യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് യുദ്ധവുമായി മുന്നോട്ടു പോകുന്നതിനിടെ അനുനയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വിവിധ കാര്‍ഷികോല്പന്നങ്ങളുടെ നികുതി കുറയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബദാം, ക്രാന്‍ബെറി എന്നിവ ഇതില്‍പ്പെടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
കാനഡയും ചൈനയും യൂറോപ്യന്‍ യൂണിയനും ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടിയുമായി മുന്നോട്ടു പോകുമ്പോള്‍ ഇന്ത്യ കുറച്ചുകൂടി മൃദുസമീപനമാണ് പുലര്‍ത്തുന്നതെന്നാണ് നിലവിലെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. ബദാം, പിസ്ത തുടങ്ങി ഭക്ഷ്യ വസ്തുക്കളുടെ നികുതിയാകും ആദ്യം കുറയ്ക്കുക. 30 ശതമാനം മുതല്‍ 100 ശതമാനം വരെ ഇത്തരം ഉല്പന്നങ്ങള്‍ക്ക് ഇന്ത്യ ചുങ്കം ഈടാക്കിയിരുന്നു. ബദാം ഉള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്പന്നങ്ങളുടെ വില കുറയാന്‍ കേന്ദ്രത്തിന്റെ നീക്കം വഴിയൊരുക്കും.
വ്യാപാര കരാറിന്റെ ആദ്യഘട്ടത്തിൽ 23 ബില്യൺ ഡോളർ വിലമതിക്കുന്ന അമേരിക്കൻ ഉല്പന്നങ്ങള്‍ക്കാണ് നികുതി കുറയ്ക്കലിന്റെ ആനുകൂല്യം ലഭിക്കുക. നിലവില്‍ ഇന്ത്യ അമേരിക്കയ്ക്ക് നൂറ് ശതമാനമാണ് തീരുവ ചുമത്തുന്നതെന്നും അത് അനീതിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന്റെ ആഘാതം ലഘൂകരിക്കാനുളള ശ്രമത്തിലാണ് ഇന്ത്യ. ദക്ഷിണ, മധ്യേഷ്യ മേഖലകളിലെ അമേരിക്കന്‍ വ്യാപാര പ്രതിനിധിയായ ബ്രെന്‍ഡന്‍ ലിഞ്ചുമായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ മാസം ഇന്ത്യ ബര്‍ബണ്‍ വിസ്കിയുടെ തീരുവ 150 ശതമാനത്തില്‍ നിന്ന് 100 ആയി കുറച്ചിരുന്നു. ക്രാന്‍ബെറി, ബദാം, വാല്‍നട്ട് തുടങ്ങിയ കാര്‍ഷികോല്പന്നങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 100 വരെയും പയറുകള്‍ക്ക് 10 ശതമാനം വരെയുമാണ് തീരുവ. എന്നാല്‍ പാലുല്പന്നങ്ങള്‍, അരി, ഗോതമ്പ്, ചോളം എന്നിവയുടെ തീരുവ കുറയ്ക്കുന്നതിനെതിരെ സര്‍ക്കാരില്‍ ഇപ്പോഴും എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള അരി, മാതളനാരങ്ങ, മുന്തിരി എന്നിവയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് കൂടുതല്‍ വിപണി തേടുന്നുണ്ടെന്നും വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളുകളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി സര്‍ക്കാര്‍ നേരത്തെ കുറച്ചിരുന്നു. ഇപ്പോള്‍ താരിഫ് കൂടുതല്‍ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കുള്ള യുഎസ് കാര്‍ഷികോല്പന്ന കയറ്റുമതി ഏകദേശം 200 കോടി ഡോളറായിരുന്നു. അതില്‍ 452 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ലഹരിപാനീയങ്ങളും 130 കോടി ഡോളറിന്റെ പഴം, പച്ചക്കറികളും ഉള്‍പ്പെടുന്നു. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഏകദേശം 550 കോടി ഡോളറായിരുന്നു. അമേരിക്കയുമായുള്ള കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും ഉഭയകക്ഷി വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.