മതനിരപേക്ഷതയെന്ന വാക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി മറന്നുപോയ ദിനമായിരുന്നു അയോധ്യയിലെ പ്രതിഷ്ഠാദിനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മഹാത്മാഗാന്ധി ഇണ്ടംതുരുത്തി മന സന്ദർശിച്ചതിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അധികാരി ക്ഷേത്രത്തിലെ പൂജാരിയായി മാറുന്ന കാഴ്ചയാണ് അന്ന് രാജ്യം കണ്ടത്. മതേതര ഭാരതത്തിന്റെ പാർലമെന്റ് ഉദ്ഘാടന വേളയിലും പ്രധാനമന്ത്രി പൂജാരിയായി. ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന രാജ്യത്തിന്റെ പ്രഥമ വനിതയെ അടുപ്പിച്ചില്ല. ജാതിയിൽ താഴ്ന്നവളും വിധവയും ആയതിനാൽ ചടങ്ങിൽ നിന്നും രാജ്യത്തിന്റെ പ്രഥമ വനിതയെ മാറ്റി നിർത്തിയവരാണ് ദേശസ്നേഹത്തിന്റെ അപ്പോസ്തലന്മാർ എന്ന് സ്വയം പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമ്പത്തികമായും ആശയപരമായും ഫാസിസത്തിന്റെ വഴിയിലേക്കാണ് കേന്ദ്രത്തിന്റെ പോക്ക്. അതിനെ ശക്തമായി എതിർക്കാൻ എല്ലാവരും ഒന്നിക്കണം. ഇന്ത്യ സഖ്യം എന്തുകൊണ്ട് ദുർബലമാവുന്നു എന്ന ചിന്ത കോൺഗ്രസിനുണ്ടാവണം. ഇന്ത്യ സഖ്യം ശിഥിലമായാൽ ആർഎസ്എസ് — ബിജെപി സഖ്യം ശക്തിപ്പെടും. അത് പാടില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മൃഗങ്ങൾക്ക് പോലും വഴിനടക്കാൻ കഴിഞ്ഞിരുന്ന കാലത്ത് ജാതിയിൽ താഴ്ന്നവരായതുകൊണ്ട് മാത്രം വഴിനടക്കാൻ അവകാശമില്ലാതിരുന്ന ഒരു വിഭാഗം മനുഷ്യര്‍ സമൂഹത്തിൽ ഉണ്ടായിരുന്നുവെന്നത് പുതുതലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞേക്കില്ല. ആ കാലത്ത് വഴിനടക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടിയ വൈക്കം സത്യഗ്രഹത്തെ നയിച്ചത് അന്നത്തെ കോൺഗ്രസാണ്.
അതിന്റെ ഭാഗമായാണ് ഗാന്ധിജി വൈക്കത്തെത്തിയത്. അന്ന് ഗാന്ധിജിയെ പുറത്തിരുത്തിയ ഇണ്ടംതുരുത്തി മന പിന്നീട് ചെത്തുതൊഴിലാളി യൂണിയൻ വിലയ്ക്ക് വാങ്ങിയതും അവിടേക്ക് എല്ലാവർക്കും പ്രവേശനം നൽകിയതും ചരിത്രത്തിന്റെ കാവ്യനീതിയാണ്.
ജാതി വ്യവസ്ഥയ്ക്കാണ് ഇന്ന് കേന്ദ്രം കുടപിടിക്കുന്നത്. ദൈവത്തെയാണ് അവർ അതിനായി കൂട്ടുപിടിക്കുന്നത്. പള്ളി പൊളിച്ചും മറ്റ് മതങ്ങളെ ദ്രോഹിച്ചും ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുന്നതിനെ വിളിക്കേണ്ടത് മതഭ്രാന്ത് എന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് വി ബി ബിനു അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ സി ജോസഫ്, സി കെ ആശ എംഎൽഎ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.