
ഭരണഘടന പ്രകാരം ഇന്ത്യ ഒരു ‘ക്ഷേമരാഷ്ട്രം’ ആണെങ്കിലും മോഡി സർക്കാർ അതിനെ ഒരു കോർപറേറ്റ് സേവന രാഷ്ട്രമാക്കി മാറ്റിയിരിക്കുന്നുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ദേശീയ കൗണ്‍സില്‍ യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡിയുടെ കണ്ണിൽ സമ്പത്ത് സൃഷ്ടിക്കുന്നത് അഡാനിയും അംബാനിയും മാത്രമാണെന്നും രാജ്യത്തിന്റെ നട്ടെല്ലായ കർഷകരും തൊഴിലാളികളുമല്ലെന്നും അദ്ദേഹം വിമർശിച്ചു. വരാനിരിക്കുന്ന നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ മതേതര, ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്നും രാജ്യത്തിന്റെ സാഹചര്യം മനസിലാക്കി ഐക്യത്തോടെ പോരാടണം. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ യോജിച്ച വേദി കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഡി രാജ പറഞ്ഞു. ഫെബ്രുവരി 12ന് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പൊതുപണിമുടക്കിന് സിപിഐ പൂർണ പിന്തുണ പ്രഖ്യാപിച്ചു. പണിമുടക്കിൽ പാര്‍ട്ടി സജീവ പങ്കുവഹിക്കും.
സിപിഐ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഖമ്മത്ത് നടന്ന റാലിയും മറ്റ് പരിപാടികളും ആവേശകരവും പാർട്ടിയുടെ ശക്തി പ്രകടമാക്കിയതുമായിരുന്നു. രാജ്യത്ത് ബിജെപി — ആർഎസ്എസ് കൂട്ടുകെട്ട് പിന്തുടരുന്ന നയങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയ്ക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. ഇന്ത്യ വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും ഭാഷകളുടെയും ഒരു ഫെഡറേഷനാണെന്നും ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ നയം ഇവിടെ സാധ്യമല്ലെന്നും രാജ വ്യക്തമാക്കി. പാർലമെന്ററി ജനാധിപത്യത്തെ മോഡി സർക്കാർ ദുർബലപ്പെടുത്തുകയാണ്. സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ ഗവർണർമാരെ ഉപയോഗിച്ച് ഇടപെടുന്നത് അതിന്റെ ഭാഗമാണ്. തമിഴ്നാട്, കേരളം തുടങ്ങിയ ബിജെപിയിതര സംസ്ഥാനങ്ങളിലെ ഗവർണർമാർ ഭരണഘടനാവിരുദ്ധമായി പെരുമാറുന്നു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന മുഖ്യമന്ത്രിമാർക്ക് മാത്രമേ ഭരിക്കാൻ അവകാശമുള്ളുവെന്നും ഗവർണർമാരുടെ സംവിധാനം യഥാർത്ഥത്തിൽ ആവശ്യമില്ലെന്നും ആ സ്ഥാനം നിർത്തലാക്കണമെന്നുമാണ് സിപിഐയുടെ നിലപാട്. പൊതുപ്രശ്നങ്ങള്‍ ഉന്നയിച്ച് വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും രാജ അറിയിച്ചു. തെലങ്കാന സംസ്ഥാന സെക്രട്ടറി കെ സാംബശിവ റാവു (എംഎൽഎ), ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ പല്ല വെങ്കട റെഡ്ഡി, രാമകൃഷ്ണ പാണ്ഡ, കെ രാമകൃഷ്ണ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.