ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയുടെ വ്യക്തികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളും കൂടിയാലോചനകളില്ലാത്തതും ബിജെപി-ആര്‍എസ്എസ് ഭിന്നത രൂക്ഷമാക്കിയെന്ന് ദേശീയ മാധ്യമങ്ങള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാക്കുകളിലൂടെ പുറത്തുവന്നത് കടുത്ത ഭിന്നതയുടെ സൂചനയാണെന്നാണ് വിലയിരുത്തല്‍. കുറച്ചുകാലമായി കാര്യങ്ങള്‍ വഷളായിവരികയാണ് എന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. മോഡി ഭരണത്തില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ പരമാധികാരിയല്ലെന്ന് നേരത്തെ ദ കാരവന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബിജെപി ഇപ്പോൾ സ്വയംപര്യാപ്തരും സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻ പൂർണ ശേഷിയുള്ളവരുമായിരിക്കുന്നു എന്നായിരുന്നു നഡ്ഡയുടെ വാക്കുകള്‍. പാർട്ടി നന്നായി മുന്നേറി. വാജ്‌പേയിയുടെ കാലത്ത് പൂർണമായും ആർഎസ്എസിനെ ആശ്രയിച്ചതു പോലെയല്ല, ഇപ്പോഴത് മാറിയിരിക്കുന്നുവെന്നും അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ആര്‍എസ്എസിന്റെ മേല്‍ക്കെെ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് രാഷ്ട്രീയവൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. മോഡിയും അമിത് ഷായും വളരുകയും രാജ്യം തങ്ങളുടെ കൈപ്പിടിയിലാണെന്ന് ഇരുവര്‍ക്കും തോന്നിത്തുടങ്ങുകയും ചെയ്തതോടെയാണ് സംഘ് ബന്ധത്തില്‍ നിന്ന് ബിജെപി അകന്നത്. രണ്ടാം മോഡി സര്‍ക്കാരിന്റെ കാലത്ത് അകല്‍ച്ചയുടെ വ്യാപ്തി കൂടി. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ആര്‍എസ്എസ് നേതാക്കളുമായി ആശയവിനിമയം നടത്താന്‍ മോഡി ശ്രമിച്ചിരുന്നു. ഒറ്റയ്ക്ക് ഭരണം നടത്തിയവര്‍ തെരഞ്ഞെടുപ്പും തനിയെ നേരിട്ടാല്‍ മതിയെന്ന മറുപടിയാണ് ലഭിച്ചത്. ഇത് ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍. 2019ല്‍ 105 മണ്ഡലങ്ങളില്‍ മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി വിജയിച്ചത്. ഇത് സംഘ്പരിവാറിന്റെ ശക്തികൊണ്ടല്ലെന്നും ബിജെപി സ്വാധീനവും നരേന്ദ്ര മോഡിയുടെ ജനപ്രീതിയും കൊണ്ടാണെന്ന് മോഡി സംഘം വിശ്വസിക്കുന്നു. എന്നാല്‍ ആര്‍എസ് എസും ചില ബിജെപി നേതാക്കളും ഫത്തേപ്പൂര്‍ സിക്രി, ഗാസിയാബാദ് തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെച്ചാല്ലി രംഗത്ത് വന്നതോടെ മോഡിക്ക് സ്ഥാനാര്‍ത്ഥികളെ മാറ്റേണ്ടിവന്നു.
അതേസയം ബിജെപിയുടെയും മോഡിയുടെയും നിലപാടിനെ കുറിച്ച് ആര്‍എസ്എസിന് പരാതിയോ ആശങ്കയോ ഇല്ലെന്ന് ചില നിരീക്ഷകര്‍ വിലയിരുത്തുന്നു. അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് ആര്‍എസ്എസിന്റെ പ്രധാന അജണ്ട മോഡി നടപ്പാക്കിയെന്നാണ്. ആര്‍എസ്എസിനെ കയ്യെത്തുംദൂരത്ത് നിര്‍ത്തി ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ് മോഡിയുടെ ലക്ഷ്യം. അതിന് അവരുടെ സഹായം അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഒരു സംഘ്പരിവാര്‍ നേതാവും തന്നെ നയിക്കേണ്ട എന്ന നിലപാട് മോഡി സ്വീകരിക്കുന്നത്. രണ്ടാം ഭരണത്തില്‍ ഒരു കാര്യവും ആര്‍എസ്എസുമായി കൂടിയാലോചിക്കാതിരുന്നത് അതുകൊണ്ടാണ്.
വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം പലകാര്യങ്ങളിലും ആര്‍എസ്എസ് നേതൃത്വവുമായി ആശയവിനിമയം നടത്തിയിരുന്നു. സംഘ്പരിവാര്‍ നേതൃത്വം പ്രധാനമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കാന്‍ ദൂതന്‍മാരെ അയച്ചപ്പോഴെല്ലാം അവരുമായി വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് സംഘടനയിലുള്ള ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയായ ശേഷം ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെയും ഗോള്‍വാള്‍ക്കറുടെയും നാഗ്പൂരിലെ സമാധികള്‍ സന്ദര്‍ശിക്കാന്‍ മോഡി തയ്യാറായില്ല. പ്രധാനമന്ത്രിയാകുന്നതിന് സഹായിച്ചതിന് ആര്‍എസ്എസിന് നന്ദി അറിയിക്കാന്‍ പോലും മോഡി തയ്യാറാകാത്തത് അകല്‍ച്ചകൊണ്ടാണെന്ന് വിലയിരുത്തുന്നു.
English Summary:Modi team and RSS; The difference is sharp
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.