അടുത്ത തവണത്തെ കലോത്സവത്തില്‍ എല്ലാവരുടെയും ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 61മത് കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂൾ കലോത്സവത്തെയും ടൂറിസത്തെയും പരസ്പരം ബന്ധിപ്പിക്കാൻ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ ശ്രമങ്ങൾ വളരെ മികച്ചതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഗോത്രവർഗ്ഗ കലകളെ കലോത്സവവുമായി കൂട്ടിച്ചേര്‍ക്കുന്ന കാര്യത്തില്‍ പൂർണ്ണ തീരുമാനം അടുത്തവര്‍ഷത്തോടെ കൈക്കൊള്ളാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം:
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം സമാപിക്കുകയാണ്. ഏറെ അഭിമാനത്തോടെയാണ് ഞാൻ ഈ വേദിയിൽ നിൽക്കുന്നത്. അത്രകണ്ട് മനോഹരമായിരുന്നു ഈ കലോത്സവം. കോവിഡ് മഹാമാരി നമ്മെ തളച്ചിട്ട രണ്ട് വർഷങ്ങൾക്ക് ശേഷം നടന്ന കലോത്സവം ഏറെ മികവോടെ സംഘടിപ്പിക്കാൻ നമുക്കായി. ഏറ്റവും അധികം നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നത് ഈ നാടിനോടാണ്, കോഴിക്കോട്ടുകാരോടാണ്. ഹലുവ പോലെ മധുരമുള്ളതാണ് നിങ്ങളുടെ സ്നേഹം. അതുകൊണ്ട് തന്നെ എക്കാലവും ഓർമിക്കുന്നതാവും ഈ കലോത്സവം. ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഈ മേള ഏറെ ശ്രദ്ധേയമായി. അക്കാര്യത്തിൽ സംഘാടക സമിതി ഏറ്റവും മികച്ച രീതിയിൽ ആണ് പ്രവർത്തിച്ചത്. സംഘാടക സമിതി ചെയർമാനും ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനോടും അദ്ദേഹത്തിന്റെ ഓഫീസിനോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സ്കൂൾ കലോത്സവത്തെയും ടൂറിസത്തെയും പണ്ടെങ്ങുമില്ലാത്തവണ്ണം പരസ്പരം ബന്ധിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ എടുത്തു പറയേണ്ടിയിരിക്കുന്നു. മാനാഞ്ചിറയിലെ വൈദ്യത അലങ്കാരം,
മഹാനായ കഥാകരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്ക് പ്രതിഭകൾ നടത്തിയ യാത്ര, കാരവനിൽ മേയറൊടൊപ്പം പ്രതിഭകൾ കോഴിക്കോട് നഗരം ചുറ്റിക്കണ്ടത് എന്നിവയൊക്കെ പുതുമ നിറഞ്ഞതായിരുന്നു. കോഴിക്കോട് ജില്ലയിലെ എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾ ഈ മേളയുടെ വിജയത്തിനായി അഹോരാത്രം പണിയെടുത്തു. അവരെയും നന്ദി അറിയിക്കുന്നു. കലോത്സവത്തിന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാ കമ്മിറ്റികൾക്കും എന്റെ നന്ദി അറിയിക്കുന്നു. ഒരു വേർതിരിവും ഇല്ലാതെ ഒരുമിച്ച് നിന്നു എന്നതാണ് സംഘാടനത്തിന്റെ പ്രത്യേകത. അതിനായി ഓരോ അധ്യാപക സംഘടനകളും ആത്മാർത്ഥമായ പരിശ്രമം നടത്തി.
റിസപ്ഷൻ, രജിസ്ട്രേഷൻ, താമസം , ഭക്ഷണം, പബ്ലിസിറ്റി, പ്രോഗ്രാം, ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് ആൻഡ് പന്തൽ, ഗതാഗതം, വെൽഫയർ, ലോ ആൻഡ് ഓർഡർ, ട്രോഫി, ദൃശ്യ വിസ്മയം, ധനകാര്യം, സുവനീർ, സംസ്കൃതോത്സവം, അറബിക് കലോത്സവം, സാംസ്കാരിക പരിപാടികൾ, എക്സിബിഷൻ, മീഡിയ, ഗ്രീൻ പ്രോട്ടോകോൾ തുടങ്ങി എല്ലാ കമ്മിറ്റികളോടും എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.
പോലീസിന്റെയും ശുചിത്വ സേനയുടെയും വിദ്യാർഥികളുടെ സന്നദ്ധ സംഘടനകളുടെയും ഗതാഗതത്തിനായി സംഘാടകസമിതിയോട് സഹകരിച്ച ഓട്ടോ തൊഴിലാളികൾ അടക്കമുള്ളവരുടെയും മാധ്യമപ്രവർത്തകരുടെയും യുവജന ക്ഷേമ ബോർഡിന്റെയും ടൂറിസം ക്ലബ് വളണ്ടിയേഴ്സിന്റെയും സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും കലോത്സവ സംഘാടന സംഭാവനകൾ വളരെ വലുതാണ് .
പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐ. എ. എസും പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ.ഐ.എ. എസും പ്രശംസ അർഹിക്കുന്നു. മികച്ച മാതൃകകളാണ് ഇവരെല്ലാം സൃഷ്ടിച്ചത്.
പതിനായിരക്കണക്കിന് പേരാണ് ഈ ദിവസങ്ങളിൽ ഊട്ടുപുരയിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഒരുപക്ഷേ ഇത്രയും ദിവസം ഇത്രയും വിദ്യാർത്ഥികൾ അടങ്ങുന്ന സമൂഹത്തെ ഊട്ടുന്നത് ചരിത്രമാകാം. അടുത്ത തവണ വേൾഡ് റെക്കോർഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്താം എന്നാണ് കരുതുന്നത്. ഭക്ഷണത്തിലെ വൈവിധ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ആ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കും വിധമുള്ള നടപടികൾ അടുത്ത കലോത്സവം മുതൽ ഉണ്ടാകും എന്ന് ഞാൻ ഉറപ്പു പറയുന്നു. എന്റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോടൻ ബിരിയാണി നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തിൽ നോൺവെജ് വിളമ്പുന്ന കാര്യം പരിഗണനയിലുണ്ട്. വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് നോൺ വെജിറ്റേറിയനും കഴിക്കാം. എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടും. കൃത്യസമയം പാലിച്ച് മേള നടത്താനായി എന്നത് വലിയ നേട്ടമായി ഞാൻ കരുതുന്നു. അത് മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും സംഘാടകർക്കും ഏറെ ആശ്വാസം നൽകി.
കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിൽ. ലോട്ട് ഇടുന്നവർ തൊട്ട് കർട്ടൻ വലിക്കുന്നവർ വരെ ഒരേ മനസ്സോടെ നിന്നാണ് ഈ നേട്ടമുണ്ടാക്കിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അപ്പീലുകൾ വളരെ കുറവായിരുന്നു. അപ്പീലുകൾ സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്നുണ്ടായ നിർദ്ദേശങ്ങൾ കാലിക പ്രാധാന്യമുള്ളതാണ് എന്ന് എടുത്തു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും കലോത്സവമാണ് ഇത്. അതുകൊണ്ടുതന്നെ എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം പരിപാടികൾ. ഗോത്രവർഗ്ഗ കലകളെ എങ്ങനെ കലോത്സവവുമായി ഉൾച്ചേർക്കാം എന്ന കാര്യം വളരെ ഗൗരവമായിത്തന്നെ പരിഗണിക്കുന്നുണ്ട്. അടുത്ത കലോത്സവത്തിന് മുമ്പായി ഇക്കാര്യത്തിൽ ഒരു പൂർണ്ണ തീരുമാനം കൈക്കൊള്ളാൻ ആകുമെന്നാണ് എന്റെ പ്രതീക്ഷ. അതിന് ആവശ്യമുള്ള എല്ലാ നടപടികളും കൈക്കൊള്ളും. കലോത്സവത്തിന്റെ പ്രധാന വേദിയെ ഉൾക്കൊള്ളാൻ ക്യാപ്റ്റൻ വിക്രം മൈതാനം വിട്ടു തന്ന സേന അധികൃതർക്കും നന്ദി അറിയിക്കുന്നു. ആ ധീര രക്തസാക്ഷിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. എല്ലാറ്റിനുമുപരി കലോത്സവം ഉദ്ഘാടനം ചെയ്യുകയും ഞങ്ങൾക്കെല്ലാം വഴികാട്ടുകയും ചെയ്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നന്ദി അറിയിക്കുന്നു.
വേണ്ട സമയത്ത് കൃത്യമായ ഇടപെടലുകളും മാർഗ്ഗനിർദ്ദേശവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. കലോത്സവ മാനുവൽ പരിഷ്കരണം പരിഗണനയിലാണ്. കാലാനുസൃതമായി മാനുവൽ പുതുക്കപ്പെടേണ്ടതുണ്ട്. അതിനുള്ള നടപടികൾ താമസിയാതെ ആരംഭിക്കും. സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുത്ത് വിജയിക്കുന്ന പ്രതിഭകൾ പിന്നീട് എങ്ങോട്ട് പോകുന്നു എന്നതിനെ കുറിച്ചൊരു അന്വേഷണം ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ മലയാളത്തിന് പല പ്രതിഭകളെയും കൈമോശം വരുന്നുണ്ട്. ഈ അവസ്ഥ ഇല്ലാതാക്കാൻ എന്ത് മാറ്റം കൊണ്ടുവരാൻ ആകും എന്നത് പരിശോധിക്കും. കലോത്സവ മാനുവൽ പുതുക്കുന്നതോടൊപ്പം ജഡ്ജസിനെ തിരഞ്ഞെടുക്കുന്നതിനും കൂടുതൽ പരിഷ്കരണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. കലോത്സവങ്ങളെ കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തണം. കാണികളുടെ എണ്ണക്കൂടുതൽ മാത്രം ലക്ഷ്യംവച്ച് ആകരുത് ആ ജനകീയവൽക്കരണം എന്നതാണ് എനിക്ക് പറയാനുള്ളത്. അടിസ്ഥാന തലംതൊട്ട് പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തിയെടുക്കാനുള്ള സംവിധാനം ഉണ്ടാകും. ഇതൊന്നും ഒരു ദിവസം കൊണ്ട് ഉണ്ടാകും എന്നതല്ല പറയുന്നത്. എന്നാൽ അതിനുള്ള നിരന്തരശ്രമം ഉണ്ടാകും എന്ന് ഉറപ്പു പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.
English Summary: Minister V Sivankutty said that everyone’s food freedom will be protected next time
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.