22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

കേരള വികസനം അട്ടിമറിക്കാൻ മോഡിയുടെ ശ്രമം: കെ സലിംകുമാർ

Janayugom Webdesk
മാങ്കുളം
February 9, 2024 4:06 pm

കേരളത്തിലെ ഇടതുജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ അട്ടിമറിക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബോധപൂർവ്വംശ്രമിക്കുകയാണെന്ന് സിപിഐ ജില്ല സെക്രട്ടറി കെ സലിം കുമാർ പറഞ്ഞു. ഡൽഹിയിൽ ജന്തർ മന്ദിറിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം കേന്ദ്ര അവഗണനയ്ക്കെതിരെ നടത്തിയ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാങ്കുളത്ത് നടന്ന എൽഡിഎഫ് ബഹുജനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ചരിത്രത്തിൽ ഉണ്ടാവാത്ത വിധമുള്ള വികസന ക്ഷേമ പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കി വരുന്നത്. ഇതിനെ അട്ടിമറിക്കാൻ യുഡിഎഫ് നടത്തുന്ന ശ്രമത്തോട് ഒപ്പം ചേർന്ന് ബിജെപിയും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിനവകാശപ്പെട്ട പദ്ധതിവിഹിതം തടഞ്ഞുവെച്ചിരിക്കുന്നത്. കേരളം സമർപ്പിച്ച പല പദ്ധതികൾക്കും അനുമതി നിഷേധിച്ചതും ഇതിന്റെ ഭാഗമായാണ്. സിൽവർ ലൈൻ പോലെയുള്ള നൂതന പദ്ധതികൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ബിജെപിക്കാർ പരസ്യമായി പറഞ്ഞു നടക്കുകയാണ്. ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലയുടെ വികസനത്തിന് വഴി തുറക്കുന്ന ശബരി റെയിൽപദ്ധതിക്ക് പത്ത് വർഷമായിട്ടും മോഡി സർക്കാർ പച്ചക്കൊടി കാണിക്കുന്നില്ല. കേളയീരുടെ കണ്ണിൽ പൊടിയിടാൻ ബജറ്റ് പ്രഖ്യാപനത്തിലൂടെ നാമമാത്രമായ വിഹിതം അനുവദിക്കുന്നതല്ലാതെ ഭൂമി ഏറ്റെടുക്കലിനോ റെയിൽപാത നിർമ്മിക്കുന്നതിനോ ഒരു നടപടിയും റെയിൽ വേ മന്ത്രാലയം സ്വീകരിക്കുന്നില്ല. പദ്ധതിയുടെ നിർമാണ ചെലവിന്റെ പകുതി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ട് പോലും കേന്ദ്ര സർക്കാർ അനങ്ങുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി പദ്ധതികളും തുകയും അനുവദിക്കുമ്പോഴും കേരളത്തെ പൂർണ്ണമായി അവഗണിക്കുകയാണ്. എയിംസ് പോലുള്ള പദ്ധതികൾക്ക് സ്ഥലം കണ്ടെത്തി നൽകിയിട്ട് പോലും കേന്ദ്രം അനുവദിക്കുന്നില്ല. സംസ്ഥാന സർക്കാരിനെ ശ്വാസം മുട്ടിച്ച് വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനാണ് അവരുടെ ശ്രമം. കേരള ജനത ഇത് തിരിച്ചറിഞ്ഞ് വരുന്ന തെരഞ്ഞെടുപ്പിൽ മോഡിക്കും കൂട്ടർക്കും ശക്തമായ തിരിച്ചടി നൽകും. 

മഹാനായ അംബേദ്ക്കർ ഉൾപ്പെടെയുള്ളവർ ഭരണഘടന തത്വങ്ങളിൽ ഫെഡറലിസത്തിന് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങൾ കൂടി വികസിക്കുമ്പോഴാണ് രാജ്യത്തിന്റെ വികസനം ഉണ്ടാകുക എന്ന് മുൻകൂട്ടി കണ്ടാണ് ഭരണഘടന ശിൽപികൾ സംസ്ഥാനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പ്രത്യേകം രേഖപ്പെടുത്തിയത്. എന്നാൽമോഡിയും കൂട്ടരും ഫെഡറലിസത്തെ മാത്രമല്ല ഭരണഘടനയെ അപ്പാടെ തള്ളിക്കളയുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്. മതേതര രാഷ്ട്രമായ ഇന്ത്യയെ ഒരു മതരാഷ്ട്രമായി മാറ്റിയെടുക്കാനാണ് അവരുടെ ശ്രമം. അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തിയതു പോലും വർഗീയത ഇളക്കി വോട്ട് തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഏകീകൃത സിവിൽ നിയമം നടപ്പാക്കിയതിന്റെ ചുവട് പിടിച്ച് രാജ്യമൊട്ടാകെ ഈ നിയമം കൊണ്ടുവരാനുള്ള ശ്രമമാണ് ബിജെപിയും സംഘപരിവാറും അണിയറയിൽ നടത്തുന്നതെന്നും സലിംകുമാർ പറഞ്ഞു. 

Eng­lish Sum­ma­ry: Mod­i’s attempt to sab­o­tage Ker­ala devel­op­ment: K Salimkumar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.