10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
December 23, 2024
December 19, 2024
November 26, 2024
November 26, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 15, 2024

രാജ്യത്ത് ഭീതിപടര്‍ത്തി ന്യൂനപക്ഷ വേട്ട

Janayugom Webdesk
ന്യൂഡല്‍ഹി
January 10, 2025 9:10 pm

ന്യൂഡല്‍ഹി: മോഡി ഭരണത്തില്‍ രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് പുറമേ ക്രിസ്ത്യന്‍ ന്യൂനപക്ഷവും കടുത്ത അരക്ഷിതാവസ്ഥയില്‍. 2023 ല്‍ 734 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2024 ല്‍ എത്തിയപ്പോള്‍ ഇത് 834 ആയി വര്‍ധിച്ചു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുഡിഎഫ്) ആണ് ഇതുസംബന്ധിച്ച രേഖ പുറത്തുവിട്ടത്. രാജ്യത്ത് ദിനംപ്രതി രണ്ട് ക്രിസ്ത്യാനികള്‍ ആക്രമണത്തിന് വിധേയരാകുന്നു. പുരോഹിത വിഭാഗത്തെയാണ് പ്രധാനമായും ആക്രമിക്കുന്നത്. ആശങ്കാജനകമായ തോതിലാണ് ക്രിസ്ത്യാനികളും, പള്ളികളും അതിക്രമത്തിന് വിധേയരാകുന്നതെന്നും യുസിഎഫ് പറയുന്നു. പള്ളികള്‍ തകര്‍ക്കുക, പ്രാര്‍ത്ഥനായോഗം അലങ്കോലമാക്കുക, മതപരമായ ആചാരം പിന്തുടരുന്നവരെ അവഹേളിക്കുക, വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുക, വ്യാജ ആരോപണങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയ അതിക്രമങ്ങളാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍ ദിനംപ്രതി അഭിമുഖീകരിക്കുന്നതെന്നും യുസിഎഫ് ചൂണ്ടിക്കാട്ടുന്നു. 

നിര്‍ബന്ധിത മതപരിവര്‍ത്തനം വിലക്കിയ പല ബിജെപി സംസ്ഥാനങ്ങളും മതപരിവര്‍ത്തന നിയമം ആയുധമാക്കി ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ചു വേട്ടയാടുകയാണ്. തീവ്ര ഹിന്ദുത്വ സംഘങ്ങളും ഇവര്‍ക്ക് ഓശാന പാടുന്ന സംസ്ഥാന ഭരണകൂടങ്ങളും ക്രിസ്ത്യാനികളുടെ ജീവിതം ദുസഹമാക്കുകയാണ്. 2009 ല്‍ 151 ക്രിസ്ത്യന്‍ ആക്രമണങ്ങള്‍ നടന്ന രാജ്യത്ത് 2024 ല്‍ എത്തുമ്പോള്‍ 834 ആയി കൂടി. മോഡി ഭരണത്തിലേറുന്ന 2014 വരെ ശരാശരി 151 ആയിരുന്നു ആക്രമണ നിരക്ക്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതിന്റെ തോത് ക്രമാതീതമായി വര്‍ധിച്ചു.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ക്രിസ്ത്യന്‍ വേട്ട റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 209 എണ്ണം. തൊട്ടുപുറകില്‍ 165 കേസുകളുമായി ഛത്തീസ്ഗഢാണ്. ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരിലേറെയും ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്നവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ക്രിസ്ത്യന്‍ ദേവാലയങ്ങളും, വ്യക്തികളും ആക്രമിക്കപ്പെടുന്ന പല കേസുകളിലും പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നത് കാരണം യഥാര്‍ത്ഥ കണക്ക് ഇതിലും വര്‍ധിക്കുമെന്ന് യുസിഎഫ് ദേശീയ കണ്‍വീനര്‍ എ സി മൈക്കിള്‍ പറഞ്ഞു. പരാതിയുമായി സ്റ്റേഷനില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തിയും സമാധാനിപ്പിച്ചും മടക്കി അയയ്ക്കുന്ന സമീപനമാണ് പലപ്പോഴും പൊലീസ് സ്വീകരിച്ച് വരുന്നത്. പരാതി നല്‍കിയാല്‍ അക്രമികള്‍ കൂടുതല്‍ അക്രമം നടത്താന്‍ മുതിരുമെന്ന പൊലീസ് മറുപടിയില്‍ ഭയന്ന് പലരും കേസ് രജിസ്റ്റര്‍ ചെയ്യാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിന് തൊട്ടുമുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയില്‍ അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ആസ്ഥാനത്ത് ഒരുക്കിയ ആഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മണിപ്പൂരിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും ക്രിസ്ത്യാനികള്‍ക്ക് എതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ പോലും ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നതും യുസിഎഫിന്റെ റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തുവച്ച് വായിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.