23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 15, 2024
November 13, 2024
November 12, 2024
November 12, 2024

വോട്ടാരവത്തിന്റെ ഓർമ്മകളിൽ എം കെ സാനുവും മേദിനിയും

ടി കെ അനിൽകുമാർ
ആലപ്പുഴ
March 14, 2024 11:53 pm

ഒരു വലിയ തെരഞ്ഞെടുപ്പിന്റെ തിളങ്ങുന്ന ഓർമ്മകളാണ് എം കെ സാനുവിന്റെ മനസിൽ ഇപ്പോഴും. എന്നാൽ തദ്ദേശ തെര‍ഞ്ഞെടുപ്പിനെ നേരിട്ടതിന്റെ ചെറിയ അനുഭവങ്ങൾ മാത്രമാണ് പി കെ മേദിനിക്ക് ഓർത്തെടുക്കാനുള്ളത്. പക്ഷേ ഇരുവരും ഒരുകാര്യത്തിൽ ഒന്നിച്ചു. പഞ്ചായത്ത് ആയാലും പാർലമെന്റ് ആയാലും തെരഞ്ഞെടുപ്പ് പോരാട്ടമെന്നാൽ കടുകട്ടിതന്നെ. ഊണും ഉറക്കവുമില്ലാത്ത ദിനരാത്രങ്ങൾ. വീടുകൾ കയറിയിറങ്ങിയുള്ള നടപ്പ്. ഒരിക്കലെങ്കിലും തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിട്ടുള്ളവർക്ക് അതൊക്കെ മനഃപാഠമാണെന്നും സാനുമാഷ് പറയുന്നു. കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന താൻ 1987 ൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന എറണാകുളത്ത് മത്സരിച്ച് വിജയിച്ച ഓർമ്മകൾ പങ്കിട്ടപ്പോൾ പ്രൊഫ. എം കെ സാനുവിന്റെ മുഖത്ത് ആവേശം വാനോളം.
ഇടതുസ്ഥാനാർത്ഥിയായി എം കെ സാനുവിനെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാനായിരുന്നു എൽഡിഎഫിന്റെ നീക്കം. എഴുത്തും വായനയും പ്രസംഗവുമെല്ലാം ദിനചര്യയാക്കി മാറ്റിയ സാനുമാഷിന് രാഷ്ട്രീയ പ്രവർത്തനത്തിനോട് അശേഷം താല്പര്യമില്ല. സുഹൃത്തായിരുന്ന അഡ്വ. എം എം ചെറിയാൻ എം കെ സാനുവിനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. അന്ന് ഇഎംഎസും അവിടെ ഉണ്ടായിരുന്നു. 

അദ്ദേഹം നയം വ്യക്തമാക്കി- “എറണാകുളം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സാനുമാഷ് മത്സരിക്കണം. കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലം ആണെങ്കിലും മാഷ് സ്ഥാനാർത്ഥിയായാൽ നമുക്ക് വിജയിക്കാൻ കഴിയും”. തോപ്പിൽഭാസി, മലയാറ്റൂർ രാമകൃഷ്ണൻ, ടി കെ രാമകൃഷ്ണൻ, കെ എൻ രവീന്ദ്രനാഥ്, എം എം ലോറൻസ് തുടങ്ങിയവരും നിർബന്ധിച്ചു. അടുത്ത സുഹൃത്തായ ഡോ. ഗോപാലകൃഷ്ണനോട് ആലോചിച്ചേ മറുപടി പറയാൻ കഴിയൂ എന്ന് വിശദീകരിച്ച് എം കെ സാനു മടങ്ങി. ഒരു കാരണവശാലും മത്സരിക്കരുത് എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതുകേട്ട് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയപ്പോൾ കണ്ടകാഴ്ച ഞെട്ടിച്ചു. നഗരത്തിൽ പലസ്ഥലത്തും എൽഡിഎഫ് പ്രവർത്തകർ ചുവരുകളിൽ തന്റെ പേരെഴുതി പ്രചരണം തുടങ്ങിയിരിക്കുന്നു.

സ്നേഹത്തോടെയുള്ള സുഹൃത്തുക്കളുടെ നിർദേശങ്ങൾ കൂടിയായപ്പോൾ മത്സരത്തിൽ നിന്നും പിൻമാറാൻ കഴിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഭാര്യയടക്കം ശക്തമായി എതിർത്തു. ഭാര്യയെ ആശ്വസിപ്പിക്കലായി അടുത്ത ഊഴം. കോൺഗ്രസിന്റെ കുത്തക മണ്ഡലം ആയതിനാൽ തെരഞ്ഞെടുപ്പിൽ നമ്മൾ ഏതായാലും തോൽക്കുമെന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞു. വോട്ടെണ്ണി കഴിയുമ്പോൾ കോൺഗ്രസുകാർ നമ്മുടെ വീടിന്റെ മുന്നിലെത്തി “പൊട്ടിപ്പോയേ” എന്ന് ആക്ഷേപിക്കുകയും പടക്കം പൊട്ടിക്കുകയുമൊക്കെ ചെയ്യും. അതുകേട്ട് വിഷമിക്കരുതെന്ന് ഭാര്യക്ക് നിർദേശം നൽകി സാനു മാഷും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി. എന്നാൽ ഫലം വന്നപ്പോൾ ആദ്യം ഞെട്ടിയത് സാക്ഷാൽ സാനുമാഷ് തന്നെ. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി എം കെ സാനു ചരിത്രം രചിച്ചു. സ്ഥാനാർത്ഥിക്കെതിരെയും നേതാക്കൾക്കെതിരെയും വ്യക്തിപരമായ പരാമർശങ്ങൾ അന്ന് ഉണ്ടാകുമായിരുന്നില്ല. കൂടാതെ ഇലക്ഷന് മുമ്പും വിജയിച്ചശേഷവും എതിർസ്ഥാനാർത്ഥി എ എൽ ജേക്കബിനെ വീട്ടിൽപോയി കണ്ടിരുന്നുവെന്നും എം കെ സാനു പറഞ്ഞു. തൊട്ടടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കുവാൻ എൽഡിഎഫ് നേതൃത്വം പറഞ്ഞെങ്കിലും എനിക്ക് സംഭാവന ചെയ്യാൻ കഴിയുന്നത് എഴുത്തിലും പ്രസംഗത്തിലും മാത്രമാണെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. 

Eng­lish Summary:MK Sanu and Medi­ni in Vot­tar­avam memories
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.