സിപിഐ സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനമായ എംഎന്‍ സ്മാരകം നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക ഘട്ടം ആരംഭിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാവുന്നതുവരെ സംസ്ഥാന കൗണ്‍സില്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഇന്നുമുതല്‍ പട്ടം പിഎസ് സ്മാരകത്തില്‍ ആയിരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
ഓഫീസ് സാമഗ്രികളും മറ്റും സുരക്ഷിതമാക്കി വയ്ക്കുന്നതും കെട്ടിടത്തില്‍ നവീകരണത്തിനായി പൊളിച്ചുമാറ്റുന്ന ഭാഗത്തുള്ളവ മാറ്റിവയ്ക്കുന്നതുമായ പ്രവര്‍ത്തനങ്ങളാണ് എംഎന്‍ സ്മാരകത്തില്‍ ഇപ്പോള്‍ നടക്കുക. ഏറെക്കാലത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹമാണ് എംഎന്‍ സ്മാരക നവീകരണം. പാര്‍ട്ടി അംഗങ്ങള്‍ നേരിട്ടും അവരുടെ നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്നുമായി സമാഹരിക്കുന്ന പണം ഉപയോഗിച്ചാണ് എംഎന്‍ സ്മാരകം നവീകരിക്കുന്നത്. മേയ് മാസം ഒന്നുമുതല്‍ 10വരെയുള്ള തിയതികളിലാണ് കേരളത്തിലെമ്പാടുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനായി പ്രത്യേകം സ്ക്വാഡുകളായി പൊതുജനങ്ങളെ സമീപിക്കുന്നത്. പാര്‍ട്ടി അംഗങ്ങളുടെ ഫണ്ട് വിഹിതം അതാത് ഘടകങ്ങളിലൂടെ സംസ്ഥാന ഘടകങ്ങളിലേക്ക് കൈമാറുന്ന പ്രവര്‍ത്തനം ഈമാസം 30നകം പൂര്‍ത്തിയാക്കും.
നിലവിലെ കാഴ്ച ഭംഗിയില്‍ തെല്ലുപോലും ഭംഗം വരുത്താതെയാണ് എംഎന്‍ സ്മാരകം നവീകരിക്കുന്നത്. രാഷ്ട്രീയ കേരളത്തിന്റെ മാറ്റങ്ങള്‍ക്കും ഭരണ മുന്നേറ്റങ്ങള്‍ക്കും വികസന കാഴ്ചപ്പാടുകള്‍ക്കും വേണ്ടിയുള്ള എണ്ണമറ്റതും നിര്‍ണായകവുമായ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ച ചരിത്ര മന്ദിരമാണ് എംഎന്‍ സ്മാരകം. സ്ഥലപരിമിതികള്‍ മൂലം ഒരുപാട് അസൗകര്യങ്ങളോടെയാണ് പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കാലാനുസൃതമായി പുതിയ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുംവിധം എംഎന്‍ സ്മാരകത്തെ നവീകരിക്കാനാണ് കഴിഞ്ഞ സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചതെന്ന് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
മന്ദിരം പുതുക്കുന്നതോടെ ഓഡിറ്റോറിയം, നേതാക്കള്‍ക്കും മറ്റും തങ്ങുന്നതിനുള്ള വിശ്രമ മുറികള്‍ ഉള്‍പ്പെടെ ഉണ്ടാകും. സ്മാരക നവീകരണവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണത്തിന്റെ പ്രാഥമികഘട്ടം ആവേശകരമായിരുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി അനുഭാവികളും ജനങ്ങളും ഹൃദയപൂര്‍വം ഏറ്റെടുക്കുമെന്നുള്ള പ്രതീക്ഷയാണ് ഇത് നല്‍കുന്നത്. ഏകദേശം 10 കോടി രൂപയാണ് സമാഹരിക്കാനാണ് തീരുമാനം. ഈ ലക്ഷ്യം നിറവേറ്റാനാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
English Sammury: CPI State Council Office MN Smarakam Renovations
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.