20 January 2026, Tuesday

Related news

January 17, 2026
January 6, 2026
January 4, 2026
December 31, 2025
December 19, 2025
December 19, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025

മോഡിയുടെ ക്രിസ്മസ് ആഘോഷം: തങ്ങളുടെ പേരില്‍ വേണ്ടെന്ന് വിശ്വാസികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 5, 2024 11:34 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡി ആതിഥേയത്വം വഹിച്ച ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്ത സമുദായ നേതാക്കൾക്കെതിരെ മൂവായിരത്തിലധികം ക്രിസ്തീയ വിശ്വാസികളുടെ പ്രതിഷേധം. റോമൻ കത്തോലിക്കാ സഭയുടെ ഇന്ത്യൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ഡൽഹി ബിഷപ്പ് പോൾ സ്വരൂപ് എന്നിവരുൾപ്പെടെ 100 പേരാണ് മോഡിയുടെ വിരുന്നിൽ പങ്കെടുത്തത്. ഇത് തങ്ങളുടെ പേരില്‍ വേണ്ടായിരുന്നുവെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

2014 മുതൽ ഇന്ത്യയിലെ ക്രിസ്ത്യാനികൾ ബോധപൂര്‍വമായ ആക്രമണങ്ങൾക്കും അപഹാസ്യങ്ങള്‍ക്കും വിധേയരാവുകയാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നടപ്പിലാക്കിയ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ സമുദായത്തിനെതിരായ വിവേചനപരമായ ഉപകരണമായി ഉപയോഗിച്ചിട്ടുണ്ടെന്നും പ്രസ്താവന പറയുന്നു. കഴിഞ്ഞ മേയ് മൂന്നിന് മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമങ്ങളും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു. ആർക്കെങ്കിലും വിരുന്ന് നൽകുക എന്നത് പ്രധാനമന്ത്രിയുടെ അവകാശമാണെങ്കിലും ക്രിസ്ത്യാനികൾക്ക് നേരെയുള്ള ഒരു ആക്രമണത്തെപ്പോലും അദ്ദേഹം അപലപിച്ചിട്ടില്ലാത്തപ്പോൾ ഈ സ്വീകരണത്തിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്.

യേശുക്രിസ്തുവിനെ സ്തുതിക്കുകയും ക്രിസ്ത്യൻ സമൂഹത്തിന്റെ സേവനങ്ങളെക്കുറിച്ച് വാചാലനാകുകയും ചെയ്യുമ്പോൾ, രാജ്യത്തെ ക്രിസ്ത്യാനികളുടെ ഇന്നത്തെ അവസ്ഥയിൽ അദ്ദേഹം പശ്ചാത്താപമോ സഹാനുഭൂതിയോ പങ്കുവച്ചില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ക്ഷണം നിരസിക്കാൻ സമുദായ നേതാക്കള്‍ മുതിരണമായിരുന്നെന്നും ജനുവരി നാലിന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.

തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍, വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരായ എം ജി ദേവസഹായം, ജോൺ ഷിൽസി, അഭിഭാഷകന്‍ ഫ്ലാവിയ ആഗ്നസ് എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. മണിപ്പൂരിൽ നിരവധി പള്ളികൾ അഗ്നിക്കിരയാക്കിയ അതേവർഷം പ്രധാനമന്ത്രി മോഡി തന്റെ വസതിയിൽ ക്രിസ്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി വിരുന്നു നടത്തിയത് വിരോധാഭാസമാണെന്ന് സാമൂഹ്യ പ്രവർത്തകരായ അപൂർവാനന്ദ്, ജോൺ ദയാൽ, ശബ്‌നം ഹാഷ്മി, മിനാക്ഷി സിങ്, മേരി സ്കറിയ, എ സി മൈക്കിൾ എന്നിവർ കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Mod­i’s Christ­mas celebration
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.