
വംശീയ കലാപത്തില്‍ മുന്നൂറിലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ പലായനം ചെയ്യുകയും ചെയ്ത രണ്ടര വര്‍ഷക്കാലം തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒടുവില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചു.
കലാപം വരുത്തിവച്ച നിരവധി പ്രശ്നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്ന അവസരത്തിലാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മോഡി സംസ്ഥാനം സന്ദര്‍ശിച്ചത്. മെയ്തി- കുക്കി കലാപത്തോടെ രണ്ടായി വിഭജിക്കപ്പെട്ട മണിപ്പൂരില്‍ മോഡിയുടെ സന്ദര്‍ശനം ഇപ്പോഴും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്ന സുപ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്തില്ല എന്നുള്ളതും ശ്രദ്ധേയമായിരുന്നു.
കലാപം ആരംഭിച്ച നാള്‍ മുതല്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും അക്രമികള്‍ കൊള്ളയടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും ഇപ്പോഴും തിരിച്ചെത്തിയില്ലെന്നുള്ളതാണ് ഏറ്റവും പ്രധാനം. എകെ 47 മുതൽ മോർട്ടാറുകൾ വരെയുള്ള ആറായിരത്തിലധികം അത്യാധുനിക ആയുധങ്ങൾ 2023 മേയ് മാസം മുതല്‍ കൊള്ളയടിക്കപ്പെട്ടു. എന്നാല്‍ നാളിതുവരെയായിട്ടും ഈ ആയുധങ്ങളിൽ ഭൂരിഭാഗവും തിരിച്ചെത്തിക്കാന്‍ സാധിച്ചിട്ടില്ല. വംശീയ കലാപത്തില്‍ ഇരകളായ, പ്രത്യേകിച്ച് കുക്കി സമുദായ അംഗങ്ങള്‍ക്ക് നീതി ലഭ്യമായില്ല. ഗുരുതര ക്രിമിനല്‍ കേസിലെ അടക്കം പ്രതികളെ ശിക്ഷിക്കാന്‍ ഇതുവരെ സാധിക്കാത്തത് ഗുരുതര വീഴ്ചയായി വിലയിരുത്തുന്നു. സ്ത്രീകളെയും കുട്ടികളെയും മാനഭംഗപ്പെടുത്തിയ കേസുകളിലെ പ്രതികള്‍ പുറത്ത് വിലസുന്നത് ഭരണകൂടവീഴ്ചയുടെ ഉദാഹരണമാണ്.
വംശീയമായി വിഭജിക്കപ്പെട്ട സംസ്ഥാനത്ത് മെയ്തികള്‍ ഇംഫാല്‍ താഴ്‌വരയിലും കുക്കികള്‍ കുന്നുകളിലുമായി ഇതിനകം അതിര്‍ത്തി വേലികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കുക്കികളുടെ സ്വയംഭരണാവകാശം എന്ന മുറവിളി ഇപ്പോഴും മറ്റൊരു പ്രതിസന്ധിയായി നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ്ങിന്റെ വിവാദ ഓഡിയോ ടേപ്പ് സംബന്ധിച്ച കേസും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. സ്വതന്ത്ര സഞ്ചാര വ്യവസ്ഥയും അതിര്‍ത്തി നിര്‍മ്മാണവും സംസ്ഥാനത്തെ ജനങ്ങളെ ഇപ്പോഴും വിടാതെ പിന്തുടരുന്ന പ്രശ്നമാണ്. നാഗ കരാര്‍ നടപ്പിലാക്കല്‍ , പോപ്പികൃഷി പ്രതിസന്ധി, ഇന്റര്‍നെറ്റ് റദ്ദാക്കല്‍, പുനരധിവാസ പ്രവര്‍ത്തനം എന്നിവയിലും നാളിതുവരെ പരിഹാരം കാണാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.