
രാജസ്ഥാനിൽ അനധികൃത ഖനനം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ഔദ്യോഗിക കണക്കുകൾ. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് 71,322 അനധികൃത ഖനന കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ പകുതിയിലധികവും (40,175 കേസുകൾ) അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ആരവല്ലി മലനിരകൾ ഉൾപ്പെടുന്ന ജില്ലകളിലാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂളിയുടെ ചോദ്യത്തിന് മറുപടിയായി സംസ്ഥാന സർക്കാർ നിയമസഭയിൽ സമർപ്പിച്ച കണക്കുകളിലാണ് ഖനന മാഫിയയുടെ കടന്നുകയറ്റം വ്യക്തമാക്കുന്നത്.
2024ൽ മാത്രം ഖനന മാഫിയ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും നേരെ 93 ആക്രമണങ്ങൾ നടത്തി. 311 ഉദ്യോഗസ്ഥർക്കാണ് ഇത്തരത്തിൽ പരിക്കേറ്റത്. ആകെ കേസുകളിൽ 7,173 എണ്ണത്തിൽ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഭൂരിഭാഗം കേസുകളും പിഴ (ചലാൻ) ഈടാക്കി ഒതുക്കിത്തീർക്കുകയായിരുന്നു. അനധികൃത ഖനനത്തെച്ചൊല്ലി ബിജെപി-കോൺഗ്രസ് തർക്കവും രൂക്ഷമാണ്. കോൺഗ്രസ് ഭരണകാലത്ത് (2018–2023) ആരവല്ലിയിൽ 29,209 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ബിജെപി സർക്കാരിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ഇത് 10,966 ആയി കുറഞ്ഞുവെന്ന് ബിജെപി വക്താവ് രാംലാൽ ശർമ്മ അവകാശപ്പെട്ടു. ആരവല്ലിയിലെ ഒരു കല്ല് പോലും അനധികൃതമായി നീക്കം ചെയ്യാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ആരവല്ലി മലനിരകളുടെ നാശം തടയാൻ പുതിയ ഖനന ലൈസൻസുകൾ അനുവദിക്കുന്നത് കേന്ദ്ര സർക്കാർ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. രാജസ്ഥാൻ ഉൾപ്പെടെ ആരവല്ലി കടന്നുപോകുന്ന നാല് സംസ്ഥാനങ്ങൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള ഖനികൾക്ക് പ്രവർത്തിക്കാമെങ്കിലും പുതിയ കരിങ്കൽ ക്വാറികൾക്കോ മറ്റ് ഖനന പ്രവർത്തനങ്ങൾക്കോ ഇനി അനുമതി ലഭിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.