
മുന്‍നിര കമ്പനികളിലെ പ്രായോഗിക പരിചയത്തിലൂടെ യുവാക്കളെ ജോലിക്ക് സജ്ജമാക്കുന്നതിനെന്ന പേരില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതി (പിഎംഐഎസ്) ആദ്യ രണ്ട് ഘട്ടവും പരാജയപ്പെട്ടെങ്കിലും 3.0 യുമായി വരുന്നു.
രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് മുമ്പ് പൈലറ്റ് രൂപകല്പന ചെയ്തിട്ടുണ്ട്. സ്വീകാര്യത കുറവും വലിയതോതിലുള്ള കൊഴിഞ്ഞുപോക്കും കാരണം പദ്ധതി പരിഷ്കരിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. മൂന്നാം ഘട്ടത്തിലെ പൈലറ്റില്‍ നിലവിലുള്ള 12 മാസ കാലാവധിക്ക് പകരം സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റംവരുത്താവുന്ന കാലയളവ് അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിമാസ സ്റ്റൈപ്പന്റും കൂട്ടിയേക്കും. ഉയര്‍ന്ന പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനായി നിലവില്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി (21–24) പരിഷ്കരിക്കുന്നതും പരിഗണനയിലുണ്ട്.
ഉദ്യോഗാര്‍ത്ഥികളുടെ പ്രതികരണം കൂടി അറിഞ്ഞ ശേഷമേ അന്തിമ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തൂ. പദ്ധതിയുടെ പൈലറ്റ് ഘട്ടത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറവും കൊഴിഞ്ഞുപോക്ക് കൂടുതലുമായിരുന്നെന്ന് കഴിഞ്ഞ മാസം ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റേണ്‍ഷിപ്പ് വാഗ്ദാനം സ്വീകരിച്ച 52,600 ഉദ്യോഗാര്‍ത്ഥികളില്‍ 16,060 പേര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ കമ്പനികളില്‍ ചേര്‍ന്നതെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം 6,618 പേര്‍ (ഏകദേശം 41%) ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ നിര്‍ത്തി. ഇതില്‍ 4,565 പേര്‍ ആദ്യ ഘട്ടത്തിലും 2,053 പേര്‍ രണ്ടാം ഘട്ടത്തിലും ഉള്ളവരാണ്. അഞ്ച് മുതല്‍ 10 കിലോമീറ്ററുകള്‍ക്കപ്പുറം ഉള്ള സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറായില്ലെന്ന് കോര്‍പറേറ്റ് കാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
ഇന്റേണ്‍ഷിപ്പ് കാലയളവ്, തസ്തികയോടുള്ള താല്പര്യക്കുറവ് എന്നിവയും കൊഴിഞ്ഞുപോക്കിന് കാരണമാണെന്ന് പറയുന്നു. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായ ശേഷം സ്ഥിരമായോ, മുഴുവന്‍ സമയമോ ജോലി ലഭിക്കുമെന്ന് ഉറപ്പ് നല്‍കാത്തതും കൊഴിഞ്ഞു പോക്കിനുള്ള മറ്റൊരു ഘടകമാണെന്ന് പദ്ധതിയുമായി അടുത്തബന്ധമുള്ള വ്യവസായി പറഞ്ഞു. മുഴുവന്‍ സമയ ജോലിയില്‍ നിയമിക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 95 ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇതുവരെ മുഴുവന്‍ സമയ ജോലി വാഗ്ദാനം കിട്ടിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഈ എണ്ണം കൂടുന്നുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അവകാശപ്പെടുന്നു. 2024 ഒക‍്ടോബറില്‍ പദ്ധതി ആരംഭിച്ച ശേഷമുള്ള ആദ്യ പൈലറ്റ് ഘട്ടത്തില്‍ 82,000 ഓഫറുകള്‍ കിട്ടി, എന്നാല്‍ 8,760 ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് ചേര്‍ന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.