കേരളവുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തിക്കൊണ്ടുപോകണമെന്നതാണ് ആഗ്രഹമെന്ന് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയംഗം സുബ്രിലിന്‍ നികോളെ. ഇന്ത്യയിലെ തന്നെ ഒരു ചുവന്ന നാടാണ് കേരളം. കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് ഭരിക്കുന്നത്. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ നടപ്പിലാക്കി മുന്നോട്ട് പോകുന്നത് എന്നതിനെക്കുറിച്ച് പഠിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമുണ്ടെന്നും എംഎന്‍ സ്മാരകം സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞു. സാധാരണ തൊഴിലാളികളെ ഉപയോഗിച്ച് എങ്ങനെയാണ് സാമ്പത്തികമായും സാങ്കേതികമായുമുള്ള വികസനം നേടുന്നത് എന്നതും തൊഴിലാളി വര്‍ഗത്തിന് നേട്ടങ്ങളുണ്ടാക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നതും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സങ്കീര്‍ണമായ കാലഘട്ടത്തിലൂടെയാണ് റഷ്യ കടന്നുപോകുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഒരു പ്രതിബദ്ധതയുമില്ലാത്ത ആളുകള്‍ അധികാരത്തില്‍ വന്നു. അതിലൂടെ സോവിയറ്റ് യൂണിയന്റെ സ്ഥാനം ലോകത്ത് കുറഞ്ഞുവന്നു. എന്നാല്‍ ഇപ്പോള്‍ അത് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. സാമ്രാജ്യത്വത്തിനെതിരെ ഞങ്ങള്‍ ശക്തി ആര്‍ജിച്ചുവരികയാണ്.
രാജ്യത്ത് ആരോഗ്യരംഗം പണ്ട് മുഴുവനായും സൗജന്യമായിരുന്നു. അത് ഇപ്പോള്‍ സ്വകാര്യവല്‍ക്കരിച്ചു. അത് പഴയ രീതിയില്‍ പൂര്‍ണമായും സൗജന്യമാക്കണമെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. പെന്‍ഷന്‍, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലും സാധാരണക്കാര്‍ക്ക് അനുകൂലമായ നയങ്ങള്‍ നടപ്പിലാക്കണമെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. പെന്‍ഷന്‍ പ്രായം അഞ്ച് വര്‍ഷം കൂടി ഉയര്‍ത്തണം, പെന്‍ഷന്‍ ഫണ്ടിലേക്കുള്ള പങ്കാളിത്തം ഉയര്‍ത്തണം. അങ്ങനെ ഏറ്റവും സാധാരണക്കാരായ ജനങ്ങള്‍ക്ക് നല്ല രീതിയില്‍ ജീവിക്കാനുള്ള അവസരം ഒരുക്കണമെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ സോവിയറ്റ് യൂണിയൻ ശിഥിലീകരിക്കപ്പെട്ടുകഴിഞ്ഞു എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ലോക ഭൂപടത്തിൽ നിന്നും മായ്ച്ചു കളയാൻ കഴിഞ്ഞുവെന്നും വീമ്പിളക്കിയ സാമ്രാജ്യത്വ- നാറ്റോ ശക്തികളെ വെല്ലുവിളിച്ചുകൊണ്ട് ഇന്നും മുന്നോട്ടുള്ള വിജയകരമായ തിരിച്ചു വരവിലാണ് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് വൈകിട്ട് നടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
റഷ്യയിൽ മാത്രമല്ല ലോകമാസകലം ഫാസിസത്തിനെതിരായ മാറ്റത്തിന്റെ മാറ്റൊലി കണ്ട് തുടങ്ങിയിരിക്കുന്നു. റഷ്യ ‑ഉക്രെയ്ന്‍ യുദ്ധം തുടരാൻ പാടുള്ളതല്ല. അവർ തമ്മിലുള്ള സാഹോദര്യം വളരണമെന്നും വൈര്യം അവസാനിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ മോസ്കോ സിറ്റി ഡൂമ നേതാക്കളായ സുബ്രിലിന്‍ നികോളെ, ടിമോക്കോ സെർഗേ എന്നിവരുടെ പേര് നമുക്ക് പുതിയതാണ്. പക്ഷെ നമുക്ക് അവരെ അറിയാം. നമ്മുടെ എല്ലാവരുടെയും ഹൃദയത്തില്‍ ആഞ്ഞടിക്കുന്ന അതേ വികാരമാണ് അവരുടെ ഹൃദയത്തിലുമുള്ളത്. അവര്‍ പിടിക്കുന്ന കൊടിയാണ് നമ്മളും പിടിക്കുന്നത്. ആ കൊടിയാണ് ലോകത്തിന്റെ എല്ലാ ഭാഗത്തും ചൂഷിത വര്‍ഗ വാഴ്ചയെ ഇന്നും വെല്ലുവിളിക്കുന്നത്. ആ കൊടിയാണ് ഫാസിസ്റ്റ് ഹിറ്റ്ലറെ തോല്‍പ്പിച്ച കൊടി. ആ കൊടിയാണ് ലോകത്തെവിടെയുമുള്ള ഫാസിസ്റ്റുകളെയും അന്നും ഇന്നും എന്നും ഭയപ്പെടുത്തുന്നത്. ആ കൊടി പിടിക്കുന്ന കാര്യത്തില്‍ റഷ്യയിലെ സഖാക്കളും ഇന്ത്യയിലെ സഖാക്കളും രണ്ടല്ല, ഒന്നാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
റഷ്യക്കാരെ തെരഞ്ഞുപിടിച്ച് ഉക്രെയ്ന്‍ കൊന്നൊടുക്കിയതോടെയാണ് തിരിച്ച് യുദ്ധം ആരംഭിച്ചത്. യുദ്ധമുഖത്ത് നിന്ന് പിടിച്ച ഉക്രെയ്ന്‍ ജനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും റഷ്യ നല്‍കി. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന റഷ്യന്‍ സൈന്യത്തെ ഉക്രെയ്ന്‍ കൊന്നൊടുക്കി. റഷ്യയില്‍ മാത്രമല്ല, ഉക്രെയ‌്നിലടക്കമുള്ള അനേക ലക്ഷം റഷ്യന്‍ വംശജര്‍ എല്ലാവരുമായും സ്നേഹത്തോടെയും സാഹോദര്യത്തോടെയും കഴിയണമെന്നുള്ളതാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.