ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം രാജ്യത്ത് ഏറെ ചര്‍ച്ചാവിഷയമായി. കുടിയേറ്റത്തിന്റെ പേരില്‍ ഇന്ത്യന്‍ പൗരന്മാരെ കാലുകള്‍ ചങ്ങലകളാല്‍ ബന്ധിച്ച് അമേരിക്കന്‍ സൈനിക വിമാനത്തില്‍ കൊണ്ടുവരുന്നതില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള പ്രതിഷേധം അതിശക്തമായി ഉയര്‍ന്നു. സാധാരണ നടപടിക്രമം തന്നെയാണെന്നാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍ വിശേഷിപ്പിച്ചത്. രാജ്യത്തിനകത്ത് പ്രതിഷേധം ശക്തമായപ്പോള്‍ ഇന്ത്യയുടെ പ്രതിഷേധം അവരെ അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റിനെ കാണുന്ന സമയത്തുതന്നെയാണ് ഇന്ത്യക്കാരെ കാല്‍ച്ചങ്ങലയ്ക്കിട്ടത്. സംഭവം അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രദ്ധയിപ്പെടുത്തിയോ എന്ന് ഇപ്പോഴും വ്യക്തമല്ല. ട്രംപ് — മോഡി കൂടിക്കാഴ്ചയ്ക്ക് ശേഷവും ഇന്ത്യന്‍ കുടിയേറ്റക്കാരെ കാല്‍ച്ചങ്ങലയുമായാണ് അമേരിക്കന്‍ യുദ്ധവിമാനത്തില്‍ അമൃത്സറില്‍ എത്തിച്ചത്. അമൃത്സറില്‍ എന്തിനാണ് എത്തിച്ചത്? ഡല്‍ഹിയില്‍ കൊണ്ടുവരാന്‍ പാടില്ലായിരുന്നോ? എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചോദിച്ചത്.
രാജ്യത്തെ അപമാനിച്ച സംഭവത്തെക്കാള്‍ ഏറെ തിരിച്ചടിയായത് ട്രംപും നരേന്ദ്ര മോഡിയും തമ്മിലുണ്ടാക്കിയ വ്യാപാരക്കരാറാണ്. ഇന്ത്യയുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കലായിരുന്നു വ്യാപാരക്കരാര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലെ മേല്‍ക്കൈ ഉറപ്പിക്കുന്നതിന് നമ്മുടെ രാജ്യത്തെ കര്‍ഷകരുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് കരാറിലൂടെ ഉണ്ടായത്.
ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ അമേരിക്കയിലെ കാര്‍ഷിക ഉല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലൂടെ വിറ്റഴിക്കുന്നതിനുള്ള സൗകര്യം കരാറിലൂടെ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കൈവന്നു. ലോകത്തിലെ ഏറ്റവും ശക്തമായ വിപണിയായി ഇന്ത്യ ഇതിനകം വളര്‍ന്നിട്ടുണ്ട്. 145 കോടിയിലധികം ജനങ്ങളുള്ള ഇവിടെ ഇടത്തരം വിഭാഗങ്ങളുണ്ട്. അവരുടെ സംഖ്യ 20 ശതമാനത്തില്‍ അധികമാണ്. 29 കോടിയില്‍ അധികം വരുന്ന വാങ്ങല്‍ശേഷിയുള്ളവരുടെ കമ്പോളം കൈവശപ്പെടുത്തുക എന്നത് ആഗോള ധനമൂലനധന ശക്തികളുടെ ലക്ഷ്യമാണ്. അതിന് സഹായകരമായ കരാറുകളാണ് മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ ഒപ്പുവച്ചത്.
145 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയില്‍ 80 കോടിയില്‍ അധികം കാര്‍ഷിക മേഖലയിലാണ്. കാര്‍ഷിക മേഖലയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് തടസമില്ലാതെ കടന്നുകയറുന്നതിന് സഹായകരമായ കരാറാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഒപ്പുവച്ചത്. ഇന്ത്യയുടെ താല്പര്യങ്ങള്‍ പൂര്‍ണമായും അവഗണിച്ചുകൊണ്ടുള്ള കരാറുകള്‍ ഒപ്പുവയ്ക്കുന്നതിന് ഒരു പ്രയാസവും ഇന്ത്യന്‍ പ്രധാനമന്ത്രിക്കുണ്ടായില്ല.
അമേരിക്കയില്‍ നിന്നും തടസങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെ കാര്‍ഷിക ഉല്പന്നങ്ങള്‍ രാജ്യത്തെ വിപണിയിലേക്ക് അധികം വൈകാതെ ഒഴുകി എത്തിച്ചേരും. നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതിനുശേഷം അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉല്പന്നങ്ങളുടെ ഇറക്കുമതി ക്രമാതീതമായി വര്‍ധിക്കുന്നതാണ് കണ്ടത്. 2024ല്‍ 2.6ട്രില്യന്‍ രൂപ (രണ്ട് ലക്ഷത്തി അറുപതിനായിരം കോടി) യുടെ കാര്‍ഷികോല്പന്നങ്ങളാണ് അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. 2022–24 വര്‍ഷത്തില്‍ മാത്രം 2.15ബില്യന്‍ ഡോളറിന്റെ കാര്‍ഷിക ഉല്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു. ട്രി നട്ട്സ് വിഭാഗത്തില്‍പ്പെട്ട അല്‍മോണ്ട്, വാള്‍ നട്ട്സ്, പെക്കന്‍സ് എന്നിവയുടെ ഇറക്കുമതി 1.12 ബില്യന്‍ യുഎസ് ഡോളറിന്റെതാണ്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 84 ശതമാനത്തിന്റെ വര്‍ധനവാണ് ഇറക്കുമതിയില്‍ കണ്ടത്. അമേരിക്കയില്‍ നിന്നുള്ള എഥനോളിന്റെ ഇറക്കുമതി 441.25മില്യന്‍ ഡോളറായി ഉയര്‍ന്നു. 10 വര്‍ഷത്തിനിടയില്‍ ഇറക്കുമതി 504 ശതമാനം ഉയര്‍ന്നതായി കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. പരുത്തിയുടെ ഇറക്കുമതിചുങ്കം പൂര്‍ണമായും ഒഴിവാക്കി. 210.73 മില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ഇറക്കുമതിയാണ് പരുത്തിയില്‍ ഉണ്ടായത്. ഇത് രാജ്യത്തെ പരുത്തി ഉല്പാദിപ്പിക്കുന്ന കര്‍ഷകരുടെ നടുവൊടിക്കുന്നു.
സോയാബീന്‍, എണ്ണ, വെജിറ്റബിള്‍ ഓയില്‍ എന്നിവയുടെ ഇറക്കുമതിക്ക് എല്ലാ തടസങ്ങളും ഒഴിവാക്കി, 18.4 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ഇറക്കുമതി നടന്നു. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ അമേരിക്കയില്‍ നിന്നുള്ള ഭക്ഷ്യ എണ്ണ ഇറക്കുമതി പതിന്മടങ്ങ് വര്‍ധിച്ചു. ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യ എണ്ണയുടെ ആവശ്യം കുറയുന്നതും വില കുത്തനെ ഇടിയുന്നതും രാജ്യം കണ്ടതാണ്. ഈ മേഖലയിലെ കര്‍ഷകര്‍ ഏറെ ദുരിതം അനുഭവിക്കുകയാണ്. അമേരിക്കയില്‍ നിന്നും ഡയറി ഉല്പന്നങ്ങള്‍ (പാല്‍, തൈര്, വെണ്ണ തുടങ്ങിയവ) നിര്‍ബാധം ഇറക്കുമതി ചെയ്യുന്നതിന്റെ ഫലമായി ക്ഷീരകര്‍ഷകര്‍ അതി ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. അമൂല്‍, മില്‍മ ഉള്‍പ്പെടെ രാജ്യത്തെ ഡയറി മേഖലയിലുള്ള പ്രധാന സ്ഥാപനങ്ങള്‍ അമേരിക്കന്‍ ഉല്പന്നങ്ങളുമായി മത്സരിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്നു. ഉല്പന്നങ്ങളുടെ വില കുറച്ച് വില്‍ക്കുക, വിപണി കയ്യടക്കിയതിനു ശേഷം വില വര്‍ധിപ്പിക്കുക എന്ന നയമാണ് വിദേശകമ്പനികള്‍ നടപ്പിലാക്കുന്നത്. വിദേശ ഉല്പന്നങ്ങളോട് മത്സരിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് സാധിക്കുന്നില്ല. ആത്മനിര്‍ഭര്‍ ഭാരത് എന്ന മുദ്രാവാക്യം പ്രധാനമന്ത്രി ഉയര്‍ത്തുന്നത് രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുന്നതിന് മാത്രമാണ്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കാരണം ഇന്ത്യയിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും വിപണികളും ഇല്ലാതാകുന്നു. അമേരിക്കന്‍ ആഗ്രോ ബിസിനസ് കമ്പനികള്‍ രാജ്യത്തെ ഗ്രാമീണ കമ്പോളങ്ങള്‍ പോലും കൈവശപ്പെടുത്തുന്ന ഗുരുതരമായ ഭീഷണിയാണ് വളര്‍ന്നുവരുന്നത്. ലോക ബാങ്ക് ആസൂത്രണം ചെയ്യുന്ന നയങ്ങള്‍ രാജ്യത്ത് അതിവേഗത്തില്‍ പ്രവര്‍ത്തിക്കുകയാണ്. കാര്‍ഷിക മേഖല കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും അതിശക്തമായ കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്ത കാര്‍ഷിക നിയമങ്ങള്‍ അതിന്റെ ഭാഗമായിരുന്നു. നിയമം പിന്‍വലിച്ചതിന് ശേഷം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുന്ന എന്‍പിഎഫ്എഎം (നാഷണല്‍ പോളിസി ഫ്രെയിം വര്‍ക്ക് ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ്) അതിന്റെ ഭാഗമാണ്. ഇന്ത്യയിലെ കര്‍ഷകര്‍, ഗവണ്‍മെന്റിന്റെ നീക്കങ്ങള്‍ക്കെതിരെ ഇപ്പോള്‍തന്നെ ശക്തമായി രംഗത്തുണ്ട്. നരേന്ദ്രമോഡി ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത് അമേരിക്ക – ഇന്ത്യ വ്യാപാരം 500 ബില്യന്‍ ഡോളര്‍ ആയി വര്‍ധിപ്പിക്കുക എന്നതാണ്. നരേന്ദ്രമോഡിയുടെ ഇപ്പോഴത്തെ അമേരിക്കന്‍ സന്ദര്‍ശനത്തോടെ ഇന്ത്യന്‍ കാര്‍ഷിക വിപണി അമേരിക്കയുടെ കയ്യില്‍ അമരും.
രാജ്യത്തെ കര്‍ഷകരുടെ നടുവൊടിക്കുന്ന നീക്കത്തിനെതിരെ രാജ്യത്തെ കര്‍ഷകര്‍ ശക്തമായി രംഗത്തുവരുന്നുണ്ട്. ഇന്ത്യന്‍ വിപണി അമേരിക്കന്‍ കമ്പനികള്‍ക്കും വിദേശ കമ്പനികള്‍ക്കുമായി തുറന്നുകൊടുക്കുന്നതിന് ഒരിക്കലും അനുവദിച്ചുകൂടാ. ഇന്ത്യയിലെ കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന നയത്തിനെതിരായി രാജ്യത്തെ കര്‍ഷകരും വിവിധ വിഭാഗം ജനങ്ങളും രംഗത്തുവരികയാണ്. അതാണ് രാജ്യം ഇന്ന് കാണുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.