
പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും വേദിയായി മാറുകയാണ് രാജ്യാന്തര ചലച്ചിത്രമേളയെന്ന് മന്ത്രി സജി ചെറിയാന്‍.സാംസ്കാരിക കേരളം ഒന്നടങ്കംഅതിജീവിതയ്ക്കൊപ്പം ഉണ്ടെന്ന ഉറച്ച പ്രഖ്യാപനമാണ് ഉദ്ഘാടനവേദിയില്‍ ഉണ്ടായത്. പെൺപോരാട്ടങ്ങൾക്ക് എന്നും പ്രചോദനവും മാതൃകയുമായിട്ടുള്ള മലയാളത്തിന്റെ പ്രിയ നടിക്കൊപ്പമാണ് കേരളവും സംസ്ഥാന സർക്കാരുമെന്ന് സാംസ്കാരിക വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
ഐഎസ് തീവ്രവാദികളുടെ ക്രൂരമായ ആക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടിട്ടും സിനിമയെ ആയുധമാക്കി അനീതിക്കെതിരെ പൊരുതുന്ന കുർദിഷ് സംവിധായിക ലിസ ചെലാന് ആദ്യത്തെ സ്പിരിറ്റ് ഓഫ് സിനിമാ പുരസ്കാരം സമ്മാനിച്ച നിമിഷം മേളയുടെ രാഷ്ട്രീയ നിലപാട് കൂടുതൽ വ്യക്തമായി.ഈ വേദിയിൽ തലയുയർത്തി നിന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടി ചടങ്ങിന് ആവേശം പകർന്നു. സമൂഹത്തിലെ അനീതികൾക്കെതിരെ പോരാടുന്ന വനിതാ ചലച്ചിത്രപ്രവർത്തകരെ ആദരിക്കാനായി ഏർപ്പെടുത്തിയ ഈ പുരസ്കാരം ഐഎഫ്എഫ്കെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ തുടർച്ചയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള 30 വർഷം പൂർത്തിയാക്കുന്ന അഭിമാനമാണ് സർക്കാരിനും സാംസ്കാരികവകുപ്പിനും ചലച്ചിത്ര അക്കാദമിക്കുമുള്ളത്. രാജ്യത്ത് 30 എഡിഷൻ പൂർത്തിയാക്കുന്ന ഏക ചലച്ചിത്രമേളയാണ് ഐഎഫ്എഫ്കെ. കൊൽക്കത്ത ചലച്ചിത്രമേള 30 വർഷമായെങ്കിലും ജനപങ്കാളിത്തം ഉറപ്പാക്കിയിട്ട് ഒന്നരവർഷമേ ആയിട്ടുള്ളൂ. ഏകാധിപത്യ വർഗീയ ഫാസിസ്റ്റുകളെ തടയാനും അതുവഴി വിശാല മാനവികതയുടെ സന്ദേശം പരത്താനും ഉതകുന്ന സാംസ്കാരിക പ്രതിരോധ പരിപാടിയാണ് ഐഎഫ്എഫ്കെയെന്നും മന്ത്രി സജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.