5 March 2026, Thursday

Related news

March 5, 2026
February 27, 2026
February 8, 2026
February 2, 2026
January 6, 2026
January 5, 2026
December 25, 2025
December 10, 2025
November 25, 2025
November 10, 2025

എസ് എസ് എല്‍ സി , ഹയര്‍സെക്കന്ററി പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥിള്‍ക്ക് ആശംസകളുമായി മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
March 5, 2026 12:00 pm

സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും, ഹൃദയ പൂര്‍വ്വം അഭിവാദ്യം ചെയ്ത് വിദ്യാഭ്യസ് മന്ത്രി വി ശിവന്‍കുട്ടി പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് നിങ്ങൾ ഇതുവരെ ആർജ്ജിച്ച അറിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള ഒരവസരമാണെന്നും ഓരോ കുട്ടിയും തിരിച്ചറിയണമെന്നും മന്ത്രി വിദ്യാർഥികൾക്കായി എഴുതിയ സന്ദേശത്തിൽ പറഞ്ഞു. പരീക്ഷകളെ ഭയക്കേണ്ടെന്നും ഇത് ജീവിതത്തിലെ അവസാന പരീക്ഷയല്ലെന്നും അവസരങ്ങൾ നിങ്ങൾക്ക് മുന്നിൽ ഇനിയും തുറന്ന് കിടക്കുന്നുണ്ടെന്നും മന്ത്രി വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകർന്നു. 

നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് 2023‑നെ അടിസ്ഥാനമാക്കി പരിഷ്കരിച്ച പാഠപുസ്തകങ്ങളിലൂടെ പഠനം പൂർത്തിയാക്കിയാണ് നിങ്ങൾ ഈ പരീക്ഷയെ അഭിമുഖീകരിക്കുന്നത്. വിമർശനാത്മക ചിന്ത, വിശകലന നൈപുണി, സർഗ്ഗാത്മകത തുടങ്ങിയ 21-ാം നൂറ്റാണ്ടിന്റെ ശേഷികൾ നിങ്ങളിൽ എത്രത്തോളം വളർന്നു എന്ന് പരിശോധിക്കുന്ന രീതിയിലാണ് പുതിയ മൂല്യനിർണ്ണയ ക്രമം വിഭാവനം ചെയ്തിട്ടുള്ളത്. ഈ വർഷത്തെ പരീക്ഷാ ഘടനയിൽ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ല എന്ന് എല്ലാ കുട്ടികളും ഓർക്കേണ്ടതുണ്ട്. പരീക്ഷയുടെ പശ്ചാത്തലത്തിൽ കുട്ടികളിൽ ഭീതി പരത്താനുള്ള ബോധപൂർവ്വമായ ശ്രമം ചിലർ നടത്തുന്നുണ്ട്. ഇത്തരം കാര്യങ്ങൾ തള്ളിക്കളയാനുള്ള വിവേകം നമുക്ക് ഉണ്ടാകണം.എല്ലാ കുട്ടികൾക്കും അവരവരുടെ അറിവും കഴിവും പ്രകടിപ്പിക്കാനുള്ള ഇടം മൂല്യനിർണ്ണയത്തിൻ്റെ ഭാഗമായുണ്ടാകും. എസ് സി ഇ ആർ ടി തയ്യാറാക്കിയ മാനദണ്ഡപ്രകാരം 80% ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കും.

പാഠ്യപദ്ധതി ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള ആകർഷകമായ ചോദ്യങ്ങൾ ജീവിതത്തിലെ ഉദാഹരണങ്ങളെ കൂടി ചേർത്തുനിർത്തിയാണ് നിർമ്മിച്ചിട്ടുള്ളത്. പരീക്ഷയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളിൽ പതറാതെ അധ്യാപകരുടെ നിർദ്ദേശങ്ങളും മാതൃകാ ചോദ്യപേപ്പറുകളും പിന്തുടർന്ന് ആത്മവിശ്വാസം വർദ്ധിപ്പിക്കുക. പത്താം ക്ലാസ് പരീക്ഷ എന്നത് ഉപരിപഠനത്തിനായുള്ള ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും കേരളത്തിൽ എല്ലാവർക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകൾ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നിങ്ങൾ മനസ്സിലാക്കണം.

പരീക്ഷാ തിരക്കുകൾക്കിടയിലും കൃത്യമായ ഉറക്കവും ഭക്ഷണവും ശീലിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻഗണന നൽകാൻ ശ്രദ്ധിക്കുക. ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ലെന്നും വലിയ അവസരങ്ങളുടെ ലോകം നിങ്ങൾക്കായി തുറന്നുകിടക്കുകയാണെന്നും തിരിച്ചറിഞ്ഞ് ശാന്തമായ മനസ്സോടെ പരീക്ഷയെ അഭിമുഖീകരിക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ. എന്നാണ് മന്ത്രി വിദ്യാർഥികൾക്കായി എഴുതിയ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.