22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024

മോഡി സര്‍ക്കാരിന് കാലിടറുന്നു; ബ്രോഡ്കാസ്റ്റ് ബില്ലിന്റെ വഴിയേ വഖഫ് ഭേദഗതി

എന്‍ഡിഎയില്‍ ഭിന്നത
Janayugom Webdesk
ന്യൂഡല്‍ഹി
August 19, 2024 9:34 pm

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടുന്ന വിവാദ ബ്രോഡ്കാസ്റ്റ് ബില്‍ പിന്‍വലിച്ച് തടിതപ്പിയ മോഡി സര്‍ക്കാരിന് മറ്റൊരു തിരിച്ചടിയായി വഖഫ് നിയമഭേദഗതി. പ്രതിപക്ഷവും മാധ്യമ സംഘടനകളും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബ്രോഡ്കാസ്റ്റ് ബില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ അറിയാനുള്ള അവകാശം ഇല്ലതാക്കുന്ന, മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്ന വിവാദ ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ശക്തമായ എതിര്‍പ്പ് കാരണം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി. തൊട്ടുപിന്നാലെയാണ് വഖഫ് നിയമ ഭേഗഗതി ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്. വിവാദ വ്യവസ്ഥകള്‍ അടങ്ങിയ പരിഷ്കരിച്ച വഖഫ് ബില്ലിനെ പ്രതിപക്ഷവും വിവിധ മുസ്ലിം സംഘടനകളും നഖശിഖാന്തം എതിര്‍ത്തിരുന്നു. മോഡി സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന ടിഡിപി, ബിജെഡി എന്നിവയും വഖഫ് ബില്ലില്‍ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്ത് വന്നതോടെയാണ് വഖഫ് നിയമഭേദഗതിയുടെ ഭാവി തുലാസിലായാത്. 

അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിരോധനം നീക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ മൗനം പാലിച്ച എന്‍ഡിഎ സഖ്യകക്ഷികള്‍ എതിര്‍പ്പ് പ്രകടമാക്കില്ല എന്ന ധാരണയാണ് വഖഫ് മൂല നിയമത്തെ പൊളിച്ചെഴുതുന്ന തരത്തിലുള്ള പരിഷ്കാരം കൊണ്ടുവരാന്‍ മോഡി സര്‍ക്കാരിനെ പ്രേരിപ്പിച്ച പ്രധാനഘടകം. എന്നാല്‍ വിവാദ ബില്ലില്‍ ടിഡ‍ിപിയും ജെഡിയു നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചത് മോഡി സര്‍ക്കാരിന്റെ തന്ത്രത്തിന് തടയിട്ടു. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ അംഗങ്ങളാക്കുക, വഖഫ് സ്വത്ത് കേന്ദ്രത്തിന്റെ അധീനതയില്‍ കൊണ്ടുവരിക, സ്വത്തുക്കള്‍ വഖഫിന്റേതാണോ എന്ന് നിശ്ചയിക്കാനുള്ള അധികാരം കളക്ടര്‍മാര്‍ക്ക് നല്‍കുക തുടങ്ങിയ വിവാദ വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

മുസ്ലിം സമുദായത്തെ ദോഷകരമായി ബാധിക്കുന്ന പല വ്യവസ്ഥകളും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം തുറന്നടിച്ചിരുന്നു. തൊട്ടുപിന്നാലെ മുസ്ലിം സംഘടനകളും രംഗത്തുവന്നതോടെയാണ് ബില്ലിന്റെ ഭാവി അവതാളത്തിലായത്. ലോക്‌സഭയില്‍ ടിഡിപിയും ജെഡിയുവും എതിര്‍പ്പുമായി രംഗത്ത് വരുന്ന പക്ഷം സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കതെ പുറത്തേക്ക് പോകുമെന്ന തിരിച്ചറിവും ബിജെപി നേതാക്കള്‍ക്കുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവാദ ബില്‍ പിന്‍വലിച്ച് തടിതപ്പാനുള്ള അണിയറ നീക്കമാണ് മോഡിയും ബിജെപിയും നടത്തുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും മറ്റ് നിയമസഭാ തെരഞ്ഞടുപ്പും അടുത്തിരിക്കുന്ന വേളയില്‍ വിവാദ ബില്ലുമായി മുന്നോട്ടുപോകുന്നത് കൂടുതല്‍ ക്ഷീണം വരുത്തുമെന്നും ബിജെപി ക്യാമ്പ് ഭയക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.