13 December 2025, Saturday

Related news

December 11, 2025
December 8, 2025
November 30, 2025
November 23, 2025
November 14, 2025
November 11, 2025
November 5, 2025
November 2, 2025
October 31, 2025
October 27, 2025

കേന്ദ്രീയ വിദ്യാലയങ്ങളിലും മോഡി മാഹാത്മ്യം

ബേബി ആലുവ
കൊച്ചി
November 28, 2023 10:08 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര സർക്കാരിന്റെയും പരസ്യത്തിന് പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി കേന്ദ്രീയ വിദ്യാലയങ്ങളിൽ മോഡിയുടെ വലിയ ഫോട്ടോ സ്ഥാപിച്ച സെൽഫി കോർണറുകൾ വരുന്നു. പ്രധാനമന്ത്രി ആവാസ് പദ്ധതി പ്രകാരമുള്ള വീടുകളിൽ ‘പിഎംഎവൈ ഗുണഭോക്താവ്’ എന്ന് പരസ്യപ്പെടുത്തണമെന്ന കപടതന്ത്രത്തിന്റെ മറ്റൊരു പതിപ്പാണിത്. 

‘പ്രധാനമന്ത്രി സ്കൂൾസ് ഫോർ റെയ്സിങ് ഇന്ത്യ’ (പിഎം-ശ്രീ ) പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ മുഴുവൻ കേന്ദ്രീയ വിദ്യാലയങ്ങളിലും സെൽഫി കോർണറുകൾ ഏർപ്പെടുത്തുന്നത്. ജവഹർ നവോദയ സ്കൂളുകളിലും ഈ സംവിധാനമൊരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. രക്ഷിതാക്കൾക്കു പുറമെ, പൊതുജനങ്ങൾക്കും സെൽഫി കോർണറിലെത്തി മോഡിയുടെ ചിത്രത്തോടൊപ്പം നിന്ന് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് സൗജന്യം ചെയ്യുന്നു എന്ന മട്ടിലാണ് ഇത് സംബന്ധിച്ച വിശദീകരണം. സ്കൂൾ പിഎം-ശ്രീ കേന്ദ്രീയ വിദ്യാലയം പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ടതാണെന്ന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും അറിയിക്കാനാണ് മോഡിയുടെ ചിത്രത്തിനൊപ്പം നിന്നുള്ള ഫോട്ടോയെടുപ്പ് എന്നും ഇത് രാജ്യത്തെ വിദ്യാലയങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമാണെന്നുമാണ് വിശദികരണം. ‌

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പദ്ധതിയുടെ ഉദ്ഘാടനം നടന്നെങ്കിലും ഊർജിതമാക്കാനുള്ള ശ്രമം തുടങ്ങിയത് ഇപ്പോഴാണ്. രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയായ കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം ഈ വർഷം ഏപ്രിലിലെ കണക്കനുസരിച്ച് 1250 ആണ്. കാഠ്മണ്ഡു, റഷ്യ, ടെഹ്റാൻ എന്നിവിടങ്ങളിൽ ഓരോന്നു വീതവുമുണ്ട്. കേരളത്തിൽ ഇവ 41 എണ്ണമുണ്ട്. രാജ്യത്തെ ജവഹർ നവോദയ സ്കൂളുകളുടെ എണ്ണം 661 ആണ്.
പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി പ്രകാരം അനുവദിക്കുന്ന പാർപ്പിടം പോലും കേന്ദ്രത്തിന്റെയും പ്രധാനമന്ത്രിയുടെയും പരസ്യത്തിന് ഉപയോഗിക്കണമെന്ന പിടിവാശിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈയിടെ കുറ്റപ്പെടുത്തിയിരുന്നു. പിഎംഎവൈ എന്ന വലിയ ബോർഡുകൾ വയ്ക്കണമെന്നാണ്, വീട് അനുവദിക്കുമ്പോഴുള്ള നിബന്ധന. മൂന്ന് വർഷമായി പദ്ധതി പ്രകാരം കേരളത്തിൽ പുതിയ വീടുകൾ അനുവദിക്കാനായിട്ടുമില്ല. കേന്ദ്രം പദ്ധതി വിഹിതം നൽകാത്തതിനാൽ കേന്ദ്രാവിഷ്കൃത പദ്ധതി ഗുണഭോക്തൃ പട്ടികയിലുള്ള 1,02,744 കുടുംബങ്ങളുടെ വീട് നിർമാണം ഇനിയും തുടങ്ങാനായിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2018–19 ലാണ് കേന്ദ്രം നിലവിലെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയത്. ഇതിൽ 1,37,913 കുടുംബങ്ങളാണ് ഉൾപ്പെട്ടിരുന്നത്. 

Eng­lish Summary:Modi Mahat­ma in cen­tral schools too
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.