ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും ഇന്ത്യ ഏറെ പരിശ്രമിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ വോള്‍ക്കര്‍ ടുര്‍ക്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വിഭാഗീയതയും വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ടുര്‍ക്കിന്റെ പരാമര്‍ശം. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 54-ാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിയാനയിലെയും മണിപ്പൂരിലെയും വംശീയ വര്‍ഗീയ സംഘര്‍ഷങ്ങളെയും ടുര്‍ക്ക് യോഗത്തില്‍ പരാമര്‍ശിച്ചു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെ ചൂണ്ടിക്കാട്ടുന്നിതിനിടെയാണ് മണിപ്പൂരും ഹരിയാനയും വിഷയമായത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ പതിവായി അക്രമത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ വാര്‍ത്തകള്‍ എപ്പോഴും കേള്‍ക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഹരിയാനയിലെ ഗുരുഗ്രാമിൽ ഈയിടെയായി മുസ്ലിങ്ങള്‍ ആക്രമണങ്ങള്‍ക്ക് ഇരയായി. കഴിഞ്ഞ മാസം വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തിയ ഘോഷയാത്രയ്ക്കിടെ നടന്ന അക്രമത്തിലാണ് ഹരിയാനയിലെ നൂഹ് ജില്ലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരാഴ്ച നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഏഴ് മരണങ്ങളും 200 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. അവിടെ മുസ്ലിങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ വ്യാപകമായി പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു.
നാല് മാസത്തോളമായി കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ സ്ഥിതിയും അദ്ദേഹം വിശദീകരിച്ചു. വിവിധ വംശങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മണിപ്പൂരില്‍ അരക്ഷിതാവസ്ഥ തുടരുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 200 ലധികം പേര്‍ മരിക്കുകയം 70,000 ത്തിലധികം ആളുകള്‍ പലായനം ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസഹിഷ്ണുത, വിദ്വേഷ പ്രസംഗം, മതതീവ്രവാദം, വിവേചനം, എന്നിവയെ നേരിടാനുള്ള എല്ലാ ശ്രമങ്ങളെയും തടയേണ്ടതാണ്. ഇത്തരം വിഭാഗീയതകള്‍ ഇല്ലാതാക്കാനുള്ള കഠിന ശ്രമങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ടുര്‍ക് പറഞ്ഞു. പാകിസ്ഥാന്‍, പെറു, ആഫ്രിക്ക എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
English summary;Minority Hunting: UN Against India
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.