10 December 2025, Wednesday

Related news

November 23, 2025
November 14, 2025
November 11, 2025
November 7, 2025
November 2, 2025
October 25, 2025
October 17, 2025
October 12, 2025
October 2, 2025
September 27, 2025

ന്യൂനപക്ഷ,മാധ്യമ വേട്ട: മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആഗോള മാധ്യമങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 18, 2024 11:18 pm

ന്യൂനപക്ഷ വിരുദ്ധത, മനുഷ്യാവകാശ ലംഘനം, മാധ്യമ സ്വാതന്ത്ര്യ നിഷേധം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആഗോള മാധ്യമങ്ങള്‍. സ്വയം വിശ്വഗുരു എന്ന് നടിക്കുന്ന നരേന്ദ്രമോഡി ഭരണത്തില്‍ രാജ്യത്ത് നടക്കുന്ന അടിച്ചമര്‍ത്തല്‍ നയത്തെ സന്നദ്ധ പ്രവര്‍ത്തകരും വിമര്‍ശിച്ച് രംഗത്തെത്തി. റോയിട്ടേഴ്സ്, ദി ഗാര്‍ഡിയന്‍, ബിബിസി, എന്‍ആര്‍ഐ അഫയേഴ്സ്, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ജസീറ തുടങ്ങിയ ആഗോള മാധ്യമങ്ങളാണ് മോഡി ഭരണത്തിന്റെ നെറികേട് തുറന്നുകാട്ടുന്നത്. 2024 സെപ്റ്റംബര്‍ ഒന്നുമുതല്‍ 15 വരെ ദിവസങ്ങളിലെ സംഭവവികാസങ്ങളാണ് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത്.
വിലക്കയറ്റം, തൊഴിലില്ലായ്മ, ഗ്രാമീണ ജനതയുടെ ദുരിതം, ന്യൂനപക്ഷ ധ്വംസനം, മാധ്യമങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം എന്നിവയാണ് റോയിട്ടേഴ്സ് പ്രതിപാദിക്കുന്നത്. ഹൈന്ദവ ദേശീയത ഉയര്‍ത്തിയുള്ള ബിജെപിയുടെ തീവ്രനിലപാട് ആഗോള തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷേഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കിയ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ചാണ് ദി ഗാര്‍ഡിയന്‍ ലേഖനം. ഹസീനയുടെ സ്വേച്ഛാധിപത്യത്തിന് നേരെ കണ്ണടച്ച ഇന്ത്യ, അമേരിക്കയുമായുള്ള ബന്ധത്തില്‍ ഇരട്ടത്താപ്പ് സ്വീകരിച്ചതായും ഗാര്‍ഡിയന്‍ കുറ്റപ്പെടുത്തുന്നു. 

ഇന്ത്യയിലെ ഹസീനയുടെ സാന്നിധ്യം ബംഗ്ലാദേശുമായുള്ള രാജ്യത്തിന്റെ ബന്ധം ശക്തമാക്കുന്നതില്‍ പ്രധാന വെല്ലുവിളി സൃഷ്ടിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്നത് ഭീഷണിയായി ഇന്ത്യ ഇപ്പോഴും കാണുന്നില്ല. മാലദ്വീപുമായും ബംഗ്ലാദേശുമായും ചൈന അടുത്ത ബന്ധം സ്ഥാപിക്കുന്നത് ഭാവിയില്‍ സൃഷ്ടിക്കാവുന്ന വെല്ലുവിളി മോഡി സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നില്ല. മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള മോഡി സര്‍ക്കാരിന്റെ പ്രതികാര നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അസാധ്യമാക്കി തീര്‍ത്തു. എതിര്‍ക്കുന്നവരുടെ വാ മൂടിക്കെട്ടാനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലേക്കുള്ള വന്‍തോതിലുള്ള ഇന്ത്യന്‍ കുടിയേറ്റം, ന്യൂനപക്ഷ വേട്ട എന്നിവയും ബിബിസി റിപ്പോര്‍ട്ടിലുണ്ട്.

ഓസ്ട്രേലിയന്‍ മാധ്യമ സ്ഥാപനമായ എന്‍ആര്‍ഐ അഫയേഴ്സ് ഇന്ത്യയുടെ വര്‍ണവിവേചനത്തിനെതിരെയുള്ള നിലപാട് സംശയാസ്പദാമാണെന്ന് പറയുന്നു. രാജ്യത്ത് പൗരസ്വാതന്ത്ര്യം കടുത്ത ഭീഷണി നേരിടുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് ലേഖനത്തില്‍ പറയുന്നു. വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകമാണ് അല്‍ജസീറ ഉയര്‍ത്തുന്നത്. മോഷണ ശ്രമം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം നിഷ്ഠുരമെന്നാണ് ലേഖനത്തില്‍ പറയുന്നത്.
ഇന്ത്യയില്‍ വിഭാഗീയ പ്രവര്‍ത്തനം ശക്തിപ്രാപിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ന്യൂനപക്ഷങ്ങളെ അകാരണമായി വേട്ടയാടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് രാജ്യത്തിന്റെ ശോഭ കെടുത്തുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗോ സംരക്ഷണത്തിന്റെ മറപിടിച്ചുള്ള അക്രമം രാജ്യത്ത് നിത്യസംഭവമായി മാറിയെന്ന് ഹര്‍ഷ് മന്ദറെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതലത്തില്‍ വിശ്വഗുരു ചമയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണം രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മാധ്യമങ്ങളെയും അടിച്ചമര്‍ത്തുന്ന നിലയിലേക്ക് പരിണമിച്ചതായാണ് ആഗോള മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.