വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറുന്ന യാത്രക്കാരുടെ വിവരങ്ങള്‍ കാലാനുസൃതമായി നവീകരിക്കണമെന്ന് ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. മോശം പെരുമാറ്റം നടത്തുന്ന യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ആഭ്യന്തരകമ്മിറ്റിക്ക് വിടണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു. വിലക്ക് ചിലപ്പോള്‍ ആജീവനാന്ത കാലമാകാം.
ഡിസംബര്‍ ആറിന് പാരിസില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്കുള്ള എയര്‍ ഇന്ത്യയുടെ എഐ142 വിമാനത്തിലുണ്ടായ രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിസിഎയുടെ അറിയിപ്പ്. വിമാനത്തില്‍ ഒരാള്‍ പുകവലിക്കുകയും മറ്റൊരാള്‍ സഹയാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിയ്ക്കുകയും ചെയ്ത സംഭവങ്ങള്‍ വിവാദമായിരുന്നു.
വിരമിച്ച ജില്ലാ ജഡ്ജി അധ്യക്ഷനായ മൂന്നംഗ ആഭ്യന്തര കമ്മിറ്റിക്കാണ് ഇത്തരം സംഭവങ്ങള്‍ അന്വേഷണത്തിന് വിടേണ്ടത്. ജീവനക്കാരുടെയും യാത്രാക്കാരുടെയും പ്രതിനിധികളാണ് കമ്മിറ്റിയിലെ മറ്റ് രണ്ടുപേര്‍. കമ്മിറ്റി ചേര്‍ന്ന് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. തുടര്‍ന്ന് നടപടി വിവരങ്ങള്‍ ഡിജിസിഎയെ അറിയിക്കുകയും യാത്രാവിലക്കുള്ളവരുടെ പട്ടികയിലേക്ക് ഇവരുടെ വിവരങ്ങള്‍ ചേര്‍ക്കുകയും വേണം. യാത്രവിലക്കിന്റെ കാലാവധി കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നും വിലക്ക് തീരുന്നമുറയ്ക്ക് വിവരങ്ങള്‍ നവീകരിക്കണമെന്നും ഡിജിസിഎ വ്യക്തമാക്കി.
വിവാദമായ സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ എയര്‍ഇന്ത്യ കാലതാമസമെടുത്തുവെന്ന വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് ഡിജിസിഎയുടെ ഇടപെടലുണ്ടായിരിക്കുന്നത്.
English Summary; misbehavior of air passengers; DGCA to update travel ban information
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.