സെറ്റിൽ മോശമായി പെരുമാറിയതിന്റെ പേരിൽ യുവതാരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വീണ്ടും വിലക്ക്. സെറ്റിൽ പ്രശ്നമുണ്ടാക്കുന്ന താരങ്ങളെ ഇനിയും സഹിക്കാനാകില്ലെന്ന് നിർമാതാക്കൾ. താരസംഘടനയായ അമ്മ കൂടി പങ്കെടുത്ത യോഗത്തിലാണ് ഫെഫ്കയുടെ തീരുമാനം. മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങളുമായി സഹകരിക്കേണ്ടെന്നും യോഗത്തിൽ ധാരണയായി. നഷ്ടപരിഹാരം ബുദ്ധിമുട്ടുണ്ടാക്കുന്ന താരങ്ങളിൽ നിന്ന് ഈടാക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. നിർമാതാക്കളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.
നിർമാതാവ് സോഫിയ പോളിന്റെ ആർഡിഎക്സ് എന്ന ചിത്രത്തിന്റെ സെറ്റിൽ പ്രശ്നമുണ്ടാക്കിയതിനാണ് ഷെയ്ൻ നിഗത്തെ വിലക്കിയത്. ഷെയ്ൻ നിഗം നായകനാകുന്ന കുർബാനി ചിത്രത്തിന്റെ ഡബ്ബിങും പൂർത്തിയാക്കിയിട്ടില്ല.
ശ്രീനാഥ് ഭാസി ഏതൊക്കെ സിനിമകൾക്ക് വേണ്ടി കരാർ ഒപ്പിടുന്നു എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നും നിർമാതാക്കൾ കുറ്റപ്പെടുത്തുന്നു. ശ്രീനാഥ് ഒരു സെറ്റിലും സമയത്തിന് എത്താറില്ലെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമയുടെ നന്മയ്ക്കാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. ലഹരി മരുന്നു പയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ മുൻപും ഇരുവരും വിലക്ക് നേരിട്ടിടുണ്ട്. ഉല്ലാസം, വെയിൽ എന്നീ ചിത്രങ്ങളുടെ സെറ്റിൽ പ്രശ്നമുണ്ടാക്കിയതിനും സമയത്ത് ചിത്രീകരണം പൂർത്തിയാക്കാത്തതിനും, സംവിധായകന്റെയോ നിർമാതാവിന്റെയോ അനുവാദമില്ലാതെ ചിത്രത്തിനായി സെറ്റ് ചെയ്തിരുന്ന ലുക്ക് മാറ്റിയതിനുമായിരുന്നു ഷെയ്ൻ നേരത്തെ വിലക്ക് നേരിട്ടത്. തുടർന്ന് അമ്മ അടക്കമുള്ള സംഘടനകൾ ചർച്ച നടത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.
ഓൺലൈൻ ചാനൽ അവതാരകയോട് മോശമായി പെരുമാറിയതിന്റെ പേരിലായിരുന്നു ശ്രീനാഥ് ഭാസിക്ക് നടപടി നേരിടേണ്ടി വന്നത്. അവതാരകയുടെ പരാതിയിൽ മരട് പോലീസ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് അവതാരകയോട് മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിച്ചതിനെ തുടർന്നാണ് അന്ന് വിലക്ക് പിൻവലിച്ചത്.
English Summary: Misconduct: Shane Nigam and Srinath Bhasi banned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.