
ക്ലാസ് ഉപേക്ഷിക്കുകയോ കോഴ്സ് ഒഴിവാക്കുകയോ ചെയ്യുന്ന ഇന്ത്യന്‍, വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. വിദേശ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ഒഴിവാക്കുകയോ കോഴ്‌സുകള്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നത് വിസ റദ്ദാക്കാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വിസയുടെ നിബന്ധനകൾ പാലിക്കാനും ഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥി പദവി നിലനിർത്താനും എംബസി എക്സിൽ പങ്കുവച്ച പോസ്റ്റിൽ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. ഇന്ത്യയിലെ യുഎസ് എംബസിയും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറ്റ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥി സ്റ്റാറ്റസ് നിലനിര്‍ത്തണമെന്നും ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നേരെത്തെയും യുഎസ് സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് ( ഒപിടി) വിസകളിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്‍മെന്റായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. ഒപിടി ആരംഭിച്ച് 90 ദിവസത്തിനുള്ളില്‍ തൊഴില്‍ സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ചെയ്തില്ലെങ്കില്‍ സ്റ്റുഡന്റ് ആന്റ് എക്സ്ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ നിയമപരമായ പദവി റദ്ദാക്കും. കൂടാതെ യുഎസിലെ അന്താരാഷ്ട്ര കാമ്പസുകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.
2023ൽ, ഇന്ത്യയിലെ യുഎസ് കോൺസുലാർ ടീം 1,40,000ത്തിലധികം വിദ്യാർത്ഥി വിസകൾ അനുവദിച്ചു. ഇത് മറ്റേതൊരു രാജ്യത്തെക്കാളും കൂടുതലാണ്. അതേ വർഷം, ഇന്ത്യയിലെ യുഎസ് മിഷൻ റെക്കോഡ് വേഗത്തിൽ 1.4 ദശലക്ഷം വിസകൾ പ്രോസസ്ചെയ്യുകയും ചെയ്തിരുന്നു.
ഈ മാസം ആദ്യം ഇന്ത്യയിലെ യുഎസ് എംബസി ഇന്ത്യൻ കുടിയേറ്റക്കാർക്ക് സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. അംഗീകൃത താമസ കാലയളവിനുശേഷവും അമേരിക്കയിൽ തന്നെ തുടരുകയാണെങ്കിൽ, നാടുകടത്തുകയും ഭാവിയിൽ അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് സ്ഥിരമായ വിലക്ക് നേരിടുകയും ചെയ്തേക്കാമെന്നായിരുന്നു എക്സില്‍ പങ്കുവച്ച അറിയിപ്പ്. എച്ച്-1ബി വിസകൾ, സ്റ്റുഡന്റ് വിസകൾ, ടൂറിസം വിസകൾ എന്നിവയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാർക്കും നിര്‍ദേശം ബാധകമാണ്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാടുകടത്തൽ ഉത്തരവുകളുടെ ഭാഗമായി 2025 ജനുവരി മുതൽ ഏകദേശം 700 ഇന്ത്യക്കാരെ യുഎസ് തിരിച്ചയച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം, 682 ഇന്ത്യൻ പൗരന്മാരെ യുഎസിൽ നിന്ന് നാടുകടത്തി, അവരിൽ ഭൂരിഭാഗവും നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ചവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.