22 November 2024, Friday
KSFE Galaxy Chits Banner 2

മിയാവാക്കിയും വനത്തിന്റെ ഡിജിറ്റല്‍ ലൈബ്രറിയും: താരമായി താമരക്കുളത്തെ അധ്യാപകന്‍

Janayugom Webdesk
ചാരുംമൂട്
June 22, 2023 9:08 pm

മിയാവാക്കി സാങ്കേതിക വിദ്യയിലൂടെ ചെറുവനം സൃഷ്ടിച്ച അധ്യാപകന് പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ ആദരം. ആലപ്പുഴ താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിലെ ജീവ ശാസ്ത്ര അധ്യാപകനായ റാഫിരാമനാഥിന്റെ പ്രവർത്തനങ്ങളാണ് 115-ാമത്തെ മൻകി ബാത്തിൽ പ്രധാനമന്ത്രി പരാമർശിച്ചത്. മിയാവാക്കി മാതൃകയിൽ വിദ്യാലയ വളപ്പിൽ സ്കൂൾ മാനേജ്മെന്റ് അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്ത് റാഫി രാമനാഥിന്റെ നേതൃത്വത്തിൽ 115 ഇനങ്ങളിലായി 460 മരങ്ങൾ നട്ട് വനംവകുപ്പ് നിർമിച്ചതാണ് വിദ്യാവനം പദ്ധതി. വിദ്യാവനത്തിന് ചുറ്റുവേലി കെട്ടി സംരക്ഷിച്ച് നെയിംബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ക്യൂആർ കോഡ് സ്ഥാപിച്ച്, കുട്ടികൾക്ക് സ്കാൻ ചെയ്ത് വൃക്ഷങ്ങളുടെ വിവരങ്ങൾ മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ വൃക്ഷ ലൈബ്രറി കൂടിയാണ് വിദ്യാവനം. വിദ്യാവനം സന്ദർശിക്കാൻ സ്കൂളിലെയും, സമീപ സ്കൂളുകളിലെയും അധ്യാപകരും, വിദ്യാർഥികളും, പൊതുജനങ്ങളും എത്താറുണ്ട്. 2004ൽ ജോലിയിൽ പ്രവേശിച്ച റാഫി 2009ൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ കോർഡിനേറ്റർ ആയതോടെ കുട്ടികളുമൊത്ത് പ്രവർത്തനം തുടങ്ങി. 

വനംവകുപ്പിന്റെ സഹായത്തോടെ സ്കൂളിൽ 50 ഔഷധസസ്യങ്ങൾ നട്ടായിരുന്നു തുടക്കം. ഔഷധത്തോട്ടത്തിൽ ഇപ്പോൾ ഇരുനൂറ്റിഅമ്പതോളം ഔഷധസസ്യങ്ങൾ വളരുന്നു. വഴിയോരത്തെ തണൽ മരങ്ങളിൽ ആണിയും മറ്റും തറച്ച് പരസ്യ ബോർഡുകൾ സ്ഥാപിച്ചു വൃക്ഷങ്ങൾ നശിപ്പിക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഫലമായി 2012ൽ മരങ്ങളിൽ ആണി തറച്ചു പരസ്യങ്ങൾ സ്ഥാപിക്കുന്നതിനെതിരെ സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
ജില്ലയിലെ വിദ്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നക്ഷത്രവനം, ഔഷധത്തോട്ടം, ശലഭോദ്യാനം തുടങ്ങിയ ജൈവ വൈവിധ്യ സംരക്ഷണത്തിലൂടെ ഒരു ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടു സംരക്ഷിക്കുന്നുണ്ട്. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ കെ. രഘുപ്രസാദ് പ്രസിഡന്റ് ആയിരിക്കെ നടപ്പിലാക്കിയ ‘നാട്ടുപച്ച’, ‘ശലഭോദ്യാനം’ എന്നീ പദ്ധതികളിലും പങ്കാളിയായി. സ്കൂളിൽ കുട്ടികളുടെ നഴ്സറി ആരംഭിച്ച് കുട്ടികളെ കൊണ്ട് വിത്ത് പാകി വൃക്ഷതൈകൾ മുളപ്പിച്ച് നട്ടുവളർത്തുന്ന പദ്ധതിക്കും തുടക്കമിട്ടു. മാവേലിക്കര ബ്ലോക്ക്പഞ്ചായത്തിന്റെ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആയി പ്രവർത്തിച്ചു വരുന്ന റാഫി രാമനാഥ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി അംഗമാണ്. നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

ജൈവവൈവിധ്യ ബോർഡിന്റെ മികച്ച പരിസ്ഥിതി സംരക്ഷകനുളള സംസ്ഥാന പുരസ്കാരം, വനമിത്ര പുരസ്കാരം ഐവാല വൃക്ഷമിത്ര പുരസ്കാരം, സംസ്ഥാന ബാലകൃഷിശാസ്ത്ര കോൺഗ്രസ് മികച്ച പരിസ്ഥിതി സംരക്ഷകൻ, ശുചിത്വമിഷൻ മികച്ച കോർഡിനേറ്റർ, വനംവകുപ്പിന്റെ പ്രകൃതി മിത്ര പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 2015 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പരിസ്ഥിതി സംരക്ഷകനുളള സംസ്ഥാന പുരസ്കാരം ലഭിച്ചു. പ്രകൃതി സംരക്ഷണ പാഠങ്ങൾ വിദ്യാർഥികളിലേക്കും, പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി നിർമിച്ച തളിര് നല്ല നാളെയ്ക്കായി എന്ന ഡോക്യുമെന്ററിക്ക് സംസ്ഥാന ബാലകൃഷിശാസ്ത്ര കോൺഗ്രസിൽ പുരസ്കാരം ലഭിച്ചു. മരങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി ”നന്മമരം” ഡോക്യുമെന്ററി ഒരുക്കി. റാഫി പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നൽകുന്ന ഊർജമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് റാഫി പറയുന്നു. തെക്കേക്കര പളളിയാവട്ടത്ത് സന്തോഷ് ഭവനിൽ രാമനാഥൻ പിള്ളയുടെയും, സുഭദ്രാമ്മയുടെയും മകനാണ്. ഭാര്യ ശ്രീലക്ഷ്മി, മക്കൾ ആർ എസ് അദ്വൈത്, ആർ എസ് പാർത്ഥിവ്. 

Eng­lish Sum­ma­ry: Miyawa­ki and the Dig­i­tal Library of the For­est; teacher goes viral

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.