22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 14, 2024
September 2, 2024
July 19, 2024
July 19, 2024
July 3, 2024
June 24, 2024
June 23, 2024
June 22, 2024
June 2, 2024
June 2, 2024

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം 
October 14, 2024 4:23 pm

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി . നിയമസഭയില്‍ കെ ജെ മാക്‌സിഎംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. എറണാകുളം ജില്ലയിലെ സ്വകാര്യ പ്ലേ സ്‌കൂളായ മട്ടാഞ്ചേരി സ്മാര്‍ട്ട് കിഡ്‌സ് പ്ലേസ്‌കൂളിലെ ടീച്ചര്‍ ചോദിച്ച ചോദ്യത്തിന് മൂന്നരവയസുള്ള കുട്ടി ടീച്ചര്‍ ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ലെന്ന കാരണത്താല്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു.

കുട്ടിയുടെ വളര്‍ച്ചയും വികാസവും സംബന്ധിച്ച് യാതൊരു ബോധവുമില്ലാതെ യാതൊരു പരിശീലനവും ലഭിക്കാത്തവരാണ് പല സ്വകാര്യ സ്‌കൂളുകളിലും നിയമിതനാകുന്നത്. അതിന്റെതായ പ്രത്യാഘാതങ്ങളും ഉണ്ടാകുന്നുണ്ട്. അതിനുദാഹരണമാണ് എറണാകുളം ജില്ലയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഈ പ്രശ്‌നത്തെ ഗൗരവമായി അഭിമുഖീകരിക്കേണ്ടതുണ്ട്.പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തെയടക്കം പരിഗണിച്ചു കൊണ്ട് ഉത്തരവാദിത്ത രക്ഷാകര്‍തൃത്വം സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് ധാരണ വികസിപ്പിക്കാന്‍ രക്ഷാകര്‍തൃ പുസ്തകം എസ്‌സിഇആര്‍ടി തയ്യാറാക്കിയിട്ടുണ്ട്.

കുട്ടിയോട് എങ്ങനെ പെരുമാറണമെന്നും കുട്ടികളുടെ പ്രായത്തിന്റെ സവിശേഷത എന്തെന്നും അഭികാമ്യമായ രക്ഷാകര്‍തൃത്വം എന്നാല്‍ എന്ത് എന്നൊക്കെ കാര്യങ്ങള്‍ക്കായുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ട്. എന്തൊക്കെയാകാമെന്നും എന്തൊക്കെ അരുതെന്നും വിശദമായി ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. രക്ഷാകര്‍ത്താക്കളെ മാത്രം ബോധവത്ക്കരിച്ചാല്‍ മതിയാകില്ല. അധ്യാപകരുടെ ഇടയിലുള്ള വികലമായ ധാരണങ്ങള്‍ മാറ്റുകയെന്നത് പ്രധാനമാണ്. ഇതില്‍ പ്രൈവറ്റ് പ്ലേ സ്‌കൂള്‍ അടക്കം വരും.ഇക്കാര്യത്തില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നുള്ള കാര്യംഗൗരവത്തോടെ സര്‍ക്കാര്‍ പരിഗണിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ മട്ടാഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് നടപടിയുമായി മുന്നോട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഈ അധ്യാപികയെ 2024 ഒക്ടോബര്‍ 10- ലെ എഫ്ഐആര്‍ നമ്പര്‍ 814 പ്രകാരം പോലീസ് അറസ്റ്റു ചെയ്തു. സ്‌കൂള്‍ രേഖകളുടെ വിശദമായ പരിശോധനയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന് കണ്ടെത്തുന്ന പക്ഷം കേരള വിദ്യാഭ്യാസ നിയമം, അധ്യായം 5 റൂള്‍ 3 പ്രകാരം അധികൃതര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതാണ്.ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെങ്കിലും കുട്ടികള്‍ക്കെതിരെയുള്ളതായതിനാല്‍ ഇതിനെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് നിയമാനുസൃതമല്ലാതെയും അംഗീകാരമില്ലാതെയും പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് അംഗീകാരപത്രമുണ്ടോ, അനിയന്ത്രിതമായി ഫീസ് വാങ്ങുന്നുണ്ടോ, തലവരി പണം വാങ്ങുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ഒക്കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.