തിനും വസ്ത്രത്തിനുമായി ചെലവാകുന്ന തുകയുടെ 10 %. ഇന്ധനം, വൈദ്യുതി തുടങ്ങിയ മറ്റ് ചെലവുകള്‍ക്കായി വേതനത്തിന്റെ 20 %, കുട്ടികളുടെ പഠനം, ചികിൽസ, വിനോദം, അടിയന്തര സാഹചര്യങ്ങൾ എന്നിവയ്ക്കായി വേതനത്തിന്റെ 25 % എന്നിങ്ങനെയാണ് വേതനം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ.

1957‑ലെ ഇന്ത്യൻ ലേബർ കോൺഫറൻസ് നിര്‍ദേശിച്ച കാലഹരണപ്പെട്ട ഫോർമുലയാണ് സർക്കാർ ഇപ്പോഴും പിന്തുടരുന്നതെന്ന് വിദഗ്ധർ ആരോപിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിന്ന് സർക്കാർ പിൻവാങ്ങുകയും സ്വകാര്യവൽക്കരണം കൂടുകയും ചെയ്ത സാഹചര്യത്തിൽ 25 % വിഹിതം ഒന്നിനും തികയില്ലെന്ന് പ്രൊഫ. അമിതാഭ് കുണ്ടു ചൂണ്ടിക്കാട്ടി. ആറ് പതിറ്റാണ്ട് മുൻപത്തെ കലോറി ഉപഭോഗം മാത്രം അടിസ്ഥാനമാക്കി വേതനം നിശ്ചയിക്കുന്നത് പുനഃപരിശോധിക്കണമെന്ന് സാമ്പത്തിക വിദഗ്ധനായ സുനില്‍ റേ ആവശ്യപ്പെട്ടു.
തറ വേതനം നിശ്ചയിക്കുന്നതിൽ വ്യക്തമായ മുൻഗണനകൾ കരടിൽ പറയുന്നില്ല. സംസ്ഥാനങ്ങൾ നിശ്ചയിക്കുന്ന മിനിമം വേതനം കേന്ദ്രം പ്രഖ്യാപിക്കുന്ന തറ വേതനത്തേക്കാൾ താഴെയാകാൻ പാടില്ലെങ്കിലും, ഇത് പ്രായോഗികമാക്കുന്നതിൽ അവ്യക്തതയുണ്ട്. വിലക്കയറ്റത്തിന് അനുസരിച്ച് ചെറിയ ക്രമീകരണങ്ങൾ വരുത്തുന്നതല്ലാതെ, കാലാനുസൃതമായി മിനിമം വേതനം പരിഷ്കരിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാകാറില്ലെന്ന് പ്രൊഫ. കെ ആർ ശ്യാം സുന്ദർ ചൂണ്ടിക്കാട്ടി.

കേന്ദ്ര ഉപദേശക സമിതിയുമായി ആലോചിച്ച് കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ തറ വേതനം നിശ്ചയിക്കുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ, അവശ്യ സേവനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പുതിയ സൂത്രവാക്യം തൊഴിലാളികളെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.