22 January 2026, Thursday

മനുഷ്യാവകാശ ലംഘന ആരോപണം പരിശോധിക്കാന്‍ മന്ത്രിതല സമിതി

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2023 11:07 pm

മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ ഇന്ത്യക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിതല സമിതി.
കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത മേല്‍നോട്ടത്തിലായിരിക്കും സമിതിയുടെ പ്രവര്‍ത്തനം. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ സാർവത്രിക ആനുകാലിക അവലോകനത്തിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണ് സമിതിയുടെ ലക്ഷ്യം. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 10നാണ് യുഎന്‍ അവസാനമായി ഇന്ത്യയുടെ മനുഷ്യാവകാശ റെക്കോഡ് പുറത്തുവിട്ടത്. ഇതില്‍ 340 ശുപാര്‍ശകളും മുന്നോട്ട് വച്ചിരുന്നു. അതേസമയം ഇതില്‍ എത്ര ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ “ദേശീയ സംവിധാനമായി” പ്രവർത്തിക്കുകയും വർഷത്തിൽ രണ്ടുതവണ യോഗം ചേരുകയും ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (പശ്ചിമ മേഖല), ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി എന്നിവരായിരിക്കും സമിതിയുടെ സഹ അധ്യക്ഷന്മാര്‍. വനിതാ ശിശുക്ഷേമം, സാമൂഹ്യ ക്ഷേമം, ന്യൂനപക്ഷം, ഗോത്രകാര്യം, ഗ്രാമ, നഗര വികസനം, ആരോഗ്യ കുടുംബക്ഷേമം, തൊഴില്‍, വിദ്യാഭ്യാസം, നിയമം, കോര്‍പറേറ്റ് കാര്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാര്‍ സമിതിയിലെ അംഗങ്ങളായിരിക്കും. നിതി ആയോഗും ഇതിന്റെ ഭാഗമാകും. ആവശ്യമെങ്കില്‍ മറ്റ് മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നും കൂടുതല്‍ അംഗങ്ങളെ ഉൾപ്പെടുത്തി പാനലിന് ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും വിജ്ഞാപനത്തിലുണ്ട്. 

നവംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ യുഎന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സാമൂഹിക സംഘടനകള്‍ക്കുമേലുള്ള കർശന നിയന്ത്രണങ്ങൾ, എന്‍ജിഒകളുടെ വിദേശ ധനസഹായ ലൈസൻസുകൾ റദ്ദാക്കൽ, പത്രപ്രവർത്തകർക്കും മതന്യൂനപക്ഷങ്ങൾക്കുമെതിരെയുള്ള യുഎപിഎയുടെ ദുരുപയോഗം, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ എന്നീ വിഷയങ്ങളും യുഎന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Sum­ma­ry: Min­is­te­r­i­al com­mit­tee to look into alle­ga­tions of human rights violations

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.