17 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 13, 2024
September 13, 2024
September 13, 2024
September 13, 2024
September 13, 2024
September 13, 2024

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രിമാർ

Janayugom Webdesk
തിരുവനന്തപുരം
September 12, 2024 8:16 pm

രാജ്യത്തെ ജനാധിപത്യശക്തികൾക്ക് പൊതുവിലും ഇടതുപക്ഷപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വേർപാടിലൂടെ ഉണ്ടായിട്ടുള്ളതെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പ്രസ്താവിച്ചു.

മിടുക്കനായ വിദ്യാർഥിയും ഊർജ്ജസ്വലനായ വിദ്യാർഥിപ്രവർത്തകനുമായി പൊതുജീവിതം ആരംഭിച്ച അദ്ദേഹം പ്രഗത്ഭനായ പാർലമെന്റേറിയനായും മതേതരശക്തികളുടെ വക്താവായും ധിഷണാശാലിയായ രാഷ്ട്രീയ സൈദ്ധാന്തികനായും രാജ്യത്തിന്റെ പൊതുരംഗത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്നു.
അദ്ദേഹത്തിന്റെ പാർട്ടിയുടെയും ബന്ധുമിത്രങ്ങളുടെയും ദുഃഖത്തിൽ ഹൃദയ ഭാരത്തോടെ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

സി.പി.എം. ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അതീവ വേദനയോടെ അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുന്നു. വർഗ്ഗീയതക്കും ഫാസിസത്തിനുമെതിരെ സന്ധിയില്ലാതെ പോരാടിയ പ്രിയ സഖാവിന്റെ വേർപാട് ദേശീയ രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ്. പ്രത്യയ ശാസ്ത്ര ദൃഢതയും നിലപാടുകളുടെ വ്യക്തതയും യച്ചൂരിയുടെ പ്രത്യേകതയായിരുന്നു. പ്രതിസന്ധികളുടെ കാലഘട്ടങ്ങളിലും ഇടത് പക്ഷ നിലപാടുകൾക്ക് വ്യക്തമായ ദിശാ ബോധം കൈവരിക്കാൻ അദ്ദേഹം കൈക്കൊണ്ട ഇടപെടലുകൾ ശ്രദ്ധേയമാണ്. കരുതലും കരുത്തുമായി ഇനി അതുണ്ടാകില്ല എന്നത് ഏറെ വേദനിപ്പിക്കുന്നു. പ്രിയ സഖാവിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് കൃഷി മന്ത്രി പി പ്രസാദ് കുറിച്ചത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്ർ ബിന്ദുവും അനുശോചനക്കുറിപ്പ് പങ്ക് വച്ചു.ഫാസിസത്തിനും നവകോളണീകരണത്തിനുമെതിരായ ഇന്ത്യയുടെ ശക്തമായ നാവാണ് നിലച്ചുപോയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഏറ്റവും നിർണ്ണായകമായ കാലത്ത് മതനിരപേക്ഷ ഇന്ത്യയുടെ പതാക ഉയർത്തിപ്പിടിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് സംഭാവന ചെയ്ത വിപ്ലവപ്രതിഭയെയാണ് നഷ്ടമായിരിക്കുന്നത് — മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു.

വിദ്യാർത്ഥിനേതാവിൽ നിന്ന് പാർട്ടിയുടെ സമുന്നത സമിതിയിലേക്ക് ഇഎംഎസ് കൈപ്പിടിച്ച് ചുമതലയേൽപ്പിച്ചത് ഇന്ത്യയുടെ സമകാലവെല്ലുവിളികളെ ദീർഘദർശനം ചെയ്തായിരുന്നുവെന്ന് സഖാവ് സീതാറാമിൻ്റെ പ്രോജ്ജ്വലമായ വിപ്ലവജീവിതം എന്നും സാക്ഷ്യം നിൽക്കുന്നു. പ്രത്യയശാസ്ത്ര പോരാട്ടത്തിലും ദൈനംദിന സമരപോരാട്ടങ്ങളിലും വിദ്യാർത്ഥിതുല്യമായ അതേ തേജസ്സോടെ അവസാനനാളുകൾ വരെയും ആ കർത്തവ്യബോധം ജ്വലിച്ചുനിന്നു.

തൊഴിലാളരുടെയും കർഷകജനതയുടെയും സൃഷ്ടിയായ സ്വതന്ത്രഭാരതത്തെ വീണ്ടും സാമ്രാജ്യനുകങ്ങളിലേക്ക് കെട്ടാനുള്ള ശ്രമങ്ങളിൽ ഭരണവർഗ്ഗത്തിനു മേൽ ഇടിത്തീയായിരുന്നു പാർലമെണ്ടിലായാലും ജനവീഥികളിലായാലും അക്കാദമിക വ്യവഹാരങ്ങളിലായാലും സീതാറാമിൻ്റെ ശബ്ദം. ആശയതെളിമയുടെ നിലക്കാത്ത ആ മുഴക്കങ്ങൾ പ്രതിസന്ധിയുടെ ഇരുണ്ടകാലത്തെ മുറിച്ചുകടക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യൻ ജനതയും വരും കാലങ്ങളിലും നെഞ്ചിൽ സൂക്ഷിക്കും — മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

സഖാവ് യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് CPIM പാർലമെൻ്ററി പാർട്ടി നേതാവ് കെ രാധാകൃഷ്ണൻ എം പി പറഞ്ഞു.

അടിയന്തരവാസ്ഥയുടെ ഭീകരതയെ നിർഭയം നേരിട്ട വിപ്ലവകാരയിൽ നിന്ന് രാജ്യമാകെ ബഹുമാനിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവായി സഖാവ് യെച്ചൂരി മാറിയിരുന്നു.
ധൈഷണികതയും നേതൃപാടവവും ഒരുപോലെ കൈമുതലായിരുന്ന സഖാവ് സംഘാടകൻ എന്ന നിലയിൽ ഇന്ത്യാ മുന്നണിയുടെ എല്ലാമെല്ലാമായിരുന്നു. പാർലമെൻ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ രാജ്യസഭ പ്രവർത്തന അനുഭവങ്ങൾ പങ്കുവച്ചിരുന്നത് മികവുറ്റ പാഠമായിരുന്നു.

രാഷ്ട്രതന്ത്രജ്ഞൻ , പാർലമെൻ്റേറിയൻ എന്നീ നിലകളിൽ തന്നിൽ വന്ന ഉത്തരവാദിത്തങ്ങളെല്ലാം മികച്ച രീതിയിൽ നിർവഹിച്ചു.
കർഷകരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ രാഷ്ട്രീയ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം സംഘപരിവാർ വർഗീയതയ്ക്കെതിരെ ഉയർന്ന ബഹുജനമുന്നേറ്റങ്ങളുടെ നേതൃനിരയിൽ നിലയുറപ്പിച്ചു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തിരിച്ചടികൾ നേരിട്ട ഘട്ടങ്ങളിലെല്ലാം അടിപതറാതെ മറ്റു സഖാക്കൾക്ക് ആത്മവിശ്വാസം പകർന്നു. പല ഘട്ടങ്ങളിലും ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് രൂപം നൽകുന്നതിൽ അദ്ദേഹം നിർണ്ണായകമായ പങ്കു വഹിക്കുകയുണ്ടായെന്നും കെ രാധാകൃഷ്ണൻ എം പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. കടുത്ത കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ വക്താവായി നിൽക്കുമ്പോഴും മതേതര പുരോഗമന മുന്നണി ഇന്ത്യയിൽ പുലർത്തേണ്ട പ്രായോഗിക രാഷ്ട്രീയത്തെ കൃത്യതയോടു കൂടി അവതരിപ്പിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. രാഷ്ട്രീയ പ്രവർത്തനത്തിനുമപ്പുറം കലാ കായിക സഹിത്യ സാംസ്കാരിക മേഖലകളിലും തൻ്റേതായ ഇടപെടൽ നടത്തിയിരുന്ന വ്യക്തിത്വമായിരുന്നു. പാർലിമെൻ്റ് അംഗം ആയിരുന്ന വേളയിൽ ഇടതുപക്ഷ രാഷ്ട്രീയം കൃത്യതയോടു കൂടി പാർലി െമൻ്റി ൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം മികവ് പുലർത്തി. മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ മുന്നേറ്റ മുന്നേറ്റം അനിവാര്യമായ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ യെച്ചൂരിയെ പോലെയുള്ള നേതാവിൻ്റെ വിയോഗം കനത്ത നഷ്ടം തന്നെയാണെന്നും മന്ത്രി അനുസ്മര കുറിപ്പിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.