
നിയമസഭയിലേക്ക് ജീപ്പോടിച്ചെത്തുന്ന എംഎൽഎയെ കൗതുകത്തോടെയാണ് എല്ലാവരും കണ്ടത്. ബെൻസും ബിഎംഡബ്ല്യുവും റേഞ്ച് റോവറും ഇന്നോവയും വരെ ജനപ്രതിനിധികളുടെ വാഹനമാകുമ്പോഴാണ് പീരുമേടിന്റെ ജനനായകന് ജീപ്പ് അത്രമേൽ പ്രിയപ്പെട്ടവനാകുന്നത്. മലമടക്കുകൾ കയറാനുമിറങ്ങാനും ഹൈറേഞ്ചുകാരുടെ കൂട്ട് ജീപ്പ് തന്നെയാണ്. തങ്ങളുടെ എംഎൽഎ ജീപ്പിൽ തലസ്ഥാനത്തേക്ക് പായുന്ന കഥ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പീരുമേടുകാർ പങ്കുവെയ്ക്കുന്നത്. 1978‑ല്‍ ആണ് വാഴൂർ സോമൻ ആദ്യ ജീപ്പ് സ്വന്തമാക്കിയത്.
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ ഭാഗമായി അന്ന് പീരുമേട്ടിലെ തോട്ടം മേഖലകളിലൂടെയുള്ള സഞ്ചാരമെല്ലാം ആ ജീപ്പിലായിരുന്നു. 1991ൽ രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ വാഴൂർ സോമന്റെ ജീപ്പ് കത്തിച്ചു. പിന്നീട് 2006‑ൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ആയി സ്ഥാനമേറ്റതിതെ തുടർന്നാണ് ഇപ്പോൾ കൈവശമുള്ള മഹീന്ദ്ര മേജർ സ്വന്തമാക്കിയത്.
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്നാണ് വാഴൂർ സോമൻ 1986ൽ ഇന്റർനാഷണൽ ലൈസൻസ് സ്വന്തമാക്കുന്നത്. മഞ്ഞിലൂടെ വണ്ടിയോടിക്കാൻ പ്രത്യേക പരിശീലനവും അക്കാലത്ത് റഷ്യയിൽ നിന്നു നേടി. എംഎൽഎ ആയതിന് ശേഷം പാർട്ടി നിർദേശപ്രകാരം കാറ് വാങ്ങിയെങ്കിലും വാഴൂർ സോമന് പ്രിയം ജീപ്പ് തന്നെ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അവസാന ശ്വാസവും നാടിന് വേണ്ടി മാറ്റിവെച്ചാണ് തോട്ടം തൊഴിലാളികളുടെ പ്രിയ നേതാവ് വാഴൂർ സോമൻ എംഎൽഎ യാത്രയായത്. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യു അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് വൈകിട്ട് അഞ്ചോടെ വാഴൂര്‍ സോമന്റെ വിടവാങ്ങല്‍. യോഗത്തിനിടെ കുഴഞ്ഞു വീണ എംഎല്‍എയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍തന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശിയായ സോമൻ അമ്മ വീടായ പീരുമേട്ടിൽ അവധിക്കാലം ചിലവഴിക്കാനെത്തിയതായിരുന്നു. പിന്നീട് അവിചാരിതമായാണെങ്കിലും സോമൻ തന്റെ കർമമണ്ഡലം പീരുമേടാക്കി. എഐഎസ്എഫിലൂടെ ആയിരുന്നു പൊതുരംഗത്തെത്തിയത്. പിന്നീട് തോട്ടം തൊഴിലാളി മേഖലയിൽ പ്രവർത്തനം കേന്ദ്രീകരിച്ചു. 1974 മുതൽ പൊതുരംഗത്തും ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളി മേഖലയിലും പ്രവർത്തിക്കുന്ന സോമൻ 2021 ൽ കന്നിയങ്കത്തിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഇടുക്കി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.
സോമന്റെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിലും വിവാദങ്ങളുണ്ടായി. സോമൻ വസ്തുതകൾ മറച്ചുവച്ചെന്നും തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥിയായിരുന്ന സിറിയക് തോമസ് ഹൈക്കോടതിയെ സമീപിച്ചു. നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ സോമൻ പൂർണ വിവരങ്ങൾ നൽകിയില്ലെന്നായിരുന്നു ആരോപണം. എന്നാൽ ഹർജി ഹൈക്കോടതി തള്ളി. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റായ സോമൻ ഏഷ്യയിലെ തന്നെ വലിയ തോട്ടം തൊഴിലാളി സംഘടനയായ പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.