
വിവിധ വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്ക് സമഗ്രമായ സേവനങ്ങൾ ഉറപ്പാക്കുന്ന ‘മിത്ര 181’ ഹെൽപ്പ് ലൈൻ സംവിധാനം വിപുലീകരിച്ചതായി വനിതാ വികസന കോർപ്പറേഷൻ അറിയിച്ചു. കൂടുതൽ സ്ത്രീകൾക്ക് സഹായകരമാകുന്ന രീതിയിലാണ് സേവനം മെച്ചപ്പെടുത്തിയത്. 181 എന്ന ടോൾ ഫ്രീ നമ്പറിലൂടെ സ്ത്രീകൾക്ക് എല്ലാ മേഖലകളിലെയും വിവരങ്ങൾ അറിയാനും അത്യാവശ്യ ഘട്ടങ്ങളിൽ സേവനങ്ങൾ നേടാനുമുള്ള സംവിധാനമാണ് മിത്ര. 2017ൽ ഹെൽപ്പ് ലൈൻ ആരംഭിച്ചത് മുതൽ ഇതുവരെ 5,66,412 കോളുകൾ ലഭിച്ചു. ഇതിൽ ആവശ്യമായ രണ്ട് ലക്ഷത്തോളം കേസുകളിൽ പൂർ സഹായം എത്തിച്ചതായി വനിതാ വികസന കോർപ്പറേഷൻ അറിയിച്ചു.
എല്ലാ സ്ത്രീകളും മിത്ര 181 നമ്പർ ഓർത്ത് വെക്കുകയും അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തുകയും വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൗൺസലിംഗ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി ഹെൽപ്പ് ലൈൻ 24 മണിക്കൂറും ലഭ്യമാണ്.സ്വകാര്യത നിലനിർത്തിക്കൊണ്ട് നീതി ലഭിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും ജീവിതത്തിലെ സ്വപ്നങ്ങൾ തിരിച്ചുപിടിക്കാനും സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മിത്ര 181 ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്നവർക്ക് പൊലീസ്, ആശുപത്രി, ആംബുലൻസ് സേവനങ്ങൾ, മറ്റ് സംവിധാനങ്ങൾ എന്നിവയിലേക്ക് റഫറൽ വഴി സഹായം ഉറപ്പാക്കും. കൗമാരപ്രായക്കാരായ പെൺകുട്ടികൾ, ഗാർഹിക പീഡനം അല്ലെങ്കിൽ മറ്റ് തരത്തിലുള്ള പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ എന്നിവർക്ക് മിത്ര 181 ൻ്റെ 24/7 സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. പ്രതിദിനം ശരാശരി 300 കോളുകളാണ് ഹെൽപ്പ് ലൈനിൽ എത്തുന്നത്. ഇതിൽ പ്രതിസന്ധി ഘട്ടങ്ങളിലുള്ള കോളുകളും വിവരാന്വേഷണത്തിനായി വിളിക്കുന്ന കോളുകളുമാണ് അധികവും. നിയമം അല്ലെങ്കിൽ സോഷ്യൽവർക്ക് മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടിയ 12 വനിതകളാണ് മൂന്ന് ഷിഫ്റ്റുകളിലായി മിത്ര 181ൽ സേവനമനുഷ്ഠിക്കുന്നത്. ഇവർക്ക് വിദഗ്ദ്ധ പരിശീലനവും തുടർ പരിശീലനവും ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.