പ്രധാനമന്ത്രിയായ ശേഷം 10 വര്‍ഷത്തിനിടെ നരേന്ദ്ര മോഡി 68 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കുമായി 138 സന്ദര്‍ശനങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. ചതുഷ്കോണ സുരക്ഷാ ഉച്ചകോടിയുടെ ഭാഗമായി ഈമാസം 21 മുതല്‍ 23 വരെ പ്രധാനമന്ത്രി നരന്ദ്ര മോഡി അമേരിക്ക സന്ദര്‍ശിക്കുന്നതിന് മുമ്പായാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും അമേരിക്കയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കും. മോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
പ്രസിഡന്റായിരുന്ന കാലത്ത് ചൈനയുടെ വ്യാപാരത്തിനെതിരെ നടത്തിയതുപോലെ ഇന്ത്യയുടെ വ്യാപാര നയങ്ങളെ അടുത്തിടെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നിരുന്നാലും മോഡിയെ പ്രശംസിക്കാനും മറന്നില്ല. പ്രഡിഡന്റായിരുന്ന കാലം മുതലേ ട്രംപും മോഡിയും തമ്മില്‍ നല്ല ബന്ധത്തിലാണ്. പ്രധാനമന്ത്രിയായ ശേഷം മോഡിയുടെ ഒമ്പതാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണ് ഈ മാസം നടക്കുന്നത്. ജപ്പാനിലും യുകെയിലും ഏഴ് തവണ വീതവും റഷ്യയിലും ജര്‍മ്മനിയിലും ആറ് തവണ വീതവും സന്ദര്‍ശനം നടത്തി. മോഡി ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ചത് ഇന്ത്യയുടെ സഖ്യകക്ഷി രാഷ്ട്രങ്ങളാണ്.
റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം അന്താരാഷ‍്ട്ര ബന്ധങ്ങള്‍ വഷളായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു തവണ ഉക്രെയ്നില്‍ പോയി. കഴിഞ്ഞ മാസം റഷ്യന്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഇത്. പോളണ്ട് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു റഷ്യയിലെത്തിയത്. 45 കൊല്ലത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.