24 December 2025, Wednesday

Related news

December 23, 2025
December 23, 2025
December 11, 2025
November 28, 2025
November 23, 2025
November 14, 2025
November 11, 2025
November 2, 2025
October 25, 2025
October 17, 2025

മോഡി അധികാരമേറ്റു; സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാർ

*സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയില്ല
Janayugom Webdesk
ന്യൂഡല്‍ഹി/ മുംബൈ
June 9, 2024 10:08 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദേശീയ ജനാധിപത്യ സഖ്യ (എന്‍ഡിഎ) സര്‍ക്കാരില്‍ 72 മന്ത്രിമാരുമുണ്ട്. ഇതില്‍ 30 ക്യാബിനറ്റ് പദവിയും ആറ് സ്വതന്ത്ര ചുമതലയും 36 സഹമന്ത്രി സ്ഥാനവും ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്നും സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വകുപ്പ് വിഭജനം പിന്നീടായിരിക്കും. ഇന്ന് വൈകുന്നേരം ഏഴേകാലോടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വിദേശ രാഷ്ട്രത്തലവന്മാരടക്കം പങ്കെടുത്തു. ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോഡി, പിന്നീട് രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ പി നഡ്ഡ, ശിവരാജ് സിങ് ചൗഹാന്‍, നിര്‍മ്മലാ സീതാരാമന്‍, എസ് ജയശങ്കര്‍, മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് തുടങ്ങിയവരും ചടങ്ങിനെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, നടന്മാരായ രജനികാന്ത്, ഷാരൂഖ് ഖാന്‍, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അഡാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബിജെപി ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ വൈസ് ചെയര്‍മാനായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോര്‍ജ് കുര്യന്‍. എന്‍ഡിഎ ഘടകകക്ഷികള്‍ക്കായി 11 മന്ത്രി സ്ഥാനങ്ങളാണ് നല്‍കിയിരിക്കുന്നത്. മന്ത്രിസഭയിലെ ഒമ്പത്പേര്‍ പുതുമുഖങ്ങളാണ്. ജവഹര്‍ലാല്‍ നെഹ്രുവിന് ശേഷം തുടര്‍ച്ചയായി മൂന്നാംതവണ രാജ്യത്തെ നയിക്കുന്നവരുടെ പട്ടികയില്‍ മോഡി ഇടം നേടി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോഡി വിജയിച്ചത്, കഴിഞ്ഞതവണ നാലരലക്ഷത്തിന് മുകളിലായിരുന്നു ഭൂരിപക്ഷം. 2014 ലെ ഒന്നാം മോഡി മന്ത്രിസഭയില്‍ 46 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. 2019 ലെ മന്ത്രിസഭയില്‍ മന്ത്രിമാരുടെ എണ്ണം 58 ആയി ഉയര്‍ന്നു. സഖ്യകക്ഷികളുടെ സഹായമില്ലാതെ മന്ത്രിസഭ രൂപീകരിക്കാനാകില്ലെന്ന സ്ഥിതി സംജാതമായതോടെ 2024 മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 72 ആയി ഉയരുകയായിരുന്നു. അഞ്ച് ഘടകകക്ഷികള്‍ക്ക് ഓരോ ക്യാബിനറ്റ് മന്ത്രിസ്ഥാനം വീതമാണ് നല്‍കിയിരിക്കുന്നത്. മന്ത്രിസഭാ പുനഃസംഘടനയില്‍ കൂടുതല്‍ പരിഗണന നല്‍കാമെന്ന വാഗ്ദാനവും നല്‍കിയിട്ടുണ്ട്.

അതൃപ്തി; മന്ത്രിസ്ഥാനം നിരസിച്ച് എന്‍സിപി

നരേന്ദ്ര മോഡിയുടെ മൂന്നാം സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പേ എന്‍ഡിഎയില്‍ അതൃപ്തി. സഹമന്ത്രി സ്ഥാനം എൻസിപി എംപി പ്രഫുൽ പട്ടേൽ നിരസിച്ചു. യുപിഎ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. ഇപ്പോൾ സഹമന്ത്രിയാക്കാൻ വിളിക്കുന്നത് സ്ഥാനം താഴ്ത്തലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാംഗത്വം നിരസിച്ചിരിക്കുന്നത്.

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ പ്രതിനിധിയായാണ് ഇക്കുറി പ്രഫുൽ പട്ടേൽ പാർലമെന്റിലെത്തുന്നത്. യുപിഎ മന്ത്രിസഭയുടെ കാലത്ത് ശരദ് പവാറിന്റെ പാർട്ടിയുടെ ഭാഗമായിരുന്നു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാക്കാമെന്ന വാഗ്ദാനം ശനിയാഴ്ച രാത്രിയാണ് ലഭിച്ചതെന്ന് പട്ടേൽ വെളിപ്പെടുത്തി. ഇക്കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസം കാത്തിരിക്കാനാണ് ലഭിച്ചിരിക്കുന്ന മറുപടിയെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

മഹാരാഷ്‌ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിൽ ഒരേയൊരു സീറ്റാണ് അജിത് പവാറിന്റെയും പ്രഫുൽ പട്ടേലിന്റെയും പാർട്ടിയായ എൻസിപിക്കു ലഭിച്ചിട്ടുള്ളത്. ശിവസേന ഷിന്‍ഡെ വിഭാഗത്തിനും മന്ത്രിസ്ഥാനമില്ല. കാബിനറ്റ് മന്ത്രിപദമാണ് ഷിന്‍ഡെ പക്ഷവും ആവശ്യപ്പെട്ടിരുന്നത്. ടിഡിപി, ജെഡിയു, എല്‍ജെപി തുടങ്ങി എന്‍ഡിഎയിലെ പ്രമുഖ ഘടകകക്ഷികള്‍ക്കെല്ലാം മന്ത്രിസ്ഥാനം ലഭിച്ചു.

Eng­lish Summary:Modi took over; Five Min­is­ters of State with inde­pen­dent charge, 36 Min­is­ters of State
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.