24 December 2024, Tuesday
KSFE Galaxy Chits Banner 2

ദിശതെറ്റി ഓഹരി വില്പന: കേന്ദ്രം ലക്ഷ്യമിട്ടത് 30, 000 കോടി , കിട്ടിയത് 14,737 കോടി

ബേബി ആലുവ
കൊച്ചി
March 24, 2024 9:13 pm

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പന നടപ്പ് സാമ്പത്തിക വർഷവും ലക്ഷ്യം കാണാതെ പാളി.
വില്പനയിലൂടെ 30,000 കോടി നേടാനാവുമെന്ന് മനക്കോട്ട കെട്ടിയ കേന്ദ്രത്തിന്, സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും സമാഹരിക്കാനായത് 14,737.29 കോടി രൂപ മാത്രം. 

ഓഹരി വില്പനയിലൂടെ 51,000 കോടി രൂപയായിരുന്നു ആദ്യം ലക്ഷ്യംവച്ചത്. എന്നാൽ, വില്പനയിൽ തുടരെ നേരിടുന്ന തിരിച്ചടി വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചതോടെ ഇടക്കാല ബജറ്റിൽ തുക 30,000 കോടിയായി വെട്ടിച്ചുരുക്കുകയായിരുന്നു. എന്നിട്ടും, ലക്ഷ്യത്തിന്റെ പകുതിക്കടുത്ത് മാത്രമേ എത്താനായുള്ളു.
2017–18, 2018–19 വർഷങ്ങളിലൊഴികെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയ്ക്കായുള്ള നീക്കങ്ങളെല്ലാം തുടർച്ചയായി പാളുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 50,000 കോടി ലക്ഷ്യമിട്ടെങ്കിലും നേടാനായത് 35,293 കോടി. അതിന് മുൻ വർഷം 78,000 കോടി ആഗ്രഹിച്ചെങ്കിലും കയ്യിലെത്തിയ തുക മൂന്നിലൊന്നു പോലുമില്ലായിരുന്നു-13,534 കോടി. ഐഡിബിഐ ബാങ്കിന്റെയും ഷിപ്പിങ് കോർപറേഷൻ, ബെമൽ, എച്ച്എൽഎൽ ലൈഫ് കെയർ, സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള എൻഎംഡിസി എന്നിവയുടെയും ഓഹരി വില്ലനയാണ് ഈ സാമ്പത്തിക വർഷം ഉദ്ദേശിച്ചിരുന്നതെങ്കിലും കാര്യങ്ങൾ ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങിയില്ല. 2024–25ൽ സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നതും 50,000 കോടി രൂപയാണ്. 

അതേ സമയം, വില്പനയ്ക്ക് വച്ചിരിക്കുന്ന പൊതുമേഖലാ കമ്പനികളിൽ നിന്ന് ലാഭ വിഹിതമായി നടപ്പ് സാമ്പത്തിക വർഷം ഇതുവരെ കേന്ദ്രത്തിന് കിട്ടിയത് 61,308 കോടി രൂപക്ക് മേലെയാണ്. ഇതുവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്. 2023 ലെ ബജറ്റിൽ 43,000 കോടി രൂപയാണ് ഈ ഇനത്തിൽ പ്രതീക്ഷിച്ചിരുന്നത്. ഇനിയും തുക ഉയരാനാണ് സാധ്യത. ഇസ്രയേൽ‑ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണ വില ആശങ്കപ്പെട്ടിരുന്നതുപോലെ ഉയരാതിരുന്നതിനാൽ എണ്ണക്കമ്പനികളും ഊർജ മേഖലയിലെ കമ്പനികളും മികച്ച ലാഭ വിഹിതമാണ് കൈമാറിയത്.
വിറ്റഴിക്കാൻ കേന്ദ്രം കണ്ണ് വച്ചിട്ടുള്ള കോൾ ഇന്ത്യയാണ് ഏറ്റവും കൂടുതൽ ലാഭവിഹിതം നൽകിയത് — 9,532 കോടി രൂപ. ഒഎൻജിസി 7,594 കോടി, ഐഒസി 5,818 കോടി, പവർ ഗ്രിഡ് കോർപറേഷൻ 5,760 കോടി, എൻടിപിസി 3,717 കോടി, നാഷണൽ ഇൻവെസ്റ്റ്മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 3,031 കോടി, ബിപിസിഎൽ 2,873 കോടി എന്നിങ്ങനെയാണ് കണക്ക്. പൊതുമേഖലാ കമ്പനികളിൽ നിന്ന് ഓരോ സാമ്പത്തിക വർഷവും കേന്ദ്രത്തിന് ലഭിക്കുന്ന ലാഭവിഹിതത്തിൽ പടിപടിയായി വലിയ വർധനവാണുണ്ടായിട്ടുള്ളത്. 2019–20 വർഷം 35,543 കോടി രൂപ ലഭിച്ചിടത്താണ് 2023–24ൽ 61,308 കോടി രൂപയ്ക്ക് മുകളിൽ ലഭിച്ചത്. 

Eng­lish Summary:Misdirected share sale: Cen­ter tar­gets Rs 30,000 crore, gets Rs 14,737 crore

You may also like this video

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.