കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനെതിരെ പ്രവർത്തിച്ച് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് ആരോപിച്ച് കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്കിലെ ഡയറക്ടർമാർക്കെതിരെ അച്ചടക്ക നടപടിയുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ബാങ്ക് ഡയറക്ടർമാരായ പുഷ്പരാജൻ കെ പി, സുഭാഷ്ചന്ദ്രൻ പി കെ, തോട്ടത്തിൽ മോഹൻദാസ്, പി സദാനന്ദൻ മാസ്റ്റർ, രാജി ടി, പ്രമീള ബാലഗോപാൽ, സ്വർണലത പി എന്നിവരെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. എൽഡിഎഫ് സ്ഥാനാർഥിയുമായി തെരഞ്ഞെടുപ്പ് വേളയിൽ ഇവർ രഹസ്യമായി യോഗം ചേർന്നെന്ന് പാർട്ടി അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ വ്യക്തമാക്കി.
പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരണത്തിലുള്ള ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണം സിപിഎമ്മിന്റെ കൈകളിൽ എത്തിക്കുന്നതിന് വേണ്ടി ഇടപാടുകാരല്ലാത്ത അനർഹരായ രണ്ടായിരത്തോളം സിപിഎമ്മുകാർക്ക് ഒന്നിച്ച് അംഗത്വം നൽകി ബാങ്കിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന നീക്കങ്ങൾക്ക് ഇവർ നേതൃത്വം നൽകിയെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു. വൻ സാമ്പത്തിക ഇടപാടുകൾ നടത്തി സ്വന്തക്കാർക്കും ബന്ധുക്കൾക്കും ബാങ്കിൽ നിയമനം കൊടുക്കുവാനുള്ള നടപടിയുമായി മുന്നോട്ടുപോയ ഇവർ പാർട്ടിക്ക് പൊതുസമൂഹത്തിന്റെ മുമ്പിൽ അവമതിപ്പുണ്ടാക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഈ കാരണങ്ങൾകൊണ്ടാണ് അച്ചടക്കനടപടി സ്വീകരിച്ചതെന്നുമാണ് പ്രവീൺകുമാർ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്. പാർട്ടിയിൽനിന്നും പുറത്താക്കാതിരിക്കുവാൻ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇവർക്ക് നോട്ടീസും നൽകിയിട്ടുണ്ട്.
എന്നാല്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ ദാര്‍ഷ്ട്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഏകപക്ഷീയമായി ഒരുവിഭാഗത്തെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കുന്നു. ജില്ലാ കോൺഗ്രസ്സ് പവർ ഗ്രൂപ്പിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സ്വന്തം നിലയിൽ മത്സരിക്കാൻ ചേവായൂർ ബാങ്ക് സംരക്ഷണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും ഇവര്‍ അറിയിച്ചു. ബാങ്ക് പരിധിയിലെ കോൺഗ്രസ്സ് പ്രവർത്തകരെ അണിനിരത്തി നിലവിലുള്ള ഭരണസമിതിയുടെ പിന്തുണയോടെയാണ് മത്സരിക്കുക.വ്യാജ ആരോപണങ്ങളുന്നയിച്ച് ബോർഡുകൾ സ്ഥാപിച്ചും ബാങ്ക് പരിധിക്ക് പുറത്തുള്ളവരുടെ മാർച്ച് സംഘടിപ്പിച്ചും ധർണ്ണ നടത്തിയും ചേവായൂർ ബാങ്കിനെ പൊതുജന മദ്ധ്യത്തിൽ കളങ്കപ്പെടുത്തിയവരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി റിബലിന് വേണ്ടി പ്രവർത്തിച്ചവരെയും ആസന്നമായ ചേവായൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കാന്‍ നീക്കം നടക്കുകയാണ്.
ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വം ഒരു മൂന്നംഗ പവർ ഗ്രൂപ്പിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. നേതൃത്വത്തിന്റെ അന്യായ നടപടികളെ പാർട്ടിയിൽ ചോദ്യം ചെയ്യുന്നവരെ പാർട്ടി വിരുദ്ധരായി മുദ്രകുത്തി പുറത്താക്കുന്ന ആരാച്ചാരായി ഡിസിസി പ്രസിഡന്റ് മാറിയിരിക്കുന്നു. ജില്ലയിലെ കോൺഗ്രസ് ഭരിക്കുന്ന മുഴുവൻ സഹകരണ സ്ഥാപനങ്ങളിലും നിരവധി പേരെയാണ് ഇതിനകം പുറത്താക്കിയിരിക്കുന്നത്. അതിന് കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമുള്ള നടപടിയെന്ന കവചവും നൽകുന്നു.
നടപടി നേരിട്ടവർക്ക് അപ്പീലിന് പോലും പാർട്ടിയിൽ അവസരം നൽകാതെ കടുത്ത നീതി നിഷേധമാണ് പാർട്ടിയിൽ നടക്കുന്നത്. മുതിർന്ന നേതാക്കളെ പോലും മൂന്നംഗ പവർ ഗ്രൂപ്പ് ബന്ദികളാക്കിയിരിക്കുകയാണ്. ബാങ്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ബാങ്ക് ഡയറക്ടർമാരെ കള്ളക്കാരണങ്ങൾ പറഞ്ഞ് സസ്പെന്റ് ചെയ്ത നടപടിയെ അവജ്ഞയോടെ തള്ളിക്കളയുകന്നതായും ചേവായൂർ ബാങ്ക് സംരക്ഷണ സമിതി വ്യക്തമാക്കി.
ചേവായൂർ ബേങ്ക് മാതൃകാപരമായി പ്രവർത്തിക്കുന്ന ജില്ലയിലെ പ്രഥമ ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡ് സഹകരണ സ്ഥാപനമാണ്. സഹകരണ നിയമത്തിന്റെ ചട്ടക്കൂട്ടിൽ പ്രാദേശിക പ്രവർത്തകർ പടുത്തുയർത്തിയ ബാങ്കിൽ സംശുദ്ധ ഭരണമാണ് നടക്കുന്നത്. ബാങ്ക് ഏതെങ്കിലും പാർട്ടിയുടെ പോഷക സ്ഥാപനമോ, കീഴ്ഘടകമോ അല്ല. പാർട്ടി നേതാക്കൾക്ക് കോടികൾ സമ്പാദിക്കാനുള്ള വില്പന ചരക്കാക്കി ബാങ്കിനെ മാറ്റാൻ അനുവദിക്കില്ല. നിക്ഷേപകർക്കും മറ്റ് ഇടപാടുകാർക്കും ബാങ്കിലുള്ള വിശ്വാസം ഒരുവിധത്തിലും നഷ്ടപ്പെടുത്താൻ ആർക്കും അടിയറ വെക്കാനുമാകില്ല. ബാങ്കിലെ മെമ്പർമാരിൽ നിന്നോ, നിക്ഷേപകരിൽ നിന്നോ, മറ്റ് ഇടപാടുകാരിൽ നിന്നോ, രാഷ്ട്രീയ എതിരാളികളിൽ നിന്നോ യാതൊരു പരാതികളും ചേവായൂർ ബാങ്കിനെതിരെ ഇന്നേവരെ ഉണ്ടായിട്ടില്ല. 508 കോടി നിക്ഷേപവും, 235 കോടി ലോണും എട്ട് ബ്രാഞ്ചുകളും 100 കോടിയുടെ ആസ്തിയും 47 ജീവനക്കാരും 36,000 മെമ്പർമാരും മറ്റ് എല്ലാ ആധുനിക സൗകര്യങ്ങളും ജനവിശ്വാസത്തിൽ പടുത്തുയർത്തിയതാണ്. ബാങ്കിനെ ഏതുവിധേനയും സംരക്ഷിക്കുമെന്നും ബാങ്ക് സംരക്ഷണ സമിതി വ്യക്തമാക്കി.
യോഗത്തിൽ ചെയർമാൻ വി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മുൻ കെപിസിസി മെമ്പർ കെ വി സുബ്രഹ്മണ്യൻ, ജനറൽ കൺവീനർ എം പി വാസുദേവൻ, ബാങ്ക് ചെയർമാൻ ജി സി പ്രശാന്ത് കുമാർ, വൈസ് ചെയർമാൻ കെ പി പുഷ്പരാജ്, കെ പ്രകാശൻ, എം ടി സേതുമാധവൻ, ട്രഷറർ പി ടി രാജേഷ്, കെ ജഗദീശ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.