
ലോകം ഉറ്റുനോക്കുന്ന അന്താരാഷ്ട്ര സെമി ഓട്ടോമാറ്റഡ് തുറമുഖമാണ് രാജ്യത്ത് സമര്‍പ്പിക്കാന്‍ പോകുന്നതെന്ന് തുറമുഖവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. നാടിനെ സംബന്ധിച്ചടത്തോളം ചരിത്ര ഏടുകളില്‍ തങ്കലിപികളാല്‍ എഴുതിവെക്കാന്‍ പോകുന്ന നിമിഷമാണ് വിഴിഞ്ഞം തുറമഖം രാഷ്ട്രത്തിന് സമര്‍പ്പച്ചതിലൂടെ കാണാന്‍ കഴിയുന്നതെന്നും വാസവന്‍ വ്യക്തമാക്കി.വികസനരംഗത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഈ തുറമുഖം അതിന്റെ പൂര്‍ണതയില്‍ എത്തിച്ചേരുമ്പോള്‍ ട്രാന്‍സ്ഫിപ്പ്‌മെന്റ് തുറമുഖത്തില്‍ നമ്പര്‍ വണ്‍ ആക്കാനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടും, മൂന്നും നാലും ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാകുമ്പോഴേക്കും 30 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രോജക്റ്റ് പറയുന്നത്. ഇന്നത്തെ സ്ഥിതി വച്ച് പരിശോധിക്കുമ്പോള്‍ അത് 40 ലക്ഷം വരെയായി മാറാം. ട്രയല്‍ റണ്‍ ആരംഭിച്ചതു മുതല്‍ വലിയ മുന്നേറ്റമാണുണ്ടായത്. വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ 285 ഷിപ്പുകള്‍ ഇവിടെ വന്നിരിക്കുന്നു- അദ്ദേഹം വ്യക്തമാക്കി. പ്രദേശവാസികളെ സംബന്ധിച്ചും നേട്ടങ്ങളുടെ നാളുകളാണ് വരാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു. പ്രദേശവാസികളായ 2936 പേര്‍ക്ക് 116 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞു. അദാനി ഗ്രൂപ്പ് സിഎസ്ആര്‍ ഫണ്ട് പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യ ക്ഷേമ പദ്ധതികള്‍ അവര്‍ നടപ്പാക്കി. മത്സ്യത്തൊഴിലാളികളും സാമൂഹ്യ ശക്തികളുമായി ചര്‍ച്ച ചെയ്തുകൊണ്ട് അവര്‍ ആവശ്യപ്പെട്ട പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തി. ഒരു ഫിഷിംഗ് ഹാര്‍ബര്‍ ഇവിടെ തന്നെ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എല്ലാ അനുമതികളും നേടി ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണ്. അതോടുകൂടി ഈ പ്രദേശത്തുള്ള മത്സ്യതൊഴിലാളികള്‍ക്ക് ജീവനോപാധി ഉറപ്പാക്കാനും ‚സാമൂഹ്യ ക്ഷേമപദ്ധതികള്‍ നടപ്പാക്കാനും സാധിക്കുന്നതോടുകൂടി അവരുടെ പലരൂപത്തിലുള്ള അസംതൃപ്തികള്‍ക്കും പരിഹാരമാകും. തുറമുഖത്തിന്റെ ഭാഗമായി നല്‍കിയിട്ടുള്ള 59 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവര്‍ക്കാണ്. അതില്‍ ഏറ്റവും കൂടുതല്‍ വിഴിഞ്ഞത്ത് നിന്നുള്ളവര്‍ക്കാണ്. ഭാവിയില്‍ 5000ത്തോളം പേര്‍ക്ക് തൊഴിലവസരം ലഭ്യമാകുന്നു – അദ്ദേഹം പറഞ്ഞു. തുറമുഖം കമ്മിഷനിങ്ങുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ വിവാദങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ നേതാവും ബന്ധപ്പെട്ടവരും രാഷ്ട്രീയ വിവാദങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങ് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.
പ്രതിപക്ഷനേതാവിനെ പങ്കെടുപ്പിക്കണമെന്ന് എഴുതിയറിയിച്ചു. പങ്കെടുപ്പിക്കാനുള്ള നിര്‍ദേശമുണ്ട്. അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അവിടുത്തെ എംഎല്‍എയും എംപിയെയും ക്ഷണിച്ചിട്ടുണ്ട്. പക്ഷേ വേദിയില്‍ പ്രസംഗിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത് പ്രധാനമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും തുറമുഖ വകുപ്പ് മന്ത്രിയും മാത്രമാണ്. അത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വന്ന നിര്‍ദേശമാണ്. തുറമുഖം കമ്മീഷന്‍ ചെയ്യുന്ന നിലയിലേക്ക് എത്തിച്ചത് ഒന്നും രണ്ടും എല്‍ഡിഎഫ് സര്‍ക്കാരാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കല്ലിട്ടു എന്നതല്ലാതെ മറ്റൊന്നും നടന്നില്ല. കല്ലിട്ടാല്‍ കപ്പല്‍ വരില്ല. ഈ രംഗത്ത് ഓരോ സര്‍ക്കാരുമെടുത്തിട്ടുള്ള വസ്തുനിഷ്ടയാഥാര്‍ത്ഥ്യമെന്തെന്ന് എല്ലാവര്‍ക്കുമറിയാം. ആ ബോധ്യത്തോടെ പ്രശ്‌നത്തെ സമീപിക്കണം. വിവാദമുയര്‍ത്തിക്കൊണ്ട് മാറിനില്‍ക്കുന്നവര്‍ ഒറ്റപ്പെടുകയേയുള്ളു. അത് യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുതയുടെ ഭാഗമാണ് വാസവന്‍ വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.