
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളില്‍ മോക് ഡ്രില്‍. വ്യോമാക്രമണ സൈറണുകൾ, പെട്ടെന്നുള്ള ഒഴിപ്പിക്കൽ തുടങ്ങിയ സാഹചര്യങ്ങളോടുള്ള ആദ്യ പ്രതികരണത്തിനുള്ള പരിശീലനത്തിലും മറ്റുമായിരിക്കും സുരക്ഷാ അഭ്യാസം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. മൂന്ന് സിവില്‍ ഡിഫന്‍സ് ഡിസ്ട്രിക്ടുകളാക്കിയാണ് മോക്ഡ്രില്‍. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും ലക്ഷദ്വീപിലെ കവരത്തിയിലും കാറ്റഗറി 2 ഇനത്തിൽ പെട്ട മോക്ഡ്രില്‍ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സംഘര്‍ഷത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ പരിശീലനം നല്‍കേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. സ്‌കൂളുകള്‍, ഓഫീസുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളില്‍ സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കും. ജില്ലാ കൺട്രോളർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിവിൽ ഡിഫൻസ് വാർഡന്മാർ, വളണ്ടിയർമാർ, ഹോം ഗാർഡുകൾ, എൻസിസി, നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്), കോളേജ്, സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തം സുരക്ഷാ അഭ്യാസത്തിൽ ഉണ്ടായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ജമ്മു കശ്മീരിലും ഡല്‍ഹിയിലും ഇതിനോടകം മോക്ഡ്രില്‍ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അണക്കെട്ടുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു. വൈദ്യുതോല്പാദന, ജലസേചന അണക്കെട്ടുകളുടെയെല്ലാം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നിർദ്ദേശം നൽകി. കേരളത്തില്‍ 14 ജില്ലകളിലും മോക് ഡ്രില്‍ നടക്കും. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ ആഭ്യന്തര, റവന്യു, ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പൊലീസ് മേധാവി, ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ, ദുരന്തനിവാരണ സ്‌പെഷ്യൽ സെക്രട്ടറിയും കമ്മിഷണറും, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, ജില്ലാ കളക്ടർമാർ, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.