
തീരപ്രദേശങ്ങൾക്ക് കടലോളം പ്രതീക്ഷയുമായി മാതൃകാ മത്സ്യ ഗ്രാമങ്ങൾ ഒരുങ്ങുന്നു. ആധുനിക സജ്ജീകരണങ്ങളും സൗകര്യങ്ങളുമായി സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ ഒമ്പത് സ്ഥലങ്ങളിലാണ് മാതൃകാ മത്സ്യഗ്രാമങ്ങൾ വരുന്നത്. ഒരുലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികൾക്ക് ജീവിതമാർഗം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന പദ്ധതിയാണിത്. പദ്ധതി നിലവിൽ വരുന്നതോടെ തീരമേഖലയിലെ തൊഴിലുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഒരു കുടക്കീഴിൽ വരും.
മത്സ്യത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ കൃത്രിമപ്പാരുകൾ വലിയൊരാശ്വാസമായികും. മത്സ്യം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നതിനാൽ വിലത്തകർച്ചയിൽ നിന്ന് രക്ഷപ്പെടാനും കഴിയും. തീരപ്രദേശത്തെ വീടുകളുടെ പുനരുദ്ധാരണം, തടസമില്ലാത്ത കുടിവെള്ള വിതരണം, മെച്ചപ്പെട്ട ശുചിത്വം, ആരോഗ്യ സൗകര്യങ്ങൾ ഒരുക്കൽ, മത്സ്യ വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കൽ, ഫിഷറീസ് സ്കൂളുകൾ നിർമ്മിക്കൽ എന്നിവ ഉൾപ്പെടുന്ന തീരദേശ ഗ്രാമങ്ങളുടെ സമഗ്ര വികസനം ഇതിൽ ഉൾപ്പെടും. 69 കോടി രൂപയാണ് ഫിഷറീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതിയുടെ പ്രതീക്ഷിതചെലവ്. ഇതിൽ 35 കോടി കേന്ദ്രത്തിന്റെയും 33 കോടിയിലേറെ രൂപ സംസ്ഥാനത്തിന്റെയും വിഹിതമായിരിക്കും. 2026 മാർച്ചോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ആലപ്പുഴയിൽ ആറാട്ടുപുഴ, എറണാകുളത്ത് നായരമ്പലം, ചെല്ലാനം, മലപ്പുറത്ത് പൊന്നാനി, താനൂർ, കണ്ണൂരിൽ ചാലിൽ ഗോപാലപ്പേട്ട, കാസർകോട്ട് ഷിരിയ, തൃശൂരിൽ എടക്കഴിയൂർ, കോഴിക്കോട്ട് ചാലിയം എന്നിവിടങ്ങളിലാണ് മത്സ്യഗ്രാമങ്ങൾ വരുന്നത്. ഓരോ മത്സ്യഗ്രാമങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിവിധഘട്ടങ്ങളിലാണ്. സെപ്റ്റംബറോടെ നിർമ്മാണപ്രവർത്തനങ്ങൾ ഒഴിച്ചുള്ളവ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ സ്ഥലത്തെയും പ്രാദേശിക വൈവിധ്യം അനുസരിച്ച് വേണം മത്സ്യഗ്രാമം തയ്യാറാക്കേണ്ടത്. കടൽച്ചൂട് തടയാനും ഒരുപരിധിവരെ മണ്ണുസംരക്ഷിക്കാനും ഓരോജില്ലകളിലെയും പരിസ്ഥിതിക്കനുയോജ്യമായ മരങ്ങളാണ് വച്ചുപിടിപ്പിക്കുന്നത്. ആലപ്പുഴയിലെ ആറാട്ടുപുഴയിൽ പ്രധാനമായും അലങ്കാരമത്സ്യനിർമ്മാണ യൂണിറ്റുകളാണ് ഒരുക്കേണ്ടത്. എന്നാൽ തൃശൂരിൽ ഇടക്കഴിയൂരിൽ ഫിഷ് ലാൻഡിങ് സെന്റർ തന്നെ നിർമ്മിക്കണം. തീരദേശ ബയോഫീൽഡ് നിർമ്മാണം, അക്വാ ഹബ്ബുകൾ സ്ഥാപിക്കൽ, ആധുനികരീതിയിലുള്ള ശീതീകരണ സംവിധാനമൊരുക്കൽ എന്നിവയാണ് പൊതുവായി ലക്ഷ്യമിടുന്ന പദ്ധതികൾ. സാമൂഹിക വനവൽക്കരണവിഭാഗവുമായിച്ചേർന്നാണ് തീരദേശ ബയോഫീൽഡ് നിർമ്മിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.