2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് 110 ഓളം മുസ്ലിം വിദ്വേഷ പ്രസംഗങ്ങള്‍. ബിജെപി ഭരണത്തില്‍ രാജ്യത്ത് മുസ്ലിം വേട്ട വ്യാപകമായി വര്‍ധിച്ചുവെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ മോഡി രാജ്യമാകെ 173 പ്രസംഗങ്ങളാണ് നടത്തിയത്. ഇതില്‍ 110 എണ്ണവും കടുത്ത വര്‍ഗീയവിഷം ചീറ്റുന്ന തരത്തിലുള്ളതായിരുന്നു. പാര്‍ശ്വവല്‍ക്കൃത ജനങ്ങളെ, പ്രത്യേകിച്ച് മുസ്ലിങ്ങളെ ലക്ഷ്യമിട്ടായിരുന്നു മോഡി കടന്നാക്രമണം നടത്തിയത്. ഇതുവഴി ഭൂരിപക്ഷ ഹിന്ദു വിഭാഗങ്ങളുടെ മനസില്‍ ഭീതി സൃഷ്ടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നുഴഞ്ഞുകയറ്റക്കാര്‍, കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍, മുസ്ലിങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണിയുര്‍ത്തും, രാജ്യത്തെ സ്വത്തുകള്‍ മുഴുവന്‍ മുസ്ലിങ്ങള്‍ കൈക്കലാക്കും തുടങ്ങിയ അതിനീചമായ വാക്കുകളാണ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ആവര്‍ത്തിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്ര മന്ത്രിയായിരുന്ന അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ ഇത് ഏറ്റുപാടുകയും ചെയ്തു.
മേയ് 14ന് ഝാര്‍ഖണ്ഡിലെ കൊഡര്‍മ്മയില്‍ നടന്ന പരിപാടിയില്‍ ഹിന്ദു ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ മുസ്ലിങ്ങള്‍ തകര്‍ത്തുവെന്ന് മോഡി ആരോപിച്ചു. പ്രതിപക്ഷം ഭരണത്തില്‍ വന്നാല്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷ ആശങ്കയിലാകുമെന്നും പ്രസ്താവന നടത്തി. മധ്യപ്രദേശിലെ ധാറില്‍ നടന്ന യോഗത്തിലും മുസ്ലിങ്ങളെയും പ്രതിപക്ഷത്തെയും രൂക്ഷമായ ഭാഷയിലാണ് മോഡി വിമര്‍ശിച്ചത്. മുസ്ലിങ്ങള്‍ക്ക് കോണ്‍ഗ്രസ് അധിക സംവരണം നല്‍കുന്നത് വോട്ട് ബാങ്ക് രാഷ്ടീയം പരിഗണിച്ചാണെന്നും മോഡി പ്രസ്താവിച്ചിരുന്നു.
2014 മുതലുള്ള മോഡി ഭരണത്തില്‍ രാജ്യത്തെ മുസ്ലിം, ക്രിസ്ത്യന്‍, മറ്റ് പാര്‍ശ്വവല്‍ക്കൃത വിഭാഗം ജനങ്ങള്‍ കടുത്ത അനീതിയ്ക്കും അതിക്രമത്തിനും ഇരയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോ സംരക്ഷണത്തിന്റെ മറവില്‍ മുസ്ലിങ്ങള്‍ വ്യാപക മര്‍ദനത്തിനും ആള്‍ക്കൂട്ട കൊലപാതകത്തിനും ഇരകളായി. 2015 മേയ് മുതല്‍ 18 ഡിസംബര്‍ വരെ മാത്രം വിവിധ സംസ്ഥാനങ്ങളിലായി 44 പേരാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരകളായത്. ഗോ സംരക്ഷകരുടെ ആക്രമണത്തില്‍ 280 ലേറെ പേര്‍ക്ക് പരിക്കേറ്റു.
ക്രിസ്ത്യന്‍ ദേവാലയം തകര്‍ക്കല്‍, വൈദികരെ ആക്രമിക്കല്‍, ദളിത് — ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണം എന്നിവയും ഗണ്യമായി വര്‍ധിച്ചു. മോഡിക്ക് കീഴില്‍ തീവ്രഹൈന്ദവ സംഘടനകള്‍ കൂടുതല്‍ ഊര്‍ജം കൈവരിച്ച് ന്യൂനപക്ഷ ധ്വംസനം മുഖമുദ്രയാക്കി. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചാരണം, വിദ്വേഷം പരത്തല്‍, വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കല്‍ എന്നിവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപത്തിനുള്ള വിത്ത് പാകിയെന്നും ഹ്യുമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.