തൊഴിലിടങ്ങളില്‍ സമഗ്ര വികസന പദ്ധതികളുമായി മന്ത്രിയസഭാ യോഗം
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്കികകള്‍
സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നൽകി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായി പ്രവര്‍ത്തനത്തിനും ആശുപത്രികളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം ഡോക്ടര്‍മാരുടെ അനിവാര്യത കണക്കിലെടുത്തുമാണ് ഇത്രയും തസ്തികകള്‍ ഒരുമിച്ച് സൃഷ്ടിക്കുന്നത്.
262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂര്‍ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂര്‍ 31, കാസര്‍ഗോഡ് 1, അറ്റെല്‍ക് 3 എന്നിങ്ങനെ മെഡിക്കല്‍ കോളേജുകളില്‍ അധ്യാപക തസ്തികകളും കോന്നി 1, ഇടുക്കി 1, അറ്റെല്‍ക് 6 എന്നിങ്ങനെ അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനം ശക്തിപ്പെടുത്താനും ഇത് സഹായകമാകും.
നഗരനയ കമ്മീഷന്‍ രൂപവവത്ക്കരിക്കും
സമഗ്രമായ കേരള നഗരനയ കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
നഗരവൽക്കരണവുമായി ബന്ധപ്പെടുത്തി കേരളത്തിന്റെ വികസനത്തെ സഹായിക്കുന്നതിന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ചാണിത്.
ഈ മേഖലയിലെ വിദഗ്ദ്ധനായ ഡോ. എം. സതീഷ് കുമാര്‍ ആയിരിക്കും കമ്മിഷന്‍ അദ്ധ്യക്ഷന്‍. യു.കെ യിലെ ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ അസ്സോഷിയേറ്റ് പ്രൊഫസര്‍ ആണ് ഇദ്ദേഹം. സഹ അധ്യക്ഷരായി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാർ, അഹമ്മദാബാദ് സെപ്റ്റ് മുന്‍ അധ്യാപകനും നഗരാസൂത്രണ വിദഗ്ദ്ധനുമായ ഡോ.ഇ.നാരായണന്‍ എന്നിവരെയാണ് തീരുമാനിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാവും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോ ജാനകി നായർ, കൃഷ്ണദാസ്(ഗുരുവായൂർ), ഡോ കെ എസ ജെയിൻസ്, വി സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. അശോക് കുമാർ, ഡോ. വൈ വി എൻ കൃഷ്ണമൂർത്തി, പ്രൊ. കെ ടി രവീന്ദ്രൻ, തെക്കിന്ദർ സിങ് പൻവാർ എന്നീ വിദഗ്ദ്ധ അംഗങ്ങൾ ചേർന്നതാണ് കമ്മീഷൻ.
ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണ് കമ്മീഷനുള്ളത്. കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷന്‍ സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഒരു നഗര നയ സെല്‍ രൂപീകരിക്കും. ലോകത്തെ വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന സമൂഹം എന്ന നിലയില്‍ ആഗോളമായി ബന്ധപ്പെട്ട് കിടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് കമ്മിഷന്‍ പ്രവര്‍ത്തനം സഹായകമാവും. കാലാവസ്ഥാ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന പ്രദേശം എന്ന നിലയിലും കേരളത്തിന്റെ നഗരവല്‍ക്കരണത്തിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കുന്നതിന് ഇതിലൂടെ കഴിയും.
കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതെളിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീഷിക്കുന്നത്. നഗര നയം രൂപീകരിക്കുന്നതിന് സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ റീ ബില്‍ഡ് കേരള, ജര്‍മ്മന്‍ വികസന ബാങ്കായ കെ. എഫ് ഡബ്ള്യു വുമായി ബന്ധപ്പെട്ട പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത് എന്നീ പദ്ധതികളില്‍ ഉണ്ട്. പുതിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത വിധത്തില്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ഇത്തരം ഏജന്‍സികള്‍ ഈയാവശ്യത്തിനായി നീക്കി വച്ചിട്ടുള്ള ഗ്രാന്‍റ് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
2035 ഓടെ 92.8 ശതമാനത്തിന് മുകളില്‍ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യാ കമ്മിഷന്‍ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ കരട് നഗര നയത്തിന്‍റെ ചട്ടക്കൂട് 2018ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗര വികസനം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനവും പ്രത്യേകമായി നഗര നയം പ്രസിദ്ധപ്പെടുത്തണമെന്ന് ഈ റിപോര്‍ട്ട് ശുപാര്‍ശ ചെയ്തു. അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും.
സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം രൂപീകരണം:ധാരണാപത്രം അംഗീകരിച്ചു
സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിന്റെ രൂപീകരണവും നടത്തിപ്പും സംബന്ധിച്ച് കെ – ഡിസ്ക്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെന്റ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി എന്നിവർ ചേർന്ന് ഒപ്പിടേണ്ട ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചു.
സംസ്ഥാനത്ത് സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുന്നത്. കേരള ഡവലപ്‌മെൻ്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സമർപ്പിച്ച വിശദ പദ്ധതി രേഖ അംഗീകരിച്ചാണ് ഭരണാനുമതി നൽകിയത്.
മൈക്രോ ബയോളജി എന്ന ശാസ്ത്ര ശാഖയ്ക്ക് പുതിയ വീക്ഷണം പ്രദാനം ചെയ്യുന്ന നൂതന ശാസ്ത്ര മേഖലയാണ് മൈക്രോബയോം റിസർച്ച്. ഒരേ പരിതസ്ഥിതിയിൽ ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സൂക്ഷ്മാണു വ്യവസ്ഥയെ കുറിച്ചുള്ള പഠനമാണ് മൈക്രോബയോം റിസർച്ച്.
കോവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിലാണ് ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കിയുള്ള മൈക്രോബയോം ഗവേഷണം കൂടുതൽ പ്രസക്തമാകുന്നത്. പരിസ്ഥിതി ശാസ്ത്രം, കാർഷിക മേഖല, വൈദ്യശാസ്ത്ര മേഖല, ഫോറൻസിക് സയൻസ് തുടങ്ങി എക്സോ ബയോളജി വരെ വ്യാപിച്ചു കിടക്കുന്ന വൈവിധ്യമാർന്ന ശാസ്ത്ര മേഖലകളിൽ പുതിയ ഡയഗ്നോസ്റ്റിക് ഇൻ്റർവെൻഷണൽ ടെക്നിക്കുകൾ വികസിപ്പിക്കാൻ മൈക്രോബയോം ഗവേഷണം ലക്ഷ്യമിടുന്നു. ഈ മേഖലയിലെ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് 2022–23 ബജറ്റിൽ മൈക്രോബയോം സെന്റർ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഏകാരോഗ്യ വ്യവസ്ഥയിൽ മൈക്രോബയോട്ടയുടെ പ്രാധാന്യം പ്രചാരത്തിലാക്കുന്ന അന്തർവൈജ്ഞാനിക ഗവേഷണം, ക്രോസ് ഡൊമൈൻ സഹപ്രവർത്തനം, നവീന ഉത്പന്ന നിർമ്മാണം എന്നിവ ഏകോപിപ്പിക്കുവാൻ കഴിയുന്ന ആഗോള കേന്ദ്രമാക്കി ഇതിനെ മാറ്റും. ബിഗ് ഡാറ്റാ ടെക്നോളജികളായ ഐ.ഒ ടി, എ.ടി.ഡാറ്റാ അനലിറ്റിക്സ് എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി മൈക്രോബയോമിൻ്റെ സ്പേഷ്യോ ടെമ്പറൽ മാപ്പിംഗ് സൃഷ്ടിക്കും. തുടർന്നുള്ള ഗവേഷണങ്ങൾക്കും സൂക്ഷ്മാണുക്കളുടെ ഇടപെടലുകൾ മനസ്സിലാക്കുന്നതിനും ജീനോമിക് ഡാറ്റാ ബേസ് നിർമ്മിക്കും.
സ്റ്റാർട്ട് അപ്പുകളെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിനായി നവീന ടെക്നോളജികൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തുകയും അതുവഴി മാതൃകാപരമായ ഗവേഷണം നടത്തുകയും ചെയ്യും. ഹ്യൂമൻ മൈക്രോബയോം, ആനിമൽ മൈക്രോബയോം, പ്ലാന്റ് മൈക്രോബയോം, അക്വാട്ടിക് മൈക്രോബയോം, എൻവയോൺമെൻ്റൽ മൈക്രോബയോം, ഡാറ്റാ ലാബുകൾ എന്നിങ്ങനെ 6 ഡൊമൈനുകളിൽ ഗവേഷണവും വികസനവും സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം കേന്ദ്രം പദ്ധതിയിടുന്നുണ്ട്.
പ്രാരംഭ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലബോറട്ടറി തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കിലുള്ള കെട്ടിടത്തിലാവും. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് കഴിഞ്ഞാല്‍ പ്രവര്‍ത്തനം അവിടേക്ക് മാറ്റും.
വിരമിക്കല്‍ പ്രായം
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാർക്ക് വിരമിക്കൽ പ്രായം നിലവിലെ 58 വയസ്സിൽ നിന്നും 60 വയസ്സായി ഉയർത്താൻ തീരുമാനിച്ചു.
ടെന്‍ഡര്‍ അംഗീകരിച്ചു
വർക്കല ശിവഗിരി – തൊടുവെ പാലത്തിന്റെ ഇംപ്രൂവ്മെന്റ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് നിലവിലുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തി സർക്കാർതലത്തിൽ ടെൻഡർ അംഗീകരിക്കാൻ തീരുമാനിച്ചു.
പത്തനംതിട്ട പമ്പാനദിക്ക് കുറുകയുള്ള ന്യൂ കോഴഞ്ചേരി പാലത്തിന്റെ നിർമ്മാണത്തിൽ ബാക്കിയുള്ള പ്രവർത്തികൾക്ക് നിലവിലുള്ള വ്യവസ്ഥയിൽ ഇളവ് വരുത്തി ടെൻഡർ അംഗീകരിക്കും.
ഓഹരി മൂലധനം വര്‍ധിപ്പിച്ചു
കേരള കരകൗശല വികസന കോർപ്പറേഷന്റെ അംഗീകൃത ഓഹരി മൂലധനം 3 കോടി രൂപയിൽ നിന്ന് 33 കോടി രൂപയാക്കി വർധിപ്പിക്കും.
ഹോര്‍ട്ടി വൈന്‍
ഹോർട്ടി വൈനിന്റെ വില്പന നികുതി ഇന്ത്യൻ നിർമ്മിത വൈനിന്റെ നികുതി നിരക്കിന് തുല്യമായി നിശ്ചയിക്കും. ഇതിന് 1963ലെ കേരള പൊതു വിൽപ്പന നികുതി നിയമം ഭേദഗതി ചെയ്യും. അതിന്റെ ഭാഗമായുള്ള 2023ലെ കേരള പൊതു വില്പന നികുതി ( ഭേദഗതി ) ബില്ലിന്റെ കരട് അംഗീകരിച്ചു.
നിയമനം
സംസ്ഥാനത്ത് വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമായി നിശ്ചിത യോഗ്യതകൾ ഉള്ള ഒരു സീനിയർ ടെക്നിക്കൽ കൺസൾട്ടന്റിനെ റീടൈനർഷിപ്പ് അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യും.
English Summary:
Ministerial meeting with comprehensive development plans in workplaces
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.