
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അനുശോചനം രേഖപ്പെടുത്തി. ആധുനിക കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലെ അവസാന കണ്ണികളിലൊന്നാണ് വിടവാങ്ങിയതെന്ന് മന്ത്രി പറഞ്ഞു.
“ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ ആത്മത്യാഗപരമായ സംഭാവനകൾ അർപ്പിച്ച് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലെ അവസാന കണ്ണികളിൽ ഒന്നുകൂടി നമ്മെ വിട്ടു പോവുകയാണ് — സഖാവ് വിഎസ് അച്യുതാനന്ദൻ വിടവാങ്ങിയിരിക്കുന്നു. രാജവാഴ്ചക്കാലത്ത് ഫ്യൂഡൽ മാടമ്പി മാരുടെ കൊടിയ ചൂഷണത്തിനും മർദ്ദനത്തിനും എതിരെ കർഷകത്തൊഴിലാളികളെയും മറ്റു മർദ്ദിത ജനവിഭാഗങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഉജ്ജ്വല പോരാട്ടങ്ങളിലൂടെയാണ് വിഎസ് ചെറുപ്രായത്തിൽ രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്നുവരുന്നത്. കുട്ടിക്കാലത്തെയുള്ള അച്ഛൻ്റെ മരണവും കടുത്ത ജീവിതക്ലേശങ്ങളും എല്ലാം അദ്ദേഹത്തെ ഉലയിലൂതി എടുത്ത ആയുധം കണക്കെ കരുത്തനാക്കി. പിൽക്കാലത്ത് കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും എല്ലാം ആയി ഉയർന്നപ്പോഴും ജീവിതാനുഭവങ്ങളിലൂടെ സ്വാംശീകരിച്ച വർഗ്ഗ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ചു അദ്ദേഹം. മർദ്ദിതരോടും ചൂഷിതരോടും ഉള്ള പക്ഷപാതം പോലെ ഉയർന്ന പാരിസ്ഥിതി കാവബോധം, സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും വേണ്ടിയുള്ള നിലപാടുകൾ എന്നിവയെല്ലാം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ആ സ്മരണകൾക്ക് മുന്നിൽ ആദരപൂർവ്വം തലകുനിക്കുന്നു. കേരള ജനതയ്ക്കൊപ്പം ആ ദുഃഖത്തിൽ പങ്കുചേരുന്നു.”
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.