
2002 ൽ നടന്ന ഗുജറാത്തിലെ മുസ്ലിം വംശഹത്യയിൽ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് സ്ഥാപിയ്ക്കുന്ന ഡോക്യുമെന്ററിക്ക് അടിസ്ഥാനമായത് ബ്രിട്ടീഷ് സർക്കാർ നേരിട്ടു നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടെന്ന് ബിബിസി. ഇതുവരെ പ്രസിദ്ധീകരിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത ഈ റിപ്പോർട്ട് ആധാരമാക്കിയാണ് ഡോക്യുമെന്ററി ചെയ്തതെന്നാണ് ബിബിസിയുടെ വെളിപ്പെടുത്തല്‍.
വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മോഡിയെ പിന്തുണച്ച് മറുപടി നല്‍കി. എന്നാല്‍ ഇതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യന്‍ സര്‍ക്കാരിന് അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ പ്രതികരിച്ചില്ലെന്നും ബിബിസി വക്താവ് അറിയിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് ബിബിസി യുകെയിൽ ഡോക്യുമെന്ററിയുടെ ആദ്യഭാഗം സംപ്രേഷണം ചെയ്തത്. ഗുജറാത്ത് സംഭവങ്ങളിൽ ആശങ്കാകുലരായ യുകെ സര്‍ക്കാര്‍ അന്വേഷണത്തിന് തീരുമാനിക്കുകയായിരുന്നുവെന്ന് മുൻ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ ഡോക്യുമെന്ററിയിൽ പറയുന്നു. “ഒരു അന്വേഷണം ഏർപ്പെടുത്തി. ഒരു സംഘം ഗുജറാത്തിൽ നേരിട്ടെത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കി’’-അദ്ദേഹം പറയുന്നു. റിപ്പോർട്ടിന്റെ ഭാഗങ്ങൾ ഡോക്യുമെന്ററിയിൽ പലതവണയായി കാണിക്കുന്നുമുണ്ട്.
മുസ്ലിം സ്ത്രീകൾക്കെതിരെ വ്യാപകവും ആസൂത്രിതവുമായ ബലാത്സംഗം നടന്നുവെന്ന് റിപ്പോർട്ടിലുണ്ട്. ഹിന്ദുമേഖലകളിൽ നിന്ന് മുസ്ലിങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാപം നടന്നതെന്നും ആ നിർദേശം മോഡിയിൽ നിന്നാണ് വന്നത് എന്നും ഡോക്യുമെന്ററി ആരോപിക്കുന്നുണ്ട്. അക്രമത്തിൽ 2000 പേരെങ്കിലും കൊല്ലപ്പെട്ടു. ഭൂരിപക്ഷവും മുസ്ലിങ്ങളായിരുന്നു. ആസൂത്രിതവും രാഷ്ട്രീയവുമായ ഒരു വംശഹത്യയെന്നാണ് അതിനെ വിശേഷിപ്പിച്ചത്. ’’ എന്ന് ഒരു മുൻ ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ഡോക്യുമെന്ററിയിൽ പറയുന്നു.
അതേസമയം ‘അപമാനിക്കാനായി മനഃപൂര്‍വം രൂപകല്പന ചെയ്ത ഒരു പ്രചരണമാണ് വീഡിയോ എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പക്ഷപാതവും വസ്തുതയുടെ അഭാവവും കൊളോണിയൽ ആഭിമുഖ്യവും പ്രകടമാണെന്നാണ് മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞത്. 2019ൽ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷമുള്ള മോഡി സർക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം 24ന് പുറത്തിറങ്ങും.
English Summary:Modi’s Role in Gujarat Genocide; The documentary is based on an intelligence report
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.