
ആലപ്പുഴയിൽ നടന്നു വരുന്ന സിപിഐ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തന്റെ എളിയ സംഭാവനയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും. സമ്മേളന ഫണ്ടിലേയ്ക്കുള്ള ഹുണ്ടികയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആലപ്പുഴയിൽ തീവണ്ടിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങവെയാണ് അടുത്ത സീറ്റിലുണ്ടായിരുന്ന ഗണേഷ് കുമാർ കാര്യം തിരക്കി തന്റെ വിഹിതം ഹുണ്ടികയിൽ നിക്ഷേപിച്ചത്.
സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കായി തിരുവനന്തപുരത്തു നിന്ന് ഇന്നലെ വൈകിട്ട് 6 നാണ് ബിനോയ് വിശ്വം വന്ദേഭാരതിൽ ആലപ്പുഴയിലെത്തിയത്. ഇതേ ട്രെയിനിൽ എറണാകുളത്തേക്ക് പോവുകയായിരുന്നു മന്ത്രി. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രനും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു. എല്ലാവരും ഇ‑1 കോച്ചിലെ യാത്രക്കാരായിരുന്നു. പതിവില്ലാതെ ഹുണ്ടികയുമായി ബിനോയ് വിശ്വത്തെ കണ്ടപ്പോഴാണ് തന്റെ വിഹിതവും ഇരിക്കട്ടെയെന്നു പറഞ്ഞ് ഗണേഷ് സംഭാവനയിട്ടത്. കേരള കോൺഗ്രസ്-ബി സംസ്ഥാന ട്രഷററും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ കെ എസ് ബാലഗോപാലും ഇവർക്കു സമീപമുണ്ടായിരുന്നു. മന്ത്രിക്കു പിന്നാലെ ബാലഗോപാലും ഹുണ്ടികയിൽ തന്റെ വിഹിതമിട്ടു.
ആലപ്പുഴ ജില്ലയിലെ 16 സിപിഐ മണ്ഡലം കമ്മിറ്റികളും കേന്ദ്രീകരിച്ച് മാസങ്ങൾക്കു മുമ്പേ ഹുണ്ടികകൾ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ നൽകിയിരുന്നു. പണമടങ്ങിയ ഹുണ്ടികകൾ ഇതിനകം സംഘാടക സമിതി തിരികെ ശേഖരിക്കുകയും ചെയ്തിരുന്നു. സമ്മേളന നടത്തിപ്പിനായി വേണ്ടി വരുന്ന ചെലവിൽ നല്ലൊരു പങ്കും ഈ തുകയാണ്. ഹുണ്ടികകൾ പ്രവർത്തകരുടെ വീടുകളിൽ നൽകിയ വേളയിൽ അതിലൊന്ന് ബിനോയ് വിശ്വവും വാങ്ങി തന്റെ വീട്ടിൽ സ്ഥാപിച്ച് ചെറിയ തുകകൾ നിക്ഷേപിച്ചിരുന്നു. ആ ഹുണ്ടികയാണ് ഇന്നലെ തിരികെ കൊണ്ടുവന്നത്. ഹുണ്ടികയിൽ തുകയിട്ട ശേഷം ഈ മാസം 12 വരെ നീളുന്ന സമ്മേളനത്തിന് തന്റെ പാർട്ടിയുടെ വിജയാശംസ നേരാനും മന്ത്രി മറന്നില്ല.
മെഗാ തിരുവാതിരയും വടംവലിയും ഇന്ന്
സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിന് സമീപം കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ മെഗാ തിരുവാതിര അവതരിപ്പിക്കും. മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും.
വൈകിട്ട് നാലിന് നാടകത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സെമിനാർ വി കെ ശ്രീരാമൻ ഉദ്‌ഘാടനം ചെയ്യും. സി രാധാകൃഷ്ണൻ, കുക്കു പരമേശ്വരൻ, കരിവെള്ളൂർ മുരളി, പ്രമോദ് പയ്യന്നൂർ, ബൈജു ചന്ദ്രൻ, ജയസോമ, സുദർശനൻ വർണം, പി ഡി കോശി എന്നിവർ പങ്കെടുക്കും. കെപിഎസി സെക്രട്ടറി എ ഷാജഹാൻ അധ്യക്ഷനായിരിക്കും. ഏഴ് മണിക്ക് റിയൽ വ്യൂ ക്രിയേഷൻസ് അവതരിപ്പിക്കുന്ന തോപ്പില്‍ ഭാസിയുടെ ഷെൽട്ടർ നാടകം.
സി കെ ചന്ദ്രപ്പന്‍ മെമ്മോറിയല്‍ അഖില കേരള വടം വലി മത്സരം ഇന്ന് വൈകുന്നേരം നാലിന് വയലാര്‍ കൊല്ലപ്പള്ളി ക്ഷേത്ര മൈതാനത്ത് നടക്കും. ഒന്നാംസമ്മാനം 10,001 രൂപയും രണ്ടാം സമ്മാനം 5,001 രൂപയുമാണ്. വിജയികള്‍ക്കുള്ള സമ്മാനദാനം 12ന് അതുല്‍കുമാര്‍ അഞ്ജാന്‍ നഗറില്‍ (ആലപ്പുഴ ബീച്ചില്‍) പൊതുസമ്മേളന വേദിയില്‍ നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.